ഇൗ പറക്കും തളികയ്ക്ക് ഇരുപത് വയസ്സ്. പതിനാറാം വയസ്സിൽ
നായികയായി അരങ്ങേറിയ നിത്യാദാസ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
ആകാശത്ത് മൊട്ടിട്ട ഒരു പ്രണയകഥയിലെ നായികയാണ് നിത്യാദാസ്. ആദ്യസിനിമയുടെ പേര് പോലെ പറക്കുംതളികയിലാണ് നിത്യയുടെ പ്രണയം പൊട്ടി വിടർന്നത്.
ചെന്നൈയിലേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് ജമ്മു സ്വദേശിയായ അരവിന്ദ് സിംഗ് ജംവാലിനെ കണ്ടുമുട്ടുന്നത്. വിമാനത്തിലെ കാബിൻ ക്രൂവായിരുന്നു അരവിന്ദ്.
'രഞ്ജിത്ത് സാറും വി.എം. വിനു സാറുമൊക്കെ എന്നോടൊപ്പം ആ ഫ്ളൈറ്റിലുണ്ടായിരുന്നു. അരവിന്ദിനോട് സംസാരിക്കാനുള്ള ഒരു പ്രചോദനം തന്നത് അവരായിരുന്നു. ആ യാത്രയിലും പിന്നെ ഒരുപാട് യാത്രകളിലും അരവിന്ദിനെ കണ്ടു വിധിയുടെ നിയോഗം പോലെ. ആളെ അടുത്തറിഞ്ഞപ്പോൾ കൂടുതൽ സംസാരിച്ചപ്പോൾ എനിക്ക് ചേരുന്ന ആൾതന്നെയാണെന്ന് തോന്നി. രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ ഒരു ശീലം അധികം ആണുങ്ങൾക്കാെന്നും ഉണ്ടാകാൻ വഴിയില്ല. പക്ഷേ അരവിന്ദ് അങ്ങനെ ഒരു ശീലമുള്ള ആളായിരുന്നു. ഞങ്ങൾ തമ്മിൽ അങ്ങനെ പല കാര്യങ്ങളിലും സാമ്യതകളുണ്ടായിരുന്നു. വീട് വൃത്തിയാക്കി വയ്ക്കുന്നതിന് എന്റെ വീട്ടിൽ ഞാൻ പലപ്പോഴും വഴക്ക് കേട്ടിട്ടുണ്ട്. കാരണം അച്ഛൻ ഒരിടത്ത് വച്ച സാധനം അവിടെ കാണില്ല. ഞാനതൊക്കെ ഒതുക്കി വൃത്തിയാക്കി മറ്റെവിടെയെങ്കിലും കൊണ്ട് വയ്ക്കും. എന്നെപോലെ വൃത്തിയും അടുക്കും ചിട്ടയുമുള്ള ആളാണ് അരവിന്ദും.
അരവിന്ദ് എന്നോട് പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ ഞാൻ സംഭവം വീട്ടിൽ പറഞ്ഞു. എന്റെ വീട്ടുകാർക്ക് ഒട്ടും സമ്മതമായിരുന്നില്ല. ജമ്മുവിലാണ് നാടെന്നറിഞ്ഞപ്പോൾ 'വല്ല തീവ്രവാദിയുമായിരിക്കുമോ"യെന്നായിരുന്നു അമ്മയുടെയും അച്ഛന്റെയും സംശയം.
ഒട്ടും ധൃതി വേണ്ട. എന്റെ ചേട്ടന്റെ കല്ല്യാണമാണ് നിത്യയും വീട്ടുകാരും കല്യാണത്തിന് വന്ന് ഞങ്ങളുടെ നാടുംവീടും സംസ്കാരവും ജീവിത രീതിയുമൊക്കെ കണ്ടിട്ട് മതിയെന്ന അഭിപ്രായമായിരുന്നു അരവിന്ദിന്. അവരുടെ കല്യാണം പത്തുദിവസമുണ്ടാകും. ഞാനും അച്ഛനും അമ്മയും ചേച്ചിയും ചേച്ചിയുടെ ഭർത്താവുമൊക്കെ കല്യാണത്തിന് പത്തുദിവസവുമുണ്ടായിരുന്നു. പത്തുദിവസം കൊണ്ട് അവരുടെ വീടുമായും വീട്ടുകാരുമായും ബന്ധുക്കളുമായും ജീവിത രീതികളുമായുമൊക്കെ ഞങ്ങൾ അടുത്തു. വേറെ ഏതോ ഗ്രഹത്തിലെ ആൾക്കാരാണ് അവരൊക്കെയെന്ന ധാരണ മാറി. നമ്മളെ പോലെ തന്നെയുള്ള നമ്മുടേതുമായി സാമ്യമുള്ള ജീവിതരീതിയുള്ള ആളുകൾ. അരവിന്ദിന്റെ അച്ഛനും അമ്മയുമൊക്കെ നല്ല ആൾക്കാരാണ്. അവരെയൊക്കെ അടുത്ത് പരിചയപ്പെട്ടപ്പോൾ എന്റെ അച്ഛന്റെയും അമ്മയുടെയുമൊക്കെ മനസ് മാറി.
