കോട്ടയം കുഞ്ഞച്ചന് 31 വയസ് തികയുമ്പോൾ തന്റെ ജാതകം മാറ്റിയ
ആ സിനിമയെക്കുറിച്ചും മമ്മൂട്ടിയും മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ചും
മോഹൻലാൽ നായകനായ സിനിമകൾ നടക്കാതെ പോയതിനെക്കുറിച്ചുമൊക്കെ സംവിധായകൻ
ടി.എസ്. സുരേഷ് ബാബു തുറന്നു പറയുന്നു
സിനിമയെയും പ്രേംനസീറിനെയും ശിവാജി ഗണേശനെയും ആരാധിച്ചിരുന്ന ചെറുപ്പക്കാരൻ സിനിമയിലേക്ക് തന്നെ എത്തിപ്പെട്ടത് ഒരു നിയോഗം പോലെയായിരുന്നു. സിനിമാ ബന്ധമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും സിനിമയിലെത്തപ്പെടുമെന്ന് ടി.എസ്. സുരേഷ് ബാബു ഒരിക്കലും വിചാരിച്ചിരുന്നില്ല.
"അച്ഛൻ മെരിലാൻഡിലായിരുന്നു ജോലി ചെയ്തിരുന്നത്. അങ്ങനെ സുബ്രഹ്മണ്യം മുതലാളിയെ പരിചയപ്പെടാനും സിനിമയിലേക്ക് വരാനുമൊക്കെ കഴിഞ്ഞു. പി. സുബ്രഹ്മണ്യം മുതലാളി, കെ.എസ്. ഗോപാലകൃഷ്ണൻ, എൻ. ശങ്കരൻ നായർ, നടൻ മധുസാർ, ഹൃഷികേശ് മുഖർജി, നാഗവള്ളി ആർ.എസ്. കുറുപ്പ്, പി.ആർ.എസ്. പിള്ള, ശ്രീകുമാരൻതമ്പിസാർ, പി.ജി. വിശ്വംഭരൻ ചേട്ടൻ, അങ്ങനെ പ്രഗൽഭരായ ഒരുപാട് സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞു" ടി.എസ്. സുരേഷ് ബാബു പറഞ്ഞുതുടങ്ങി.
മോഹൻലാൽ വിമാനത്തിൽ
കൊണ്ടുവന്ന തിരക്കഥ
ഇത് ഞങ്ങളുടെ കഥ മുതൽ പി.ജി. വിശ്വംഭരൻ ചേട്ടന്റെ കൂടെ ഒരു ഡസനിലേറെ സിനിമകളിൽ ഞാൻ സഹസംവിധായകനായിരുന്നു. അതിന് മുൻപ് ശ്രീകുമാരൻ തമ്പിസാറിനൊപ്പവും വർക്ക് ചെയ്തിട്ടുണ്ട്. ഭുവന ഒരു കേൾവിക്കുറി എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു തമ്പിസാർ ചെയ്ത മുന്നേറ്റം. മമ്മുക്കയും രതീഷുമായിരുന്നു നായകന്മാർ. തിരുവനന്തപുരത്ത് ആറ്റുകാലും ചാലയും പഴവങ്ങാടിയുമൊക്കെയായിരുന്നു പ്രധാന ലൊക്കേഷനുകൾ. 1981 ൽ ആയിരുന്നു അത്.
ജയനെയും സുകുമാരനെയും വച്ച് പ്ളാൻ ചെയ്ത ആ പ്രോജക്ട് ജയന്റെ മരണശേഷം രതീഷിലേക്കും മമ്മുക്കയിലേക്കുമെത്തുകയായിരുന്നു.
മമ്മുക്ക ആദ്യമായി ഡബ് ചെയ്ത സിനിമ മുന്നേറ്റമാണ്. മേളയിൽ ശ്രീനിവാസനാണ് മമ്മുക്കയ്ക്ക് വേണ്ടി ഡബ് ചെയ്തത്. സ്ഫോടനത്തിൽ അന്തിക്കാട് മണിയും മുന്നേറ്റത്തിന്റെ ഡബിംഗ് അറ്റന്റ് ചെയ്തത് ഞാനായിരുന്നു. അങ്ങനെയാണ് മമ്മുക്കയുമായി ഒരടുപ്പം വന്നത്.
