വാക്കിലും നിലപാടിലും വ്യത്യസ്ത പുലർത്തുന്നു സാധിക വേണുഗോപാൽ
''എന്റെ ശരീരം തുറന്നുകാണിക്കണോ വേണ്ടയോ എന്നൊക്ക എന്റെ തീരുമാനമാണ്. ബോൾഡ് ലുക്കിൽ ഒരു ഫോട്ടോഷൂട്ട് നടത്തുന്നത് എന്റെ ഇഷ്ടമാണ്. അത് കണ്ട് കുരുപൊട്ടുന്ന ചില ആൾക്കാർ പറഞ്ഞു നടക്കും സിനിമയിൽ അവസരം കിട്ടാൻ വേണ്ടി തുണിയഴിച്ച് ഫോട്ടോയെടുത്തുവെന്ന്. ഇവർക്കൊക്കെ എന്തിന്റെ അസുഖമാണ്. ഞാൻ ഇതുവരെ അഭിനയിച്ച എല്ലാ സിനിമകളിലും ചെയ്തതാകട്ടെ വീട്ടമ്മമാരുടെ റോളുകൾ. എന്റെ ഫോട്ടോകണ്ടിട്ട് എനിക്കെങ്ങനെ അവസരം കിട്ടും. എനിക്ക് നന്നായി അഭിനയിക്കാൻ കഴിവുണ്ടെങ്കിൽചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളുണ്ടെങ്കിൽ അവസരങ്ങൾ കിട്ടും.""സമൂഹ മാദ്ധ്യമങ്ങളിൽ സാധിക വേണുഗോപാൽ പങ്കുവയ്ക്കുന്ന ഫോട്ടോ കണ്ടാൽ ചിലർ 'ആക്രമിക്കും". എന്നാൽ അത്തരക്കാരെ സാധിക വെറുതേ വിടാറില്ല. തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന് അത് ആരുടെ മുന്നിലും പറയാൻ മടികാണിക്കാത്ത സാധികയ്ക്ക് ഇപ്പോൾ കൈനിറയെ സിനിമകൾ.
പുതിയ സിനിമാ വിശേഷം?
ജോഷിസാറിന്റെ പാപ്പനിൽ അഭിനയിക്കുന്നു ,ബി . ഉണ്ണിക്കൃഷ്ണൻ സാറിന്റെ ആറാട്ടിൽ അഭിനയിച്ചു. ഇത് തന്നെയാണ് സന്തോഷം തരുന്ന ഏറ്റവും പുതിയ വിശേഷം. പാപ്പനിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ്.ജോഷി സാറിന്റെ പൊറിഞ്ചു മറിയം ജോസിലും അഭിനയിച്ചു. പൊറിഞ്ചു ടീമിലെ മിക്കവരും പാപ്പാനിലുമുണ്ട്. ആറാട്ടിൽ വിജയരാഘവൻ ചേട്ടൻ ചെയ്യുന്ന കഥാപാത്രത്തിന്റെ മരുമകളായിട്ടാണ്. കുറച്ചു ഭാഗം മാത്രമാണ് ആറാട്ടിൽ ഉള്ളതെങ്കിലും ലാലേട്ടനുമായി കോമ്പിനേഷൻ സീനെല്ലാം വരുന്നുണ്ട്.അതുപോലെ ബാച്ചിലേഴ്സിന്റെ കഥപറയുന്ന ബാച്ചിലേഴ്സ് എന്ന ചിത്രത്തിൽ ലീഡ് റോൾ ചെയ്യുന്നുണ്ട്. ശ്യാം ലെനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സാധികയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്ന വിമർശനങ്ങൾക്ക് നല്ല മറുപടി കൊടുക്കുന്നത് കണ്ടിട്ടുണ്ട് . അതിനെ കുറിച്ച് ?
