തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ദിവസം ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും കൊവിഡ് വ്യാപനത്തിന് കാരണമാവും എന്ന ആശങ്കയെ ബിജെപി ഗൗരവമായാണ് കാണുന്നത്. ഈ കാര്യത്തിൽ സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളണം. മെയ് രണ്ടിന് പാർട്ടി പ്രവർത്തകർ കൂട്ടംകൂടി നിൽക്കരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡിനെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
വോട്ടെണ്ണൽ ദിവസത്തെ എല്ലാ ആഹ്ളാദപ്രകടനങ്ങളും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ദിവസങ്ങളിലും നിരോധനം നിലനിൽക്കും. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കഴിഞ്ഞ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾക്ക് തീരുമാനം ബാധകമായിരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
അതേസമയം രോഗവ്യാപനം തടയുന്നതിനായി ഇന്നുമുതൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ബാറുകൾ, വിദേശമദ്യ വിൽപന കേന്ദ്രങ്ങൾ, സിനിമ തിയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. വിവാഹ ചടങ്ങുകളിൽ പരമാവധി 50 പേരും, മരണാനന്തര ചടങ്ങുകളിൽ 20 പേരും മാത്രമേ പങ്കെടുക്കാവൂ. അന്യ സംസ്ഥാന തൊഴിലാളികൾക്കായി കൺട്രോൾ റൂം തുറന്നിട്ടുണ്ട്.