covid-vaccine

ന്യൂഡൽഹി: രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുളളവർക്ക് വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. വൈകിട്ട് നാല് മണി മുതൽ കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാനാകും. 18 വയസിന് മുകളിലുളളവർക്ക് അടുത്ത മാസം ഒന്നുമുതലാണ് വാക്‌സിൻ ലഭിക്കുക. മുൻഗണന വിഭാഗങ്ങൾ രജിസ്റ്റർ ചെയ്‌ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുളളവരും രജിസ്ട്രേഷനായി പാലിക്കേണ്ടത്. സ്വകാര്യ ആശുപത്രികളിൽ നിന്ന് പണം നൽകിയും ലഭ്യതയ്‌ക്ക് അനുസരിച്ച് സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായും വാ‌ക്‌സിൻ ലഭിക്കും.

രജിസ്‌ട്രേഷന് തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാവുന്നത്...

 ആധാർകാർഡ്

 ഡ്രൈവിംഗ് ലൈസൻസ്

 തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിക്ക് കീഴിലുളള ആരോഗ്യ സ്‌മാർട്ട് ഇൻഷുറൻസ് കാർഡ്

 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാർഡ്

 എം പി,എം എൽ എ, എം എൽ സി എന്നിവരാണെങ്കിൽ അവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്

 പാൻ കാർഡ് ബാങ്കോ പോസ്റ്റ് ഓഫീസോ നൽകുന്ന പാസ് ബുക്ക്

 പാസ്‌പോർട്ട്

 പെൻഷൻ രേഖ

 കേന്ദ്ര-സംസ്ഥാന ജീവനക്കാരും പൊതുമേഖല കമ്പനികളിലെ ജീവനക്കാരും സർവീസ് തിരിച്ചറിയൽ കാർഡ് കാണിച്ചാലും മതി

 വോട്ടർ ഐ ഡി

വാക്‌സിൻ രജിസ്‌ട്രേഷന് മുമ്പ് അറിയേണ്ടത്

 രജിസ്‌ട്രേഷനായി ചില പ്രാഥമിക വിവരങ്ങൾ നൽകണം.

 മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഒരു മൊബൈൽ നമ്പറിൽ നിന്ന് നാലു പേർക്ക് വരെ രജിസ്റ്റർ ചെയ്യാം. എന്നാൽ ഓരോരുത്തരുടേയും തിരിച്ചറിയൽ കാർഡ് വിവരങ്ങൾ നൽകേണ്ടി വരും.

 രജിസ്‌ട്രേഷൻ ചെയ്‌താലും ഇഷ്‌ടമുളള കേന്ദ്രത്തിൽ വാക്‌സിനേഷൻ അപ്പോയ്മെന്റ് എടുക്കാൻ മേയ് ഒന്നു മുതലേ സാദ്ധ്യമാകൂ.

 ആരോഗ്യസേതു ആപ്പ് വഴിയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ആപ്പ് തുറന്ന് ഹോം സ്‌ക്രീനിൽ ലഭ്യമായ കോവിൻ ടാബിൽ ക്ലിക്ക് ചെയ്യണം. അപ്പോൾ തുറന്ന് വരുന്ന വാക്‌സിനേഷൻ രജിസ്‌ട്രേഷൻ എന്ന ടാബ് തിരഞ്ഞെടുക്കുക. അതിൽ ഫോൺ

നമ്പർ കൊടുത്താൽ ഫോണിൽ ഒ ടി പി ലഭ്യമാകും. ഒ ടി പി കൃത്യമായി നൽകിയാൽ രജിസ്‌ട്രേഷൻ ചെയ്യാനാകും.

 ഇതേ പേജിലൂടെ തന്നെ ഇതേ രീതിയില്‍ അപ്പോയിൻമെന്റും എടുക്കാം. അപ്പോയിൻമെന്റ് എടുത്ത ദിവസം ഫോണിൽ ലഭിച്ച സമയവും കേന്ദ്രത്തിന്റേ പേരും അടങ്ങിയ എസ് എം എസോ സ്ലിപ്പോ വാക്‌സിനേഷൻ കേന്ദ്രത്തിലേക്ക് എത്തുമ്പോൾ കാണിക്കണം. കൂടെ രജിസ്‌ട്രേഷനായി ഉപയോഗിച്ച തിരിച്ചറിയൽ കാർഡും.