ആ സമയത്ത് മിക്കപ്പോഴും മമ്മുക്ക എന്റെ വീട്ടിൽ വരും. അവിടെ നിന്ന് ഡബിംഗിന് എന്നോടൊപ്പം എന്റെ സ്കൂട്ടറിലാണ് പോകുന്നത്. പി.ടി.പി നഗറിലെ ഗസ്റ്റ് ഹൗസിലാണ് അന്ന് മമ്മുക്ക താമസിച്ചിരുന്നത്.
പി.ജി. വിശ്വംഭരൻ ചേട്ടന്റെ സന്ധ്യയ്ക്ക് വിരിഞ്ഞ പൂവിൽ മമ്മുക്കയും മോഹൻലാലുമുണ്ട്. ലാലഭിനയിച്ച ഒരു സിനിമ ഞാനാദ്യമായി വർക്ക് ചെയ്തത് അതാണ്. മമ്മുക്ക നായകനും ലാൽ വില്ലനുമായിരുന്നു ആ സിനിമയിൽ. വിശ്വംഭരൻ ചേട്ടന്റെ ഹിമവാഹിനി പിൻനിലാവ്, ഒന്നാണ് നമ്മൾ അങ്ങനെ കുറെ സിനിമകളിൽ മമ്മുക്കയും ലാലുമുണ്ടായിരുന്നു.
കാനം ഇ.ജെയുടെ ഒരു നോവൽ സ്വതന്ത്ര സംവിധായകനാകുന്ന സിനിമയ്ക്ക് വേണ്ടി ഞാൻ കണ്ടുവച്ചിരുന്നു. വിശ്വംഭരൻ ചേട്ടന്റെ അസോസിയേറ്റായി ഞാൻ വർക്ക് ചെയ്തിരുന്ന സമയം. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് ഒരു സിനിമയുടെ തിരക്കഥ എനിക്ക് വായിക്കാൻതന്നു. മറ്റുചില സിനിമകളുമായി ഒരുപാട് സാമ്യതകളുള്ള തിരക്കഥയായിരുന്നു അത്. ഞാനത് വിശ്വംഭരൻ ചേട്ടനോട് പറഞ്ഞു.
എല്ലാ സിനിമകളും കാണുന്ന ഒരാളായിരുന്നു ഞാൻ. അച്ഛൻ തങ്കപ്പൻപിള്ള മെരിലാൻഡിലായിരുന്നു. പിന്നീട് സ്വന്തമായി വിതരണക്കമ്പനി തുടങ്ങി. രണ്ടുമൂന്ന് തിയേറ്ററുകളുമുണ്ടായിരുന്നു. എം.ജി. ആറിന്റെ സിനിമകൾ കേരളത്തിൽ ഏറ്റവും കൂടുതൽ റിലീസ് ചെയ്തിട്ടുള്ളത് അച്ഛനായിരുന്നു. നസീർ സാറിന്റെ സിനിമകളും കൂടുതലും അച്ഛനാണ് ചെയ്തിട്ടുള്ളത്.
എല്ലാ വിതരണക്കാരുമായും തിയേറ്ററുടമകളുമായും എനിക്ക് ബന്ധമുണ്ടായിരുന്നു. അങ്ങനെ മിക്ക സിനിമകളും ഫ്രീയായി കാണാൻ പറ്റി. നിമകൾ കണ്ട പരിചയത്തിൽ വിശ്വംഭരൻ ചേട്ടന്റെ പുതിയ സിനിമയുടെ സ്ക്രിപ്റ്റിനെപ്പറ്റി ഞാൻ പറഞ്ഞ അഭിപ്രായം കേട്ട് വിശ്വംഭരൻ ചേട്ടൻ ധർമ്മസങ്കടത്തിലായി. മമ്മുക്ക ഉൾപ്പെടെ ആർട്ടിസ്റ്റുകളുടെയെല്ലാം ഡേറ്റ് വാങ്ങിക്കഴിഞ്ഞു. ഞാൻ എനിക്ക് വേണ്ടി കണ്ടുവച്ചിരുന്ന സബ്ജക്ടിനെപ്പറ്റി വിശ്വംഭരൻ ചേട്ടനോട് പറഞ്ഞു.
