തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് കാല കർശന നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളത്തിൽ ജനിതക വ്യതിയാനമുളള വൈറസുകൾ പെരുകുകയാണ്. ഇതിനെത്തുടർന്ന് വിമാനത്താവളങ്ങളിലും റെയിൽവെ സ്‌റ്റേഷനുകളിലും പരിശോധന ശക്തമാക്കും. കുറിച്ചുളള റിസ്‌ക് അസസ്‌മെന്റ് പഠനം രോഗവ്യാപന സാദ്ധ്യത, മരണസാദ്ധ്യത, വാക്‌സിനെ മറികടക്കാനുളള കഴിവ് എന്നിവ പഠന വിധേയമാക്കുന്നു. ഇതനുസരിച്ച് രോഗവ്യാപന സാദ്ധ്യത വർദ്ധിക്കുന്നതായാണ് കണ്ടെത്തിയത്. സംസ്ഥാനത്ത് നിലവിൽ കൊവിഡ് ബാധിച്ച് രണ്ട് ലക്ഷത്തിലധികം കൊവിഡ് രോഗികളുണ്ട്. ഇന്ന് കോഴിക്കോട് അയ്യായിരത്തിലധികം പേർ രോഗബാധിതരായി. തൃശൂർ ജില്ലയിൽ വരുന്ന നാല് ദിവസത്തിനുളളിൽ രോഗികൾ ഇരട്ടിയാകുമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
സംസ്ഥാനത്ത് വാക്‌സിനേഷൻ കൂട്ടും. ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ പ്രത്യേക നോഡൽ ഓഫീസറെ നിയമിച്ചു. മാസ്‌ക് ധരിക്കുന്നതിൽ ജാഗ്രത പുലർത്തണം. എൻ 95 മാസ്‌കാണ് അഭികാമ്യം അതല്ലെങ്കിൽ ഇരട്ട മാസ്‌ക് ധരിക്കുന്ന രീതി പിൻതുടരണമെന്ന് മുഖ്യമന്ത്രി ഇന്നും ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് വാക്‌സിനെ കുറിച്ച് പരാതികളുണ്ട്. 3,68,000 ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് നിലവിലുളളത്. ഡിമാന്റിനനുസരിച്ച് വാക്‌സിൻ ലഭ്യമല്ലാത്തതാണ് പരാതി ഉയരാൻ കാരണം. കൂടുതൽ ഡോസുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരമാവധി ആളുകൾ വാക്‌സിൻ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് മെഡിക്കൽ ഓക്‌സിജൻ ഉൽപാദനം വർദ്ധിപ്പിക്കും. എറണാകുളത്ത് ഓക്‌സിജൻ ഉൽപാദനം കൂട്ടി. ബി.പി.സി.എൽ 20 ശതമാനം ഉൽപാദനം കൂട്ടും. ആശുപത്രികളിൽ ഓക്‌സിജൻ ബെഡുകൾ വർദ്ധിപ്പിക്കും. ഇ.എസ്.ഐ ആശുപത്രികളിലെ ബെഡ് ഓക്‌സിജൻ ബെഡാക്കും. ആവശ്യമായ ബഫർ സ്‌റ്റോക്ക് ഉണ്ടാക്കും. ജയിലുകളിൽ രോഗം പെരുകുന്നതിനാൽ തടവുകാർക്ക് പരോൾ നൽകാൻ ആലോചിക്കുന്നു. കൊവിഡ് ബ്രിഗേഡിൽ ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറവ് കാണുന്നുണ്ട്. എല്ലാവരും കൊവിഡ് ബ്രിഗേഡിൽ ചേരാൻ തയ്യാറാകണമെന്നും നിലവിൽ 13625 പേരാണ് ഇതിന്റെ ഭാഗമായിട്ടുളളതെന്നും മുഖ്യമന്ത്രി അറിയിച്ചു.