ipl-rcb

ബാംഗ്ളൂർ 171/7, എ.ബി ഡിവില്ലിയേഴ്സിന് അർദ്ധസെഞ്ച്വറി(42 പന്തുകളിൽ 75 റൺസ് )

ഡൽഹി ക്യാപിറ്റൽസ് 170/4,റിഷഭിനും (58*) ഹെട്മേയർക്കും (53*) അർദ്ധ സെഞ്ച്വറി

അഹമ്മദാബാദ് : അവസാന പന്തിൽ സിക്സടിച്ചാൽ ജയിക്കാമായിരുന്ന മത്സരത്തിൽ ഒറ്ററൺസിന് തോറ്റ് ഡൽഹി ക്യാപിറ്റൽസ്. ഇന്നലെ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെതിരായ ഐ.പി.എൽ മത്സരത്തിലാണ് റിഷഭ് പന്തിനെയും കൂട്ടരെയും ദുർവിധി വേട്ടയാടിയത്. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ളൂർ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 171 റൺസ് നേടിയത്. അവസാന സമയത്ത് 42 പന്തുകളിൽ മൂന്ന് ഫോറും അഞ്ചു സിക്സുമടക്കം 75 റൺസുമായി കത്തിപ്പടർന്ന എ.ബി ഡിവില്ലിയേഴ്സാണ് വിരാടിന്റെ ടീമിനെ മാന്യമായ നിലയിലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ഡൽഹിക്ക് 170/4 എന്ന സ്കോറിലേ എത്താനായുള്ളൂ. ശിഖർ ധവാൻ (6),സ്റ്റീവൻ സ്മിത്ത് (4), പൃഥ്വി ഷാ (21), സ്റ്റോയ്നിസ് (22)എന്നിവർ പുറത്തായ ശേഷം ക്രീസിൽ ഒരുമിച്ച റിഷഭ് പന്തും (48 പന്തുകളിൽ ആറു ഫോറടക്കം പുറത്താകാതെ 58 റൺസ്),ഷിമ്രോൺ ഹെട്മേയറും (25 പന്തുകളിൽ രണ്ട് ഫോറും നാലു സിക്സുമടക്കം 53 റൺസ് ) അവസാന പന്തുവരെ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.

സീസണിലെ അഞ്ചാം വിജയത്തോടെ 10 പോയിന്റുമായി ബാംഗ്ളൂർ ഒന്നാം സ്ഥാനം വീണ്ടെടുത്തു. ആറുകളികളിൽ രണ്ടാം തോൽവി വഴങ്ങിയ ഡൽഹി എട്ടു പോയിന്റുമായി മൂന്നാമതുണ്ട്.