ഒരു വാരികയിൽ വന്ന ആ നോവൽ വെട്ടിയെടുത്ത് ഒരു കെട്ടായി ഞാൻ വീട്ടിൽ സൂക്ഷിച്ചിരുന്നു. അറുപത്തിയാറ് ലക്കമുണ്ട് അത്. പിറ്റേന്ന് രാവിലെ ഫ്ളൈറ്റിൽ അത് വരുത്തിക്കാമെന്ന് നിർമ്മാതാവ് പറഞ്ഞു. മോഹൻലാൽ പിറ്റേന്ന് തിരുവനന്തപുരത്ത് നിന്ന് മദ്രാസിലേക്ക് വരുന്നുണ്ടെന്നറിഞ്ഞു. ഞാൻ ലാലിനെ വിളിച്ച് കാര്യം പറഞ്ഞു. ലാൽ എന്റെ വീട്ടിൽ പോയി ആ നോവലിന്റെ കെട്ടെടുത്ത് പിറ്റേന്ന് ഫ്ളൈറ്റിൽ മദ്രാസിലേക്ക് കൊണ്ടുവന്നു. ആ സിനിമയാണ് തിരക്കിൽ അല്പസമയം. വിശ്വംഭരൻ ചേട്ടനൊപ്പം ഞാൻ വർക്ക് ചെയ്ത അവസാന സിനിമ. ഞാൻ സംവിധായകനായ ശേഷം അദ്ദേഹത്തിന്റെ നന്ദി വീണ്ടും വരിക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനും ഞാൻ ഒപ്പമുണ്ടായിരുന്നു.
ടി.എസ്. എന്ന
ഇനിഷ്യൽ ഭാഗ്യമായി
ആദ്യ സിനിമയായ ഇതാ ഇന്നു മുതൽ റെജി എന്ന പേരിലാണ് ഞാൻ സംവിധാനം ചെയ്തത്. നിർമ്മാതാവിന്റെയൊപ്പമുള്ള ന്യൂമറോളജിസ്റ്റിന്റെ നിർദ്ദേശപ്രകാരമായിരുന്നു അത്. ഞാൻ അന്ന് ടി.എസ്. എന്ന ഇനിഷ്യൽ ഉപയോഗിക്കുമായിരുന്നില്ല. സുരേഷ് ബാബു എന്ന പേര് ന്യൂമറോളജി പ്രകാരം നിർമ്മാതാക്കളായ റോയൽ ഫിലിംസുമായി ചേരുന്നില്ല. എന്നെ വീട്ടിൽ വിളിച്ചിരുന്ന പേരാണ് റെജി. ആ പേര് ആദ്യ സിനിമയിലും രണ്ടാമത്തെ സിനിമയായ ഒരു നാൾ ഇന്നൊരു നാളിലുമുപയോഗിച്ചു. മൂന്നാമത്തെയും നാലാമത്തെയും സിനിമകളായ പൊന്നുംകുടത്തിന് പൊട്ട്, ശംഖനാദം എന്നിവ സുരേഷ് ബാബു എന്ന പേരിൽ ചെയ്തു. അഞ്ചാമത്തെ സിനിമയായ കോട്ടയം കുഞ്ഞച്ചനാണ് ടി.എസ്. സുരേഷ് ബാബു എന്ന പേര് ഉപയോഗിച്ച് തുടങ്ങിയത്. ആ സിനിമ എനിക്ക് ബ്രേക്കായി.
