sensex

കൊച്ചി: കൊവിഡ് വ്യാപനം സംബന്ധിച്ച ആശങ്ക തുടരുകയാണെങ്കിലും ബാങ്കിംഗ്, ലോഹ ഓഹരികളിലുണ്ടായ മികച്ച വാങ്ങൽ ട്രെൻഡിന്റെ കരുത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെയും മികച്ച നേട്ടം കൊയ്‌തു. 558 പോയിന്റ് ഉയർന്ന് സെൻസെക്‌സ് 48,944ലും നിഫ്‌റ്റി 168 പോയിന്റ് നേട്ടവുമായി 14,653ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്‌ച സെൻസെക്‌സ് 508 പോയിന്റും നിഫ്‌റ്റി 143 പോയിന്റും ഉയർന്നിരുന്നു.

എൽ ആൻ‌ഡ് ടി., ബജാജ് ഫിനാൻസ്, എസ്.ബി.ഐ., റിലയൻസ് ഇൻഡസ്‌ട്രീസ്, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയർടെൽ എന്നിവയാണ് ഇന്നലെ നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികൾ. മാരുതി സുസുക്കി, എൻ.ടി.പി.സി., നെസ്‌ലെ ഇന്ത്യ, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നഷ്‌ടം കുറിച്ചു. സ്വകാര്യ ബാങ്കുകുടെ മാനേജിംഗ് ഡയറക്‌ടർ, സി.ഇ.ഒ പദവികളിൽ തുടർച്ചയായി 15 വർഷം ഇരുന്നവർ സ്ഥാനമൊഴിയണമെന്നും ഇവർ മൂന്നുവർഷത്തേക്ക് ബാങ്കിന്റെയോ ഉപസ്ഥാപനങ്ങളുടെയോ ചുമതലകളൊന്നു വഹിക്കരുതെന്നുമുള്ള റിസർവ് ബാങ്കിന്റെ സർക്കുലറാണ് കോട്ടക് മഹീന്ദ്ര ബാങ്കിന് തിരിച്ചടിയായത്.

കോട്ടക് ബാങ്കിന്റെ മേധാവി ഉദയ് കോട്ടക് തുടർച്ചയായ 17 വർഷമായി പദവി വഹിക്കുകയാണ്. മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞവാരത്തെ അപേക്ഷിച്ച് കുറഞ്ഞതാണ് ഇന്നലെ നിക്ഷേപകർക്ക് ആശ്വാസമായത്. അതേസമയം, ഇന്ത്യയിലെ സ്ഥിതിയിൽ ആശങ്കപ്പെട്ട് വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിയുന്ന ട്രെൻഡ് തുടരുകയാണ്. തിങ്കളാഴ്‌ച മാത്രം അവർ 1,112 കോടി രൂപ പിൻവലിച്ചു.

രൂപയും മുന്നോട്ട്

‌ഡോളറിനെതിരെ ഏഴ് പൈസ ഉയർന്ന് 74.66ൽ രൂപ ഇന്നലെ വ്യാപാരം പൂർത്തിയാക്കി. ഓഹരി വിപണികളുടെ നേട്ടമാണ് രൂപയ്ക്കും കരുത്തായത്.