എന്റെ ശരീരം തുറന്നു കാണിക്കുന്നതിൽ എനിക്കോ എന്റെ കുടുംബത്തിനോ ഒരു പ്രശ്നവുമില്ല.പിന്നെ ബാക്കി ഉള്ളവർക്ക് പ്രശ്നമുണ്ടെങ്കിൽ ഞാനത് മൈൻഡ് ചെയ്യുന്നില്ല. പിന്നെ ഒരുകൂട്ടർ പറയുന്നുണ്ട് എന്റെ ഫോട്ടോകൾ പലരെയും വഴിതെറ്റിക്കുന്നുണ്ടെന്ന്.നമ്മുടെ ഭാരതീയ സംസ്കാരത്തിന്റെ അടിസ്ഥാനമായ ഖജുരാവോ ശില്പങ്ങൾ നമ്മൾ ആരാധിക്കുന്നവരാണ്. ആ ശില്പങ്ങളെല്ലാം നഗ്നതയും സെക്സ് പോസ്റ്റേഴ്സുമെല്ലാമാണ് കാണിക്കുന്നത്. അതാർക്കും കുഴപ്പമില്ല. എല്ലാവരും ആരാധിക്കുന്നു. എന്നാൽ സാധാരണ മനുഷ്യർ അതിനെ കുറിച്ച് തുറന്നു പറഞ്ഞാൽ അവരെ പലപേരുമിട്ടും വിളിക്കും. ഇതിനെകുറിച്ച് തുറന്നു സംസാരിക്കാൻ മടികാണിക്കുന്നത് തന്നെയാണ് ഇതിനെ അപരിചിതമായി തോന്നിപ്പിക്കുന്നതും.
വസ്ത്രം ഓരോരുത്തരുടെയും കംഫർട്ടാണ്. അതിന്റെ അളവുകോൽ , കാണുന്നവരല്ല തീരുമാനിക്കേണ്ടത്.എനിക്ക് ഇഷ്ടപ്പെടുന്ന വസ്ത്രങ്ങൾ ഞാൻ ധരിക്കും ഫോട്ടോകൾ എടുക്കും. ഞാൻ സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഫോള്ളോവേഴ്സിനെ കൂട്ടാനോ ലൈക് കൂട്ടാനോ ഒന്നുമല്ല. . അവിടെ വന്നു കമന്റ് ചെയ്യുന്നവർക്ക് ഞാൻ മറുപടി കൊടുക്കും. ഞാൻ ഇന്ത്യയിൽ ജീവിക്കുന്ന പൗരനാണ്. മറ്റുള്ളവരെ ഹനിക്കാത്ത എന്ത് കാര്യവും എനിക്കിവിടെ ചെയ്യാം. എന്റെ ഡ്രസ്സിന്റെ അളവ് കുറഞ്ഞു. ഞാൻ കാണിക്കാൻ പാടില്ലാത്ത എന്തൊക്കെയോ കാണിച്ചുവെന്നൊക്കെ പറയുന്നവരുണ്ട്.അതെല്ലാം എന്റെ അവകാശമാണ് അതിൽ കൈകടത്താൻ ഒരാൾക്കും അധികാരമില്ല.
ഇൻബോക്സിൽ വന്നു ആരെങ്കിലും ശല്യം ചെയ്യാറുണ്ടോ?
ഞാനിപ്പോൾ ഒന്നും മൈൻഡ് ചെയ്യാറില്ല. കമന്റിൽ വന്നു സദാചാരം പറയുന്നവരായിരിക്കും ഇൻബോക്സിൽ വന്നു ചേച്ചി സ്വകാര്യഭാഗം കാണിച്ചുള്ള ഫോട്ടോ തരുമോയെന്നൊക്കെ ചോദിക്കുക. പലരും വന്നു ഇൻബോക്സിൽ ചോദിക്കുന്ന കാര്യങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് . അപ്പോൾ പലരും പറയും നിങ്ങൾക്ക് കാണിക്കാൻ പറ്റുമെങ്കിൽ അത് ചോദിക്കുന്നതാണോ തെറ്റെന്ന്. ഞാൻ എന്റെ ശരീരം കാണിക്കുന്നതും ഫോട്ടോയിടുന്നതും എന്നെ തൊടാനോ പിടിക്കാനോയുള്ള ലൈസൻസല്ല . ശരീരം ഓരോരുത്തരുടെ അവകാശമാണ്. അത് ആണായാലും പെണ്ണായാലും അവർക്ക് ഇഷ്ടമുള്ളപ്പോൾ അവരുടെ സമ്മതപ്രകാരം മാത്രമേ അത് തൊടാൻ പോലും പാടുള്ളൂ.
വീ ഹാവ് ടൂ ലഗ്സ്
കാമ്പയിനെക്കുറിച്ച് ?
ഞാൻ ഗ്ളാമറസ് ഫോട്ടോഷൂട്ട് ചെയ്യുന്ന സമയത്ത് സിനിമാമേഖലയിൽ ആരും അത്തരത്തിൽ ഫോട്ടോഷൂട്ട് ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ വരുന്ന കുട്ടികളെല്ലാം ചെയ്യുന്നുണ്ട്.അതാണല്ലോ കാലു കാണിച്ച കാമ്പയിൻ പോലും നടന്നത്. മാറ്റങ്ങൾ വരട്ടെ. സന്തോഷമുണ്ട്.