കോട്ടയം കുഞ്ഞച്ചന് മുൻപ് ഞാൻ ചെയ്ത നാല് സിനിമകളിലും എന്റെ ദൈവാധീനം കൊണ്ടോ എന്നോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടോ വലിയ താരങ്ങളാണ് അഭിനയിച്ചത്. ആദ്യ സിനിമയായ ഇതാ ഇന്ന് മുതലിൽ മമ്മുക്കയും മോഹൻലാലും രണ്ടാമത്തെ സിനിമയായ ഒരു നാൾ ഇന്നൊരു നാളിൽ പ്രേംനസീർ സാറും നെടുമുടി വേണുവും ശങ്കറും മൂന്നാമത്തെ സിനിമയായ പൊന്നുംകുടത്തിന് പൊട്ടിൽ ശങ്കറും മുകേഷും ശ്രീനിവാസനും നാലാമത്തെ സിനിമയായ ശംഖനാദത്തിൽ മമ്മുക്കയും സുരേഷ് ഗോപിയും രതീഷും. താരസിനിമകളായിരുന്നുവെങ്കിലും നാല് സിനിമകളും ശരാശരിക്ക് മുകളിൽ വിജയം നേടിയില്ല. നല്ല തിരക്കഥാകൃത്തുക്കളായിരുന്നു നാല് സിനിമകളുമെഴുതിയത്. ആദ്യ രണ്ട് സിനിമകളുമെഴുതിയത് ഹിറ്റുകളുടെ രാജാവായിരുന്ന ഷെരീഫ്. മൂന്നാമത്തെ സിനിമയ്ക്ക് തിരക്കഥയെഴുതിയത് ശ്രീനിവാസൻ. നാലാമത്തെ സിനിമയ്ക്ക് തിരക്കഥയെഴുതിയത് മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റുകളൊരുക്കിയ തിരക്കഥാകൃത്തുക്കളിലൊരാളായ പാപ്പനംകോട് ലക്ഷ്മണനും. നാല് സിനിമകൾ പ്രതീക്ഷയ്ക്കൊത്തുയരാതെ പോയപ്പോൾ എനിക്ക് ഒരു ഗ്യാപ്പ് വന്നു. അപ്പോൾ മമ്മുക്കയാണ് എന്നെ ഡെന്നീസ് ജോസഫിന്റെയടുത്തേക്ക് കൂട്ടിക്കൊണ്ട് പോയത്. ന്യൂഡൽഹിയും രാജാവിന്റെ മകനും ശ്യാമയും നിറക്കൂട്ടും സംഘവുമൊക്കെ കഴിഞ്ഞ് ഡെന്നീസ് ജോസഫ് നമ്പർ വൺ തിരക്കഥാകൃത്തായി തിരക്കിൽ മുങ്ങിനിൽക്കുന്ന സമയം. ഡെന്നീസ് ജോസഫിനെ കാണാൻ പോലും കിട്ടില്ല. മമ്മുക്ക താത്പര്യം കാണിച്ചതുകൊണ്ടും ശുപാർശ ചെയ്തത് കൊണ്ടും മാത്രം ഡെന്നീസ് എനിക്ക് വേണ്ടി തിരക്കഥയെഴുതാമെന്നേറ്റു. മുട്ടത്ത് വർക്കിയുടെ വേലിയെന്ന നോവലിനെപ്പറ്റി ഡെന്നീസാണ് എന്നോട് പറഞ്ഞത്. ''നിങ്ങൾ ഹിറ്റായി നില്ക്കുന്നയാളാണ്. ഞാൻ അങ്ങനെയല്ല. നിങ്ങൾക്ക് കോൺഫിഡൻസുണ്ടെങ്കിൽ ചെയ്യാം" എന്നാണ് വേലി വായിച്ച ശേഷം ഞാൻ ഡെന്നീസിനോട് പറഞ്ഞത്. കോട്ടയം കുഞ്ഞച്ചന്റെ തിരക്കഥ പൂർത്തിയായി. കോട്ടയം കുഞ്ഞച്ചൻ എന്ന പേര് എനിക്കും ഡെന്നീസിനും മമ്മുക്കയ്ക്കുമല്ലാതെ മറ്റാർക്കുമറിയില്ല. ഡെന്നീസിന്റെ സെറ്റപ്പിലുള്ള നാലഞ്ച് നിർമ്മാതാക്കളെ ഞാൻ ചെന്ന് കണ്ടുവെങ്കിലും സംവിധായകൻ ഞാനായതിനാൽ അവരാരും കൈ കൊടുത്തില്ല. പൊന്നും കുടത്തിന് പൊട്ട് കഴിഞ്ഞപ്പോൾ തന്നെ എം. മണിസാർ എനിക്ക് ഒരു അഡ്വാൻസ് തന്നിരുന്നു. അങ്ങനെയാണ് ഞാൻ മണിസാറിന്റെയടുത്ത് ചെല്ലുന്നത്. അരോമയ്ക്ക് വേണ്ടി ഒരു സി.