travel-ban

സിഡ്നി: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച് ആസ്‌ട്രേലിയ. മേയ് 15 വരെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ആസ്‌ട്രേലിയയിൽ ഇറങ്ങാൻ അനുവദിക്കില്ല. അതേ സമയം ഇന്ത്യയിൽ നിന്ന് നേരിട്ടല്ലാതെ എത്തുന്ന വിമാനങ്ങൾ ദോഹ, സിംഗപ്പൂർ, കോലാലംപൂർ എന്നിവിടങ്ങളിൽ തദ്ദേശ സർക്കാറുകളുമായി ഇടപെട്ട് സർവീസ് നിർത്തിവയ്ക്കുമെന്നും ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു. പൗരന്മാരുടെസുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആസ്‌ട്രേലിയക്ക് പുറമേ കാനഡ, യുഎഇ, ബ്രിട്ടൺ, ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഇന്ത്യയ്ക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയോടൊപ്പമുണ്ടെന്നും എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും മോറിസൺ പറഞ്ഞു. ആവശ്യമായ മെഡിക്കൽ സാമഗ്രികൾ ഇന്ത്യയിലേക്ക് ആസ്‌ട്രേലിയ അയച്ചിട്ടുണ്ട്. ഇതിന് പുറമേ 500 വെന്റിലേറ്ററുകൾ, 1 ദശലക്ഷം സർജിക്കൽ മാസ്‌ക്, ഒരു ലക്ഷം ഗൂഗിൾസ്, ഒരു ലക്ഷം ജോഡി കൈയ്യുറകൾ, 20000 ഫേയിസ് ഷീൽഡുകൾ എന്നിവയും അയക്കും.

അതേ സമയം ഐപിഎല്ലിൽ കളിക്കുന്ന ആസ്‌ട്രേലിയൻ കളിക്കാരെ തിരികെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം അയക്കില്ലെന്ന് പ്രധാനമന്ത്രിപറഞ്ഞു. ഓസീസ് താരങ്ങളെ തിരികെ നാട്ടിലെത്തിക്കാൻ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തണമെന്ന മുംബൈ ഇന്ത്യൻസിന്റെ ഓസീസ് താരം ക്രിസ് ലിൻ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആസ്‌ട്രേലിയൻ ടീമിന്റെ പര്യടനത്തിന്റെ ഭാഗമായല്ല അവർ പോയത്, സ്വന്തംനിലയ്ക്കാണ്. അതുകൊണ്ടുതന്നെ അതേ മാർഗത്തിലൂടെ അവർ ആസ്‌ട്രേലിയയിൽ തിരികെയെത്തുമെന്നാണ് കരുതുന്നതെന്നും മോറിസൺവ്യക്തമാക്കി.