പാരീസ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ആദ്യ പാദ സെമിഫൈനലിൽ ഇന്ന് ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയും ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടുന്നു. പാരീസിന്റെ ഹോംഗ്രൗണ്ടിലാണ് ആദ്യ പാദ മത്സരം.കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനോട് ഫൈനലിൽ തോറ്റവരാണ് പി.എസ്.ജി. ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും ലക്ഷ്യമിടുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ്,ആർ.ബി ലെയ്പ്സിഗ്,ബസ്തഗീർ എന്നിവരടങ്ങിയ എച്ച് ഗ്രൂപ്പിൽ ആറിൽ നാലുകളികളും ജയിച്ച് ഒന്നാമന്മാരായാണ് പി.എസ്.ജി ഇക്കുറി ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലേക്ക് എത്തിയത്.
പ്രീ ക്വാർട്ടറിൽ സൂപ്പർ ക്ളബ് ബാഴ്സലോണയെ ആദ്യ പാദത്തിൽ 4-1ന് തകർത്തുവിട്ടു.രണ്ടാം പാദത്തിൽ 1-1ന് സമനില വഴങ്ങി.
ക്വാർട്ടറിൽ കഴിഞ്ഞ ഫൈനലിൽ തങ്ങളെ തോൽപ്പിച്ച ബയേൺ മ്യൂണിക്കിനോട് പ്രതികാരം വീട്ടി. ആദ്യ പാദത്തിൽ പാരീസിന് 3-2ന്റെ വിജയം. രണ്ടാം പാദത്തിൽ ബയേൺ 1-0ത്തിന് ജയിച്ചെങ്കിലും എവേ ഗോൾ മികവിൽ പാരീസ് സെമിയിൽ.
സൂപ്പർ താരങ്ങളായ നെയ്മർ,കിലിയൻ എംബപ്പേ,ഏൻജൽ ഡി മരിയ,യൂലിയൻ ഡ്രാക്സിലർ,കിംബപ്പെ,കെയ്ലർ നവാസ് തുടങ്ങിയവരാണ് പാരീസിന്റെ കുന്തമുനകൾ.
ടോട്ടൻഹാമിന്റെ പഴയ പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റീനോയാണ് ഈ സീസണിൽ പാരീസിനെ പരിശീലിപ്പിക്കുന്നത്.
എഫ്.സി പോർട്ടോ,മാഴ്സെ,ഒളിമ്പ്യാക്കോസ് എന്നിവർകൂടി മത്സരിച്ച സി ഗ്രൂപ്പിൽ ഒറ്റക്കളിപോലും തോൽക്കാതെ ഒന്നാമതെത്തിയാണ് മാഞ്ചസ്റ്റർ സിറ്റി ഈ സീസൺ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലെത്തിയത്.
പ്രീ ക്വാർട്ടറിന്റെ ഇരു പാദങ്ങളിലും ജർമ്മൻ ക്ളബ് ബൊറൂഷ്യ മോൺഷെംഗ്ളാബാഷിനെ 2-0 എന്ന സ്കോറിന് കീഴടക്കി.
ക്വാർട്ടർ ഫൈനലിൽ മറ്റൊരു ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ ആദ്യ പാദത്തിലും രണ്ടാം പാദത്തിലും തോൽപ്പിച്ചത് 2-1 എന്ന മാർജിനിൽ.
കെവിൻ ഡി ബ്രുയാൻ,ഫിൽ ഫോഡൻ എന്നിവരുടെ ഉജ്ജ്വല ഫോമാണ് സിറ്റിയുടെ കരുത്ത്. റിയാദ് മഹ്റേസ്,സ്റ്റോൺസ്,കൈൽ വാക്കർ തുടങ്ങിയവരും സംഘത്തിലുണ്ട്.
ബാഴ്സലോണയെ രണ്ട് വട്ടം ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ പെപ് ഗ്വാർഡിയോളയാണ് മാഞ്ചസ്റ്റർ സിറ്റി കോച്ച്