വടക്കാഞ്ചേരി: വീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്ത സഹോദരങ്ങളെയും മാതാവിനെയും സാമൂഹിക വിരുദ്ധർ ക്രൂരമായി മർദ്ദിച്ചതായി പരാതി. വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള അരിമ്പൂർ വീട്ടിൽ അജോ ജോസ് (41), സേവ്യർ (38) , റോസ്ലി ജോസ് (69) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ രാത്രിയിൽ ഒമ്പതോടെയായിരുന്നു സംഭവം. വീടിന് പുറത്ത് വാഹനങ്ങളിലെത്തിയ നാലംഗസംഘം മദ്യപിക്കുന്നതു കണ്ട ഇളയസഹോദരൻ സേവ്യർ വിഷയം ചോദ്യം ചെയ്തതാണ് സംഭവത്തിന് വഴിവെച്ചത്. ഇരുമ്പ് കൊണ്ടുള്ള ആയുധം കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ച ശേഷവും സംഘം ആക്രമണം തുടർന്നു. നിലവിളി കേട്ട് വീട്ടിൽ നിന്നും ഓടിയെത്തിയ സഹോദരൻ അജോ ജോസിനെയും മാതാവായ റോസ്ലിയെയും അക്രമികൾ വെറുതെ വിട്ടില്ല. വീടിനടുത്തുള്ള ആക്രിക്കട പരിസരത്തു നിന്നും ലഭിച്ച ബിയർ ബോട്ടിൽ പൊട്ടിച്ച് അജോയുടെ കഴുത്തിൽ കുത്തിപ്പരിക്കേൽപിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തടയാൻ ശ്രമിച്ച വയോധികയുടെ കണ്ണിനും പ്രഹരമേൽപിച്ചു. നിലവിളി കേട്ട് അയൽവാസികൾ എത്തുന്നതിന് മുമ്പ് അക്രമിസംഘം വാഹനങ്ങളിൽ രക്ഷപ്പെട്ടുവെന്നും വീട്ടുകാർ പറഞ്ഞു. നാട്ടുകാർ ഉടനെ സഹോദരങ്ങളെയും മാതാവിനെയും ആശുപത്രിയിലെത്തിച്ചു. വിഷയം ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയതായും വീട്ടുകാർ അറിയിച്ചു.
അതേസമയം വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റ് പരിസരം കഞ്ചാവ് മാഫിയയുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറുകയാണെന്ന ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നു. പുതിയ മേൽപ്പാലം വന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിറുത്തിവെച്ച് റെയിൽവെ അധികൃതർ വഴി അടച്ച് കെട്ടിയിരുന്നു. ഇതോടെ രാത്രിയുടെ മറവിൽ മദ്യപസംഘങ്ങളും കഞ്ചാവ് ലോബികളും ഇവിടെ തമ്പടിക്കുകയാണെന്നും നാട്ടുകാർ പരാതി പറയുന്നു.