covid-death

അരീക്കോട് : അരീക്കോട് പഞ്ചായത്തിലെ ചെമ്രക്കാട്ടൂർ സ്വദേശി രതീഷ് (38) കൊവിഡ് ബാധിച്ച് മരിച്ചതിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനകീയ ആക്‌ഷൻ കമ്മിറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകി. ഏപ്രിൽ 22ാം തീയതിയാണ് രതീഷിനെ കൊവിഡ് ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ അസൗകര്യം ഉണ്ടെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ന്യൂമോണിയ വർദ്ധിക്കുകയും ശ്വാസതടസം നേരിടുകയും ചെയ്തതോടെ 23 ന് രാത്രിയോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി മാറ്റി.


25 ന് കൊവിഡ് നെഗറ്റീവായി എന്നു പറഞ്ഞ് ശാരീരിക പ്രയാസങ്ങൾ ഉണ്ടായിരിക്ക തന്നെ ആശുപത്രി അധികൃതർ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിച്ചു എന്ന് പരാതിയിൽ പറയുന്നു. വീട്ടിലെത്തിയതോടെ ശ്വാസതടസവും പ്രയാസങ്ങളും അനുഭവപ്പെട്ട രതീഷിനെ 26ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.


മരണാനന്തരം നടത്തിയ പരിശോധനയിൽ കൊവിഡ് ഫലം പോസറ്റീവായി കാണിക്കുകയും ചെയ്തു.

കൊവിഡ് പോസിറ്റീവായി തുടർന്ന രോഗിയോട് അധികാരികൾ കാണിച്ച ക്രൂരതയാണ് രതീഷിന്റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റി അംഗങ്ങളായ അജീഷ് എടാലത്ത് , ഷഫീഖ് ,കെ സാദിൽ ,ബാബു ഗോകുലം എന്നിവർ ജില്ലാ കലക്ടർ ക്ക് പരാതി നൽകി