siddique-kappan

ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരായ നടപടിയിൽ പ്രതിഷേധിച്ച് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്‍ജു. മുസ്ലീമായിരിക്കുക, അതോടൊപ്പം മാദ്ധ്യമപ്രവർത്തകനായിരിക്കുക എന്നത് ഇന്ന് ഇന്ത്യയിലെ ഏറ്റവും അപകടകരമായ കോമ്പിനേഷനാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചുകൊണ്ടായിരുന്നു കട്‍ജുവിന്റെ പ്രതികരണം.

Being a journalist and a Muslim is a deadly combination in India pic.twitter.com/p2iHsnnswC

— Markandey Katju (@mkatju) April 27, 2021

അന്യായമായി തടവിലാക്കപ്പെട്ട കാപ്പനു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിൽ യു.പി. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇത്ര ​ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടന്നിട്ടും സുപ്രീംകോടതി കേസ് വേണ്ട രീതിയിൽ പരി​ഗണിക്കാത്തത് ഞെട്ടിപ്പിക്കുന്നതായും എഡിറ്റേഴ്സ് ​ഗിൽഡ് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. കാപ്പന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് യു.പി. മുഖ്യമന്ത്രിക്ക് കത്ത് നൽകിയി. മുഖ്യമന്ത്രി പിണറായി വിജയനും കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആദിത്യനാഥിന് കത്തു നൽകിയിരുന്നു.

കൊവിഡ് ബാധിതനായ കാപ്പനെ ഡൽഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കാപ്പന്‍റെ ഭാര്യയും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകവും സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നിലവില്‍ മഥുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് കാപ്പന്‍. ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഒക്ടോബർ അഞ്ചിന് അദ്ദേഹത്തെ യു.പി. പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിനുശേഷം ഒരിക്കൽ മാത്രമാണ് കാപ്പന് ജാമ്യം ലഭിച്ചത്. രോഗിയായ അമ്മയെ കാണാൻ അഞ്ച് ദിവസത്തേക്കായിരുന്നു ജാമ്യം.