covid-vaccine-

ലോകത്ത് നിലവിലുള്ള എല്ലാ വാക്സിനുകളെക്കാളും കൊവിഡിനെ നേരിടാൻ ഫലപ്രദമായ വാക്സിൻ എന്ന വാദമാണ് റഷ്യൻ വാക്സിൻ സ്പുട്നിക്കിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 91.6 ശതമാനം ഫലപ്രാപ്തിയുള്ള റഷ്യൻ കോവിഡ് 19 വാക്സിൻ സ്പുട്നിക് വി മെയ് മുതൽ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ കൊവിഷീൽഡും, കൊവാക്സിനും നൽകാത്ത അല്ലെങ്കിൽ അവകാശപ്പെടാനാവാത്ത എന്ത് മേന്മയാണ് റഷ്യൻ വാക്സിനുള്ളതെന്ന് പരിശോധിക്കാം

സ്പുട്നിക് പിറന്ന വഴി

സ്പുട്നിക് എന്നാൽ റഷ്യൻ ഭാഷയിൽ റഷ്യ വിക്ഷേപിച്ച ഉപഗ്രഹം അല്ലെങ്കിൽ ഒരു യാത്രാ സഹായി എന്നാണ് അർത്ഥം. ഭൂമിയിൽ നിന്നും ആദ്യം വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ പേരായിരുന്നു അത്. കൊവിഡ് മഹാമാരിയിൽ ലോകം പകച്ചപ്പോൾ ആദ്യം ഉപഗ്രഹം അയച്ച രാഷ്ട്രമായ റഷ്യ തന്നെ ആദ്യം വാക്സിനും കണ്ടുപിടിക്കുകയായിരുന്നു. 2020 ഓഗസ്റ്റിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനാണ് തങ്ങൾ കൊവിഡിനെതിരെയുള്ള ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചതായി ലോകത്തിനോട് വിളിച്ചുപറഞ്ഞത്. ഗമലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ആണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്. ലോകത്തിന് ഭീഷണിയായ എബോള, മെഴ്സ് എന്നിവയ്ക്കുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗവേഷണ സ്ഥാപനമാണിത്.

ലോകരാജ്യങ്ങൾ വാകിനായി കാത്തിരുന്ന സമയം ആദ്യമേ വികസിപ്പിച്ചുവെങ്കിലും വിശ്വാസം നേടിയെടുക്കാൻ സ്പുട്ക്കിന് സമയം വേണ്ടിവന്നു. വാക്സിൻ പരീക്ഷണ ഘട്ടത്തിലെ ട്രയൽ ഡാറ്റ പങ്കിടാത്തതിനാലാണ് സ്പുട്നികിനെ കുറിച്ച് വിദഗ്ദ്ധർ സംശയമുന്നയിച്ചത്. ഇതിന് പുറമേ അമേരിക്കയുൾപ്പെട്ട പാശ്ചാത്യ രാജ്യങ്ങളും റഷ്യൻ വാക്സിനെ പരമാവധി നിരുത്സാഹപ്പെടുത്താനാണ് പ്രവർത്തിച്ചത്. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ ദി ലാൻസെറ്റ് ജേണലിൽ ട്രയൽ ഡാറ്റ പ്രസിദ്ധീകരിച്ചപ്പോൾ സ്പുട്നികിനെക്കുറിച്ച് ധാരണകൾ മാറാൻ തുടങ്ങി. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഡാറ്റ പ്രസിദ്ധീകരിച്ച ജേണൽ അവകാശപ്പെട്ടു.


ഉയർന്ന ഫലപ്രാപ്തി

മൂന്ന് ഘട്ട പരീക്ഷണങ്ങൾക്ക് ശേഷം സ്പുട്നിക്കിന്റെ ഫലപ്രാപ്തി 91.6 ശതമാനമാണെന്ന് കണ്ടെത്തി. രണ്ട് മാസത്തിന് ശേഷം ഏപ്രിൽ 21 ന്, രാജ്യത്ത് പുറത്തിറക്കുന്ന മൂന്നാമത്തെ കോവിഡ് 19 വാക്സിനായി ഇന്ത്യ അംഗീകരിച്ചതിന് ശേഷം, കോവിഡ് 19 നെതിരെ ഇന്നുവരെ വികസിപ്പിച്ച എല്ലാ വാക്സിനുകളേക്കാളും ഏറ്റവും ഉയർന്ന ഫലപ്രാപ്തി സ്പുട്നിക്കിനാണെന്ന് ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. 3.8 ദശലക്ഷം വാക്സിനേഷൻ നടത്തിയ റഷ്യയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ വിശകലനത്തിൽ കൊവിഡ് ബാധ തടയുന്നതിൽ സ്പുട്നിക്കിന്റെ ഫലപ്രാപ്തി 97.6% ആണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന ഫലപ്രാപ്തിയുള്ള കോവിഡ് 19 വാക്സിൻ എന്ന വിശേഷണം സ്വന്തമാക്കാൻ സ്പുട്നിക്കിനെ സഹായിച്ചു.

മേയ് മുതൽ ഇന്ത്യയിലും

ആഗോളതലത്തിൽ 60 ലധികം രാജ്യങ്ങൾ സ്പുട്നിക് ലഭ്യമാക്കുന്നതിനായി റഷ്യയുമായി കരാർ ഒപ്പിട്ടിരുന്നു. മറ്റേതൊരു കോവിഡ് 19 വാക്സിനിൽ നിന്നും വ്യത്യസ്തമായി, വാക്സിനേഷന്റെ രണ്ട് കുത്തിവയ്പ്പുകളിലും വ്യത്യസ്തമായ വാക്സിൻ പതിപ്പുകളാണ് നൽകുന്നതെന്ന പ്രത്യേകതയുമുണ്ട്. രണ്ട് ഡോസുകളും ഒരേ വാക്സിനുകളുടെ അല്പം വ്യത്യസ്തമായ പതിപ്പുകളാണ്, ആയതിനാൽ അവ കോവിഡ് 19 നെതിരെ കൂടുതൽ സംരക്ഷണം നൽകുന്നതിന് സഹായിക്കുന്നു. കൊവിഷീൽഡ്, കോവാക്സിൻ എന്നിവയ്ക്ക് സമാനമായ താപനിലയിൽ ഈ വാക്സിൻ സൂക്ഷിക്കാനാവും, ഇതു കൂടാതെ സാധാരണ ഫ്രിഡ്ജ് താപനിലയിൽ സൂക്ഷിക്കാൻ കഴിയുന്ന മറ്റൊരു പതിപ്പും വികസനഘട്ടത്തിലാണ്. ഇത് ഇന്ന് ലഭ്യമായ ഏറ്റവും വൈവിധ്യമാർന്ന കോവിഡ് 19 വാക്സിനായി സ്പുട്നിക്കിനെ മാറ്റുന്നു.

കുത്തിവയ്പ്പിന് ചെലവ് എത്രയാവും

ആഗോളതലത്തിൽ പത്ത് ഡോളറിനടുത്താണ് ഒരു ഡോസിന് ചിലവാകുന്നത്. ഇന്ത്യയിൽ ഇത് ഉദ്ദേശം 750 രൂപയാവുമെന്ന് കണക്കാക്കുന്നു. എന്നാൽ ഇന്ത്യയിൽ ഒരു ഡോസിന് 10 ഡോളറിൽ താഴെ വിലയിൽ വാക്സിൻ ലഭ്യമാക്കുമെന്ന് റഷ്യ നേരത്തെ സൂചിപ്പിച്ചിരുന്നു.