സിനിമയിൽ ഗ്ലാമറസ് വേഷങ്ങളിൽ കണ്ടിട്ടില്ല. തിരഞ്ഞെടുക്കാത്തതാണോ ?
ഒരിക്കലുമല്ല. എനിക്ക് വരുന്ന കഥാപാത്രങ്ങൾ മിക്കതും വീട്ടമ്മ വേഷങ്ങളാണ്. ഗ്ലാമറസ് വേഷങ്ങൾക്ക് വേണ്ടിയല്ല കഥാപാത്രങ്ങൾ ചെയ്യുന്നത്. കഥാപാത്രം ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ ഗ്ലാമറസ് വേഷം ചെയ്യാനോ ലിപ് ലോക്ക് ചെയ്യാനോ ബെഡ് റൂം സീൻ ചെയ്യാനോ ഒരു മടിയുമില്ല.
സിനിമ മേഖലയിൽ നിന്ന് മോശം അനുഭവം നേരിട്ടുണ്ടോ?
2010 മുതൽ സിനിമയിലുണ്ട്. ആ സമയത്ത് സിനിമയിൽ കാസ്റ്റിംഗ് കൗച്ച് പോലെയുള്ള കാര്യങ്ങൾ നേരിട്ട ഒരുപാട് പേരെ അറിയാം. സിനിമയിൽ കഥാപാത്രം ചെയ്യണമെങ്കിൽ അഡ്ജസ്റ്റ്മെന്റിന് തയ്യാറാവണമെന്ന് പറഞ്ഞു ഇഷ്ടപോലെ കാളുകൾ വന്നിട്ടുണ്ട്. എല്ലാവരേയും പറയുന്നില്ല പക്ഷേ ഒരു ഗ്രൂപ്പ് അങ്ങനെയാണ്. അല്ലാതെയുള്ള മോശം അനുഭവം നേരിടേണ്ടിവന്നിട്ടില്ല.
വിവാഹമോചനത്തെ
കുറിച്ച് ?
2015 നായിരുന്നു വിവാഹം. 2018 ൽ വേർപിരിഞ്ഞു. എന്റെ തീരുമാനമായിരുന്നു വിവാഹമോചനം വേണമെന്നത്. പരസ്പരം മനസിലാക്കി പോവാൻ കഴിയുന്നില്ലെങ്കിൽ പിരിയണം. ഒരു സമാധാനമില്ലാതെ മറ്റൊരു ജീവിതത്തിൽ നിൽക്കുന്നതിനേക്കാൾ നല്ലത് സമാധാനത്തോടെ നമുക്ക് നമ്മളായിരിക്കാൻ സാധിക്കണം.ഇപ്പോൾ ഞാൻ സന്തോഷവതിയാണ്. എന്നെ എന്റെ അച്ഛനും അമ്മയും വളർത്തിയത് പേടിക്കാതെയാണ്. വിവാഹശേഷം മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നോ ഇല്ലയോ എന്നൊക്കെ നോക്കി കാര്യങ്ങൾ ചെയ്യേണ്ടിവപ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടമായി. ഞാൻ എടുത്ത നല്ലൊരു തീരുമാനമായിരുന്നു വിവാഹമോചനം.
ഇത്രയും ബോൾഡ് ആയതിന്റെ കാരണക്കാർ ?
എന്റെ ചിന്തകളുടെയും തുറന്ന മനോഭാവത്തിന്റെയും കാരണക്കാർ എന്റെ കുടുംബമെന്ന് പറയുന്നതായിരിക്കും നല്ലത്. അച്ഛൻ വേണുഗോപാൽ .അച്ഛൻ സിനിമ മേഖലയിലുണ്ടായിരുന്നു. കെ.എസ്. സേതുമാധവൻ സാറിന്റെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു.ഒരുപാട് വർഷങ്ങൾക്ക് ശേഷം അച്ഛൻ ഇപ്പോൾ തിരക്കഥകൾ എഴുതുന്നുണ്ട് . അച്ഛന്റെ സിനിമയിൽ അഭിനയിക്കണമെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. അമ്മ രേണുക ദേവി താളവട്ടം , കാതോട് കാതോരം തുടങ്ങി ഇരുപത്തഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അനിയൻ വിഷ്ണു ബംംഗ് ളൂരുവിൽ ജോലി ചെയ്യുന്നു.