ആഗ്ര : കൊവിഡിനെ പ്രതിരോധിക്കുവാൻ രാജ്യതലസ്ഥാനമുൾപ്പടെ പൊരുതുമ്പോൾ സംസ്ഥാനത്ത് ഓക്സിജനും മരുന്നും ഉൾപ്പടെ എല്ലാം ആവശ്യത്തിനുണ്ടെന്ന പ്രസ്താവനായാണ് യു പി മുഖ്യമന്ത്രി നടത്തിയത്. തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ പുറത്തുവിടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവന വന്ന് ദിവസങ്ങൾക്കകം ആഗ്രയിലെ ആശുപത്രിയിൽ എട്ട് രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഇതോടൊപ്പം ആഗ്ര നഗരത്തിലെ ആശുപത്രികളിൽ കൊവിഡ് 19 രോഗികൾക്ക് കിടക്കകൾ ലഭ്യമല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകൾ കവാടത്തിന് മുൻപിൽ പ്രദർശിപ്പിക്കുവാനും ആരംഭിച്ചിട്ടുണ്ട്. നിരവധി ആശുപത്രികൾ രോഗികളുടെ കുടുംബാംഗങ്ങളോട് ഓക്സിജൻ സിലിണ്ടർ കൊണ്ടുവരാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അതേസമയം മെഡിക്കൽ ഓക്സിജന്റെ കുറവുണ്ടെന്നും, ഇത് ഉടൻ പരിഹരിക്കുമെന്നും ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു സിംഗ് പറഞ്ഞു. രോഗികളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർദ്ധനയാണ് ഓക്സിജൻ ഡിമാൻഡ് കൂട്ടിയത്. എന്നാൽ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ യഥാസമയം അറിയിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
റെംഡെസിവിർ കിട്ടാനില്ല
കൊവിഡ് രോഗികൾക്ക് നൽകുന്ന റെംഡെസിവിറിനും സംസ്ഥാനത്ത് കടുത്ത ക്ഷാമമാണുള്ളത്. കരിഞ്ചന്തയിൽ 25000 രൂപവരെ ഇതിന് ഈടാക്കുന്നുണ്ടെന്ന് പരാതിയുണ്ട്. ആഗ്രയിലെ ആശുപത്രികളും റെംഡെസിവിർ കുത്തിവയ്പ്പുകളുടെ കുറവ് നേരിടുന്നു. അതേസമയം ആഗ്രയിൽ ആശുപത്രിയിൽ 2,000 കിടക്കകൾ ഇപ്പോഴും അധികമായി സൂക്ഷിക്കാൻ അധികൃതർക്കായിട്ടുണ്ട്.