സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ 'ജോജി"യിൽ പനച്ചേൽ കുട്ടപ്പൻ.
പി.എൻ സണ്ണിയുടെ ജിമ്മൻ വിശേഷങ്ങൾ

26 വർഷം മുൻപ് മാർച്ച് 30. ആടുതോമയെ തീർക്കാൻ പൂക്കോയ ഇറക്കിയ തൊരപ്പൻ ബാസ്റ്റിൻ അന്നാണ് കാഴ്ച ഒരുക്കിയത്. 26 വർഷങ്ങൾക്കുശേഷം 2021 ഏപ്രിൽ 7. അന്നത്തെ പോലെ കുതിരപ്പവന് വേണ്ടി എന്തും ചെയ്യുന്ന ഏഴാംകൂലിയല്ല അയാൾ ഇപ്പോൾ. സ്വന്തം പുരയിടവും റബറും കൃഷിയുമെല്ലാമുണ്ട്. അയാളിൽ ഒതുങ്ങി കൂടുന്ന മക്കളും മരുമക്കളും. അന്ന് പേരു പോലും ആരും അന്വേഷിച്ചില്ല. അപ്പോഴും കോട്ടയം വാകത്താനത്തുകാര് പറഞ്ഞു, നമ്മുടെ ചിറപ്പുറത്തെ സണ്ണിച്ചായൻ. പൊലീസിലുള്ള.എന്നാൽ ഇപ്പോൾ എല്ലാവർക്കും അറിയാം പി.എൻ സണ്ണിയെ.
'ജോജി"യിൽ ഫഹദ് ഫാസിലിന്റെ അപ്പൻ വേഷത്തിൽ എത്തിയ പനച്ചേൽ വീട്ടിൽ കുട്ടപ്പൻ . കട്ട ബോഡിയും ഉയർന്ന തലയെടുപ്പുമായി കുട്ടപ്പൻ, അല്ല പി.എൻ സണ്ണി തന്റെ ജിംനേഷ്യത്തിൽ മസിൽ പെരുപ്പിക്കാൻ പോവുന്നു. സീൻ ഇപ്പോൾ മാറും.അതിനു മുൻപ് ആ വിശേഷങ്ങളിലേക്ക്.
വാം അപ്
ജോജിയുടെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനാണ് പനച്ചേൽ കുട്ടപ്പന്റെ വേഷത്തിലേക്ക് വിളിക്കുന്നത്.ശ്യാം പുഷ്കരൻ തിരക്കഥ എഴുതിയ ഇയോബിന്റെ പുസ്തകത്തിൽ അഭിനയിച്ചിരുന്നു.സംവിധായകൻ ദിലിഷ് പോത്തൻ എന്നെകൊണ്ട് ഒരോന്ന് അഭിനയിപ്പിച്ചു. കുഴപ്പമില്ലാതെ ചെയ്തുവെന്ന് എനിക്ക് തോന്നി. കോട്ടയംകാരനയതിനാൽ കോട്ടയം ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ സാധിച്ചു. എരുമേലിയിലായിരുന്നു ഷൂട്ടിംഗ്. ആളുകൾ ജോജിയെയും കുട്ടപ്പനെയും ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം.മുൻപ് കോട്ടയം സി.വി. എൻ കളരിയിൽ കളരി പരിശീലിപ്പിച്ചിരുന്നു. അന്ന് ജോർജ്( സ്ഥടികം ജോർജ്) സ്ഥടികം സിനിമയുടെ ആവശ്യാർത്ഥം സിവിഎന്നിൽ വന്നിരുന്നു. അന്ന് ജോർജിനെ പരിശീലിപ്പിച്ചത് ഞാനാണ്. ജോർജാണ് ഭദ്രനോട് എന്നെ കുറിച്ച് പറയുന്നത്. ഇട്ടിരുന്ന ബനിയൻ ഊരി ആടു തോമയ്ക്ക് മുൻപിൽ നെഞ്ച് വിരിച്ചു നിൽക്കുന്ന തൊരപ്പൻ ബാസ്റ്റിൻ . ആടുതോമയെ പിന്നിൽനിന്ന് കുത്തി വെള്ളത്തിൽ ചാടി മറയുന്ന തൊരപ്പൻ ബാസ്റ്റിനെ ആളുകൾ ഒരിക്കലും മറക്കില്ല. കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടും ഞാൻ അധികം സിനിമകളിലൊന്നും അഭിനയിച്ചില്ല.