ബി.ഐ ഡയറിക്കുറിപ്പും ജാഗ്രതയും ചെയ്ത് കഴിഞ്ഞതിനാൽ ഒന്നു രണ്ട് വർഷം കഴിഞ്ഞ് മതി അരോമയ്ക്ക് വേണ്ടി വീണ്ടും ഒരു സിനിമ ചെയ്യുന്നതെന്ന് മമ്മുക്ക തീരുമാനിച്ചിരുന്നു. മമ്മുക്കയാണ് എന്റെ നായകനെന്നറിഞ്ഞപ്പോൾ ''ഒന്നുരണ്ട് വർഷം കഴിഞ്ഞല്ലേ നടക്കൂ" വെന്നാണ് മണിസാർ എന്നോട് ചോദിച്ചത്. ഞാൻ അപ്പോൾത്തന്നെ മമ്മുക്കയെ ഫോൺ ചെയ്ത് മണിസാറിന് കൊടുത്തു. ''ഞാൻ ബാബുവിന് മുപ്പത് ദിവസത്തെ ഡേറ്റ് കൊടുത്തിട്ടുണ്ട്. ഇനി വേണമെങ്കിൽ പത്ത് പതിനഞ്ച് ദിവസം കൂടി കൊടുക്കാം. എന്റെ പ്രതിഫലം വേണമെങ്കിൽ കുറയ്ക്കാം. പക്ഷേ ബാബുവിന് നല്ല ഭംഗിയായി ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കണ" മെന്നാണ് മമ്മുക്ക മണിസാറിനോട് പറഞ്ഞത്. ഇളകി ചെയ്യേണ്ട ഒരു സിനിമയാണെന്ന് മമ്മുക്കക്കറിയാം. പക്ഷേ കോമഡി ടച്ചുള്ള ഒരു സിനിമയാണെന്ന് മണിസാറിന് അറിയില്ലായിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ ലൊക്കേഷനിൽ വച്ച് മണിസാർ എന്നോട് ചോദിച്ചു: ''മമ്മൂട്ടി കോമഡി ചെയ്താൽ എന്താവും? ഷൂട്ടിംഗും എഡിറ്റിംഗും ഡബ്ബിംഗും ഒക്കെ കഴിഞ്ഞ് സിനിമ കണ്ടപ്പോൾ മണിസാറിനും സംഘത്തിനും സിനിമ ഇഷ്ടപ്പെട്ടില്ല. ''രണ്ടാഴ്ചയിൽ കൂടുതൽ പോവില്ല. അത്രയ്ക്കേയുള്ളൂ" മണിസാർ പറഞ്ഞു. എല്ലാ തിയേറ്ററുകളിലും രണ്ടാഴ്ചത്തേക്ക് പടം ചാർട്ട് ചെയ്തശേഷം മണിസാർ ഒന്നൂടെ പറഞ്ഞു: ''ഇനി ബാബുവിന് ഭാഗ്യമുണ്ടെങ്കിൽ ഈ പടം ഓടും.
റിലീസ് ദിവസം നൂൺഷോയ്ക്ക് തന്നെ തിയേറ്ററിന് മുന്നിൽ വലിയ ജനക്കൂട്ടമുണ്ടായിരുന്നു. രണ്ടോ മൂന്നോ സിനിമയ്ക്കുള്ള അത്രയും വലിയ ആൾക്കൂട്ടം. തിരുവനന്തപുരത്ത് ധന്യയിലായിരുന്നു റിലീസ്. ഭാഗ്യവശാൽ രമ്യയിൽ റിലീസ് ചെയ്യേണ്ട പടം മാറിയപ്പോൾ അവിടെയും കോട്ടയം കുഞ്ഞച്ചൻ പ്രദർശിപ്പിച്ചു. നൂൺഷോ ഞാൻ പ്രേക്ഷകർക്കൊപ്പമിരുന്നു കണ്ടു. കൈയടികളും പൊട്ടിച്ചിരികളും എന്റെ മനസ് കുളിർപ്പിച്ചു. മാറ്റിനിയായപ്പൗൾ ആൾക്കൂട്ടം ഇരട്ടിയായി. ഫസ്റ്റ് ഷോ കഴിഞ്ഞപ്പോൾ ഹിറ്റെന്നുറപ്പിച്ചു. സെക്കൻഡ് ഷോ ആയപ്പോഴേക്കും കേരളമെമ്പാടും ടിക്കറ്റ് കിട്ടാത്ത അവസ്ഥ. തീരെ കുറഞ്ഞ ബഡ്ജറ്റിൽ ചിത്രീകരിച്ച കോട്ടയം കുഞ്ഞച്ചൻ മുതൽ മുടക്കിന്റെ എത്രയോ ഇരട്ടി കളക്ട് ചെയ്തു. രണ്ടാഴ്ച ഒാടുമോയെന്ന് സംശയിച്ച സിനിമ നൂറ് ദിവസം തകർത്തോടി. പിന്നീട് മമ്മുക്കയുമായി ചെയ്ത കിഴക്കൻ പത്രോസിന് ആദ്യമിട്ടിരുന്ന പേര് അരയൻ പത്രോസ് എന്നാണ്. കടപ്പുറം പശ്ചാത്തലത്തിൽ മുക്കുവഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളുള്ള ഒരു സിനിമ. അതിനിടയ്ക്ക് മമ്മുക്കയുടെ തന്നെ അമരം വന്നു. അതോടെ ഞങ്ങൾ പശ്ചാത്തലം മാറ്റി. കഥയിലും കാതലായ മാറ്റങ്ങൾ വരുത്തി. കടപ്പുറത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് ക്രിസ്തീയ പശ്ചാത്തലത്തിലേക്ക് മാറി.
മമ്മുക്ക ത്രിബിൾ റോളിൽ വരുന്ന കായൽ സാമ്രാട്ട് എന്ന ഒരു സിനിമ പ്ളാൻ ചെയ്തെങ്കിലും നടന്നില്ല.
നടക്കാതെ പോയ
മോഹൻലാൽ സിനിമകൾ
ഇതാ ഇന്ന് മുതൽ എന്ന എന്റെ ആദ്യ സിനിമയിൽ മോഹൻലാലുമുണ്ടായിരുന്നു. പിന്നീട് മോഹൻലാലിനെ നായകനാക്കി ഞാൻ രണ്ട് സിനിമകൾ പ്ളാൻ ചെയ്തെങ്കിലും രണ്ടും നടന്നില്ല. വിക്രമാദിത്യൻ എന്ന് പേരിട്ട സിനിമയായിരുന്നു ആദ്യം. അരോമ മണിസാറാണ് ആ സിനിമ നിർമ്മിക്കാനിരുന്നത്. പക്ഷേ ആ സമയത്ത് മണിസാറിന് വേറെ രണ്ട് മോഹൻലാൽ പ്രോജക്ടുകൾ വന്നു. വിക്രമാദിത്യൻ വലിയ മുതൽ മുടക്ക് വേണ്ടിവരുന്ന സിനിമയായിരുന്നു. അതും ആ പ്രോജക്ട് മാറിപ്പോകാനുള്ള ഒരു കാരണമായിരുന്നു. കാർത്തിക തിരുനാൾ കാർത്തികേയൻ എന്ന ഒരു പ്രോജക്ടും മോഹൻലാലിനെ വച്ച് ഞാൻ പ്ളാൻ ചെയ്തിരുന്നു. എന്റെ കരിയർ തന്നെ മാറ്റിമറിക്കുമായിരുന്ന ആ സിനിമയും പക്ഷേ നടന്നില്ല. ഞാൻ മോഹൻലാലും ഒരേ നാട്ടുകാരാണ്. ഒരേ സ്കൂളിൽ പഠിച്ചവർ അത്രയും അടുപ്പമുണ്ട് ഞങ്ങൾ തമ്മിൽ. ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോൾ ഒരേ ഹോട്ടലിലാണ് താമസമെങ്കിൽ രാത്രി എന്നും ലാൽ എന്റെ മുറിയിൽ വരും. നല്ല ഭംഗിയുള്ള കയ്യക്ഷരത്തിൽ സീനിന്റെ കോപ്പി എടുത്തുതരും. മമ്മുക്കയുമായി ഒരു സിനിമ ചെയ്യാൻ വന്ന നിർമ്മാതാവ് കാർത്തിക തിരുനാൾ കാർത്തികേയന്റെ കഥ കേട്ട് ആ പ്രോജക്ട് ചെയ്യാമെന്നേറ്റു.
