'ദി പ്രീസ്റ്റ്' എന്ന സിനിമയിൽ മമ്മൂട്ടിയുടെ വാഹനമായ ഗൂർഖ കണ്ണിലുടക്കിയിട്ടില്ലാത്ത വാഹനപ്രേമികൾ ചുരുക്കമായിരിക്കും. റെയിൻ ഫോറസ്റ്റ് ചാലഞ്ച് എന്ന അതിസാഹസികമായ ഓഫ്-റോഡ് ട്രിപ്പിൽ മുന്നിലെത്താറുളള ഫോഴ്‍സ് ഗൂർഖ 4×4 വാഹനങ്ങളിലെ താരമാണ്. കരുത്തും ലുക്കും കൊണ്ട് ഫ്രെയിമിൽ നിറഞ്ഞു നിൽക്കുന്ന ഈ താരത്തെ സ്വന്തമാക്കണമെന്ന് ആർക്കും ഒരുമാത്ര തോന്നിപ്പോകും.
മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശി ജിഹാഷ് അലിയുടെ സ്വന്തമാണ് ദി പ്രീസ്റ്റിലെ ഈ കിടിലം വാഹനം. കേരളത്തിൽ ആദ്യം ഇറങ്ങിയ ഗുർഖ. ആഡംബരവും സ്റ്റെെലും നോക്കി ലക്ഷങ്ങളും കോടികളും മുടക്കിവാങ്ങിയ വാഹനങ്ങൾ കഴിഞ്ഞ പ്രളയത്തിൽ വെളളത്തിൽ മുങ്ങിയപ്പോൾ ഇവൻ മുഴുവൻ ഫോഴ്‍സും പുറത്തെടുത്ത് ഓഫ് റോഡിൽ കരുത്തുകാട്ടി.
സിനിമയ്ക്കായി പലമാറ്റങ്ങളും ഈ വാഹനത്തിൽ വരുത്തിയിട്ടുണ്ട്. വാഹനം വലിച്ചു കയറ്റാനുളള വിഞ്ച് അടക്കമുളള ചില ഘടകങ്ങൾ പുറത്തു നിന്നു വരുത്തി. ബംപറിന്റെ രൂപം മാറ്റി. പുരോഹിതന്റെ നായയ്ക്കായി ചില സൗകര്യങ്ങൾ ഉളളിൽ ഘടിപ്പിച്ചു. പിന്നെ ഓഫ് റോഡ് ടയറുകളും. ഗുർഖയുടെ ഈ വിശേഷങ്ങളൊക്കെ കേട്ട് ഇതിന്റെ ഏറ്റവും പുതിയ ജനറേഷൻ വാഹനം ഉടനടി സ്വന്തമാക്കാം എന്നാരും കരുതരുത്. കാരണം അതിനായി കുറച്ചുകൂടെ കാത്തിരിക്കേണ്ടി വരും.
ഇന്ത്യൻ ഓഫ്-റോഡ് എസ്.യു.വിയായ ഗൂർഖയെ ചില മാറ്റങ്ങളുമായി 2020 ഓട്ടോ എക്സ്പോയിൽ ഫോഴ്‍സ് അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ വർഷം അവസാനത്തോടെ ഈ വാഹനം നിരത്തുകളിൽ ഇടപിടിക്കുമെന്ന് വാഹനപ്രേമികൾ പ്രതീക്ഷിച്ചെങ്കിലും കൊവിഡ് എല്ലാ കണക്കുകൂട്ടലുകളും തകിടം മറിക്കുകയായിരുന്നു.
ഈ വർഷം മേയോടെ ഗൂർഖ ഇന്ത്യൻ വിപണിയിലെത്തുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികൾ. പ്രതീക്ഷയോടെയാണ് വിപണിയും ഈ വാഹനത്തെ കാത്തിരിക്കുന്നത്. മഹീന്ദ്രയുടെ ഥാർ ആകും ഇന്ത്യയിൽ ഗൂർഖയുടെ മുഖ്യ എതിരാളി. കൂടാതെ വരാനിരിക്കുന്ന മാരുതി ജിംനിയുമായും ഈ വാഹനം മാറ്റുരയ്ക്കും.