പൊലീസ് ജോലി വിടാനുള്ള മടിയായിരുന്നു ഒരു കാരണം. പിന്നെ ചാൻസ് ചോദിച്ചു പോകാനും സാധിച്ചില്ല.ഹൈവേ, അശ്വാരൂഢൻ, സ്വസ്ഥം ഗൃഹഭരണം,അൻവർ, ഡബിൾ ബാരൽ തുടങ്ങിയ സിനിമകളിലും ചെറിയ വേഷം ചെയ്തു. രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സഞ്ജു സുരേന്ദ്രന്റെ 'ഏദൻ "സിനിമയിൽ മാടൻ തമ്പി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ജോജിയിലെ പനച്ചേൽ കുട്ടപ്പനാണ്.
45 വർഷായി ജിമ്മിൽ പോകാൻ തുടങ്ങിയിട്ട്. അതിനും അഞ്ച് വർഷം മുൻപ് മുതൽ യോഗ ആരംഭിച്ചിരുന്നു. ഒന്നര മണിക്കൂർ ജിമ്മിൽ ചിലവഴിക്കും. അതിന് മുടക്കം വന്നാൽ സൂര്യ നമസ്കാരം. മുൻപ് മിസ്റ്റർ കേരള മത്സരങ്ങൾക്ക് പോകാറുണ്ടായിരുന്നു. 85 കിലോ ഗ്രാം വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ജോജിയുടെ ഷൂട്ടിംഗ് കാണാൻ വന്നവരിൽ പലരും എന്റെ ഫിറ്റ്നെസ് ചോദിച്ചറിഞ്ഞു. അവിടെയും എനിക്ക് ശിഷ്യൻമാരുണ്ടായി.പാല സ്റ്റേഷനിൽനിന്ന് എസ്.െഎയാണ് വിരമിച്ചത്. വയസ് 64 ആയി.ഭാര്യ റെവമി, പനച്ചേൽ കുട്ടപ്പനെ പോലെ എനിക്കും മൂന്നു മക്കളാണ്. രണ്ട് പെണ്ണും ഒരു ആണുമാണെന്ന് മാത്രം. അഞ്ജലി, ആതിര, അലക്സി . പെൺകുട്ടികൾ രണ്ടുപേരും ടെക് നോപാർക്കിൽ ഇളയ മകൻ അലക്സി എം.ബി . എയ്ക്ക് പഠിക്കുന്നു. പനച്ചേൽ കുട്ടപ്പനായി ഞാൻ അഭിനയിച്ചില്ലെന്നാണ് മക്കൾ പറയുന്നത്. അവരെ വഴക്കു പറയുന്നതുപോലെ തോന്നിയത്രേ.സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതിന് ശ്യാം പുഷ്കരനോടും ദിലീഷ് പോത്തനോടും ഒരുപാട് നന്ദിയുണ്ട്. ഇനി സിനിമയിൽ അഭിനയിക്കാൻ കഴിയുമെന്ന് ഒട്ടുംവിചാരിക്കാത്ത സമയത്താണ് അവർ വിളിക്കുന്നത്. ജോജി കഴിഞ്ഞു പുതിയ സിനിമകളിൽനിന്ന് വിളി ഇതുവരെ വന്നില്ല.'ഞങ്ങളുടെ സിനി മ ഇഷ്ടം പോലെയുണ്ട്. ചേട്ടൻ റെഡിയായിരിക്കാൻ" ദിലീഷ് പോത്തൻ പറഞ്ഞിട്ടുണ്ട്. എല്ലാം ദൈവാനുഗ്രഹമായി കരുതുന്നു.