മോഹൻലാലിനെ കാണാൻ പോകുംമുൻപേ 'ഒരുമണിക്കൂർ എനിക്ക് ഫ്രീയാക്കി തരണ"മെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. 'ബാബുവിന് രണ്ട് മണിക്കൂർ തന്നേക്കാ" മെന്ന് മോഹൻലാൽ വാക്ക് തന്നു. കഥ പറയാൻ തുടങ്ങും മുൻപ് മോഹൻലാൽ ചോദിച്ചു: ആന്റണിയും കൂടി കഥ കേൾക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ?" "ഒരു ബുദ്ധിമുട്ടുമില്ല" ഞാൻ പറഞ്ഞു. എന്റെ കൈയിൽ നാല് ത്രെഡുകളുണ്ടായിരുന്നു. നാലിൽ ഇഷ്ടമുള്ളത് ലാലിന് സെലക്ട് ചെയ്യാം. നാലും ലാലിന് ഇഷ്ടമായി. "ബാബുവിന് ഇഷ്ടമായത് ഏതാ?" "കഥയായിട്ടില്ല. മനസിൽ വേറൊരു ക്യാരക്ടറുണ്ട്." "എന്നാൽ അത് പറയൂ. കേൾക്കട്ടെ." എന്റെയൊപ്പമുണ്ടായിരുന്ന തിരക്കഥാകൃത്ത് മഹേഷ് മിത്ര നാലേ നാല് വരിയിൽ ലാലിനോട് ആ കഥാപാത്രത്തെക്കുറിച്ചും കഥാപശ്ചാത്തലത്തെക്കുറിച്ചും പറഞ്ഞു. "ഇത് മതി നമുക്ക് ഇത് ചെയ്യാം" ലാൽ പറഞ്ഞു. അപ്പോൾത്തന്നെ അഡ്വാൻസ് തരാനായി ആന്റണി പെരുമ്പാവൂർ സ്യൂട്ട്കെയ്സ് തുറന്നു. "ബാബുച്ചേട്ടാ... ഇൗ സിനിമ ഞങ്ങളുടെ കമ്പനി നിർമ്മിക്കും." "ആന്റണി... ചെറിയൊരു പ്രശ്നമുണ്ട്. ഞാൻ ഒരു നിർമ്മാതാവിന് വാക്ക് കൊടുത്തുപോയി. ഞാൻ അദ്ദേഹത്തോട് ഒന്നു ചോദിച്ചോട്ടെ." ആന്റണിയോട് പറഞ്ഞശേഷം ഞാനാ നിർമ്മാതാവിനെ ഫോൺ ചെയ്തു. "വാർത്ത എല്ലാവരുമറിഞ്ഞു. ഇൗ പടം എനിക്ക് ചെയ്തേ പറ്റൂ. ഇൗ പടം കഴിഞ്ഞ് മമ്മുക്കയുടെ പടവും ഞാൻ തന്നെ ചെയ്യും." നിർമ്മാതാവ് പറഞ്ഞ കാര്യം ഞാൻ ആന്റണിയോട് പറഞ്ഞു. അവർ തമ്മിലും ഫോണിൽ സംസാരിച്ചു. "ബാബു വാക്ക് പറഞ്ഞതല്ലേ.. വേണ്ട. അവർ ചെയ്തോട്ടെ" മോഹൻലാൽ പറഞ്ഞപ്പോൾ ആന്റണിയും പിന്മാറി. അതൊരു കർക്കടക മാസമായിരുന്നു. ചിങ്ങം പിറക്കാൻ പത്ത് ദിവസം കൂടി മാത്രം. ചിങ്ങം ഒന്നിന് ലാലിന് അഡ്വാൻസ് കൊടുക്കാമെന്നുറപ്പിച്ച് ഞങ്ങൾ അവിടെ നിന്നിറങ്ങി. "ഇത് നന്നായി ചെയ്യേണ്ട സിനിമയാണ്." ഞാനിത് വരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ്." അഡ്വാൻസ് വാങ്ങുമ്പോൾ മോഹൻലാൽ പറഞ്ഞു. നിർമ്മിക്കാമെന്നേറ്റ കമ്പനിയുടെ ഒന്നുരണ്ട് സിനിമകൾ തുടർച്ചയായി പരാജയമായതോടെ അവർ പ്രതിസന്ധിയിലായി. ഫുൾ സ്ക്രിപ്ടായി ലൊക്കേഷൻ വരെ കണ്ടിട്ട് ഷൂട്ടിംഗ് തുടങ്ങാൻ പറ്റാത്ത അവസ്ഥ. ഡെന്നീസ് ജോസഫായിരുന്നു മഹേഷിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമെഴുതിയത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഇരുപത് ദിവസം മുൻപാണ് സിനിമ ക്യാൻസൽ ചെയ്യേണ്ട അവസ്ഥയെപ്പറ്റി നിർമ്മാതാവ് പറയുന്നത്. ഞാൻ ഞെട്ടിപ്പോയി. നാല്പത് ദിവസം ഡേറ്റ് ചോദിച്ച എനിക്ക് മോഹൻലാൽ അറുപത് ദിവസത്തെ ഡേറ്റ് തന്ന സിനിമയാണ് ആ സിനിമയോടുള്ള ലാലിന്റെ പ്രതീക്ഷ തന്നെയായിരുന്നു അതിന് കാരണം. സിനിമ ക്യാൻസലായെന്ന വിവരം മോഹൻലാലിനോട് പറയുകയെന്നതായിരുന്നു മറ്റൊരു ധർമ്മ സങ്കടം. ഇത്രയും അടുപ്പമുണ്ടായിട്ടും മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ കഴിഞ്ഞില്ലല്ലോയെന്ന സങ്കടം പറയുമ്പോൾ മോഹൻലാൽ എന്നോട് ചോദിക്കും: "എന്റെ കുഴപ്പം കൊണ്ടല്ലല്ലോ?" രണ്ട് രണ്ടേമുക്കാൽ വർഷം പ്രയത്നിച്ച ഒരു മോഹൻലാൽ സിനിമ നടക്കാതെ പോയത് എന്നെ മാനസികമായി തളർത്തി. പിന്നീട് ഞാൻ സീരിയലുകളിലേക്ക് തിരിഞ്ഞു. ഒടുവിൽ ചെയ്ത ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ, കന്യാകുമാരി എക്സ്പ്രസ് എന്നീ സിനിമകൾ ആവറേജിലൊതുങ്ങി.
നാല് സിനിമകളുടെ പണിപ്പുരയിൽ
നാല് സിനിമകളുടെ തയ്യാറെടുപ്പിലാണ് ടി.എസ്. സുരേഷ് ബാബു ഇപ്പോൾ. വലിയ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്ന് വരുന്ന പുതുമുഖമാണ് ആദ്യ സിനിമയിലെ നായകൻ. വൈകാതെ കൂടുതൽ വിവരങ്ങൾ അനൗൺസ് ചെയ്യും. ഡാൻസും ഫൈറ്റുമൊക്കെ അഭ്യസിക്കുകയാണിപ്പോൾ ആ പുതുമുഖം. രണ്ടാമത്തെ സിനിമയിൽ മമ്മൂട്ടിയാണ് നായകൻ. തിരക്കഥ പൂർത്തിയാകാറായി. സുരേഷ് ഗോപി നായകനാകുന്ന ജോൺ എസ്. ജി. കെന്നഡിയാണ് മൂന്നാമത്തെ ചിത്രം. ജോസ്, വിനോദ് എന്നീ രണ്ട് പുതിയ ചെറുപ്പക്കാർ നാലേകാൽ വർഷമെടുത്ത് പൂർത്തിയാക്കിയ തിരക്കഥയാണത്. ബാബു ആന്റണിയാണ് നാലാമത്തെ സിനിമയിലെ നായകൻ.
കുടുംബവിശേഷം
ഭാര്യ ശ്രീജാ പി. നായർ. മകൾ പാർവതി എസ്. സുരേഷ്. ഗുജറാത്തിലെ നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റിയിൽ എം.എസ്സി ടോക ്സികോളജി ചെയ്യുന്നു. വീട്ടിൽ സിനിമ ചർച്ച ചെയ്യാറില്ല. ഭാര്യയും മോളും സിനിമകൾ കാണാറുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് സിനിമ കാണാൻ പോകാറുള്ളത്. മിക്കവാറും സെക്കൻഡ് ഷോയ്ക്കാണ് പോകാറ്.