അഗർത്തല: ത്രിപുരയിൽ കർഫ്യൂവിന്റെ പേരിൽ വിവാഹ പാർട്ടിയിലെത്തി വരനേയും ബന്ധുക്കളെയും കയ്യേറ്റം ചെയ്ത ജില്ലാ കളക്ടർ മാപ്പ് പറഞ്ഞു. സംഭവം വിവാദമായപ്പോഴാണ് വെസ്റ്റ് ത്രിപുര ജില്ലാ മജിസ്‌ട്രേറ്റ് ശൈലേഷ് കുമാർ യാദവ് മാപ്പ് പറഞ്ഞ് തടിയൂരിയത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഗർത്തല മുനിസിപ്പൽ കൗൺസിൽ പരിധിയിൽ രാത്രി പത്ത് മണി മുതൽ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ത്രിപുരയിലെ മാണിക്യ കോർട്ടിൽ ഒരു വിവാഹചടങ്ങ് നടന്നിരുന്നു.
കർഫ്യൂ ലംഘിച്ച് ചടങ്ങ് നടത്തിയെന്ന് ആരോപിച്ച് ചടങ്ങിലേക്ക് ശൈലേഷ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയായിരുന്നു.വരനേയും വിവാഹത്തിനെത്തിയ അതിഥികളേയും കൈയേറ്റം ചെയ്തു. മുപ്പതോളം പേരെ അറസ്റ്റ് ചെയ്തു.ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
വിവാഹത്തിന് അധികൃതരിൽ നിന്ന് അനുമതി വാങ്ങിയ കത്ത് ബന്ധുക്കൾ കാണിച്ചപ്പോൾ കളക്ടർ അത് വാങ്ങി വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.