കാഠ്മണ്ഡു: ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുമ്പോൾ കൂടുതൽ രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തുന്നു. ഗൾഫ് രാജ്യങ്ങളുടെ വിലക്കിനെ തുടർന്ന് നേപ്പാൾ വഴി ഗൾഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികൾക്ക് തിരിച്ചടി. നേപ്പാൾ വഴി ഇന്ത്യക്കാർ ഗൾഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാൾ വ്യക്തമാക്കി. നാളെ രാത്രി മുതൽ ഇത്തരത്തിലുള്ള യാത്രകൾ തടയുമെന്ന് നേപ്പാൾ വ്യക്തമാക്കി. വിദേശരാജ്യങ്ങളിലേക്ക് പോകാൻ നേപ്പാളിൽ എത്തിയ മുഴുവൻ ഇന്ത്യാക്കാരും രാജ്യം വിടണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. പുതിയ പ്രഖ്യാപനത്തെ തുടർന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നേപ്പാളിൽ കുടുങ്ങിയിരിക്കുന്നത്. വിദേശികൾക്ക് കൊവിഡ് പരിശോധന നടത്തുന്നത്
നേപ്പാൾ ഭരണകൂടം കഴിഞ്ഞ ദിവസം നിറുത്തിവച്ചിരുന്നു. നേപ്പാളിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ,നേപ്പാളിൽ സ്ഥിരതാമസക്കാരായ വിദേശികൾ എന്നിവർക്ക് മാത്രം ആർടിപിസിആർ പരിശോധനകൾ പരിമിതപ്പെടുത്താനാണ് സർക്കാർനീക്കം.
ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രവാസികൾ കൂട്ടത്തോടെ നേപ്പാൾ വഴി ഗൾഫിലേക്കുള്ള യാത്ര തിരഞ്ഞെടുത്തത്.14 ദിവസം നേപ്പാളിൽ താമസിച്ച ശേഷം അവിടെ നിന്ന് കൊവിഡ് പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി യാത്ര ചെയ്യാമായിരുന്നു.
എന്നാൽ, മറ്റൊരു രാജ്യത്തേക്ക് പോകാൻ വേണ്ടി കൂട്ടത്തോടെ ഇന്ത്യാക്കാർ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് നേപ്പാൾ പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.