ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം കടന്നു. മരണസംഖ്യ 31.48 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പന്ത്രണ്ടര കോടി പിന്നിട്ടു.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.അമേരിക്കയിൽ അരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയൊൻപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 5.87 ലക്ഷമായി ഉയർന്നു.
പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് തിങ്കളാഴ്ച 3.23 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,771 പേർ മരിച്ചു. നിലവിൽ 28 ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.ഇത് രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 16.34 ശതമാനമാണ്.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 70,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി നാൽപത്തിനാല് ലക്ഷം കടന്നു.മരണസംഖ്യ 3.95 ലക്ഷമായി ഉയർന്നു.