ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തിന് ദേശീയ നയം സംബന്ധിച്ച് 32-ാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് സ്വമേധയാ കേസെടുത്തതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഇത് ഹൈക്കോടതികളിലെ സമാന കേസുകൾ തട്ടിയെടുക്കാനോ, അവയ്‌ക്ക് പകരമോ അല്ല. സമാന വിഷയങ്ങളിൽ എടുത്ത കേസുകളിൽ നിന്ന് ഹൈക്കോടതികൾ പിൻവാങ്ങേണ്ടതില്ല. ഓരോ സംസ്ഥാനത്തെയും മഹാമാരിയുടെ സ്ഥിതി കൂടുതൽ ഫലപ്രദമായി നിരീക്ഷിക്കാൻ കഴിയുക ഹൈക്കോടതികൾക്കാണ്. അതിന് പൂരകമായി മാത്രമേ സുപ്രീംകോടതി പ്രവർത്തിക്കുന്നുള്ളൂ. എന്നാൽ പ്രാദേശിക പരിധികൾക്കുള്ളിൽ ഒതുങ്ങാത്ത ചില പ്രശ്നങ്ങളുണ്ട്. സംസ്ഥാനങ്ങളുടെ ഏകോപനം ആവശ്യമുള്ള ചില ദേശീയ പ്രശ്നങ്ങളിൽ സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യമായി വരും. അത്തരം ഇടപെടൽ ശരിയായ കാഴ്ചപ്പാടിൽ കാണണം. പ്രാദേശിക പരിമിതികൾ കാരണം ഹൈക്കോടതികൾക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങളിൽ സുപ്രീംകോടതി സഹായിക്കാമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
കോടതി സ്വമേധയാ കേസെടുത്തതിനെ ചില സീനിയർ അഭിഭാഷകർ വിമർശിച്ച പശ്ചാത്തലത്തിൽ ബെഞ്ചിന്റെ ഈ നിലപാട് ശ്രദ്ധേയമായി.
മുൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് എടുത്ത കേസ് പുതിയ ചീഫ് ജസ്റ്റിസ് എൻ.വി. രമണ നേരിട്ട് കേൾക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കൈമാറുകയായിരുന്നു.