shiju-vargheese

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ദിവസം ഇ എം സി സി, എം ഡി ഷിജു വർഗീസിന്റെ കാർ ആക്രമിച്ച കേസിൽ നാടകീയ വഴിത്തിരിവ്. പരാതിക്കാരനായ ഷിജു വർ​ഗീസിനെ പൊലീസ് ​ഗോവയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. കേസിൽ ഷിജുവിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഷിജുവിനെ കസ്‌റ്റഡിയിൽ എടുത്തത്. ക്വട്ടേഷൻ സംഘാംഗം ബിനുകുമാർ, ഷിജുവർഗീസിന്റെ മാനേജർ ശ്രീകാന്ത് എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കുണ്ടറ നിയമസഭ മണ്ഡലം പരിധിയിൽ ഉൾപ്പെട്ട കണ്ണനല്ലൂർ കുരീപ്പളളി റോഡിൽ വച്ച് പോളിംഗ് ദിവസം പുലർച്ചെ തന്റെ കാറിന് നേരെ മറ്റൊരു കാറിൽ വന്ന സംഘം പെട്രോൾ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വർഗീസിന്റെ പരാതി. എന്നാൽ ഷിജു വർഗീസ് പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നു പോയതിന്റെ സൂചനകളൊന്നും പൊലീസിന് കിട്ടിയിരുന്നില്ല. നാട്ടുകാരിൽ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുളള മൊഴികൾ ലഭ്യമായിരുന്നില്ല. കുണ്ടറ മണ്ഡലത്തിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു ഷിജു വർഗീസ്.