കല്യാണം കഴിഞ്ഞ് ജമ്മുവിലും കോഴിക്കോടുമായി ഞങ്ങൾ മാറിമാറിതാമസിച്ചു.
'കോഴിക്കോട് വിട്ട് ഞാനെങ്ങോട്ടും വരില്ല"യെന്ന ഒരപേക്ഷയേ ഞാൻ അരവിന്ദിനോട് പറഞ്ഞുള്ളൂ.
കൊവിഡ് കാലംവന്നതോടെ ഫ്ളൈറ്റുകൾ ഒരുപാട് കുറഞ്ഞത് ഞങ്ങളുടെ വിരഹം ഇല്ലാതാക്കിയെന്ന് തന്നെ പറയാം.
രണ്ട് മക്കളാണ് ഞങ്ങൾക്ക്. മോളാണ് മൂത്തത്. നയന ജംവാൽ, മോന്റെ പേര് നമൻ സിംഗ് ജംവാൽ മോള് എട്ടാംക്ളാസിലേക്കാണിനി. മോന് രണ്ടര വയസാകുന്നതേയുള്ളൂ.
രണ്ട് മക്കളുടെ അമ്മയാണെന്ന കാര്യം പലപ്പോഴും ഞാൻ മറന്നുപോകാറുണ്ട്. മോളാണ് പലപ്പോഴും അമ്മേ, അമ്മയൊരു അമ്മയാണെന്ന് എന്നെ ഒാർമ്മിപ്പിക്കാറുള്ളത്. എന്നെക്കാൾ മെച്യൂരിറ്റിയുണ്ട് മോൾക്ക്. പല കാര്യങ്ങളും അവളിൽ നിന്നാണ് ഞാൻ പഠിക്കുന്നത്. എല്ലാ കാര്യങ്ങൾക്കും മക്കൾക്കൊപ്പം നിൽക്കുന്ന ഒരമ്മയാണ് ഞാൻ. അതേസമയം കർക്കശക്കാരിയാവേണ്ടയിടത്ത് അങ്ങനെ ചെയ്യും. ദൈവം സഹായിച്ച് മക്കൾക്ക് എന്നെ പേടിയും ബഹുമാനവുമുണ്ട്.
ഭാര്യയെന്ന നിലയിൽ ഞാൻ വലിയ കുഴപ്പമില്ലെന്ന് തോന്നുന്നു. പാചകത്തിൽ ഞാൻ അത്യാവശ്യം എക്സ്പർട്ടാണ്.
മക്കൾക്കൊക്കെ അരവിന്ദിന്റെ നാട്ടിലെ ഭക്ഷണരീതികളോടാണ് ഇഷ്ടം. ചപ്പാത്തിയും റാസ്മയും സബ്ജിയുമൊക്കെയാണ് അവരുടെ ഫേവറിറ്റ്. എനിക്കാണെങ്കിൽ ചോറും സാമ്പാറും മീൻകറിയുമൊക്കെയാണ് ഇഷ്ടം. പിള്ളേർക്കാണെങ്കിൽ മീൻകറി ഇഷ്ടവുമല്ല. ഞാൻ ഒരു മീനൊക്കെയേ കഴിക്കൂ. എനിക്ക് മീൻ കറി കഴിക്കണമെന്ന് തോന്നുമ്പോൾ ഒരു മീനായിട്ട് വാങ്ങാൻ പറ്റില്ലല്ലോ. മീൻ കറി വെയ്ക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. ഞാനപ്പോൾ അമ്മയെ വിളിച്ച് പറയും. അമ്മ വീട്ടിൽ മീൻകറിവച്ച് എന്റെ ഫ്ളാറ്റിലേക്ക് കൊടുത്തുവിടും. മോനെ ഞാൻ പതുക്കെ പതുക്കെ മീൻകറിയൊക്കെ കൊടുത്ത് എന്റെ രുചികളിലേക്കും രീതികളിലേക്കും മാറ്റിയെടുക്കുന്നുണ്ട്.മോളെ കൂടുതലും നോക്കിയിട്ടുള്ളത് അരവിന്ദിന്റെ അച്ഛനും അമ്മയുമാണ്. ഇപ്പോഴവർക്ക് അല്പം ആരോഗ്യപ്രശ്നങ്ങളുള്ളത് കൊണ്ട് അധികം യാത്ര ചെയ്യാനൊന്നും കഴിയില്ല. ആറുമാസം എന്റെകൂടെയും ആറുമാസം ജമ്മുവിലുമാണ് അവർ കഴിഞ്ഞിരുന്നത്.
ജമ്മുവാണെന്ന് പറയുമ്പോ ചിലർ കാശ്മീരിയാണോയെന്ന് ചോദിക്കും. ജമ്മുവും കാശ്മീരും തമ്മിൽ കേരളവും തമിഴ്നാടും പോലെയുള്ള വ്യത്യാസമുണ്ട്. സംസ്കാരം മുതലുള്ള പല കാര്യങ്ങളിലും.അരവിന്ദിന്റെ അമ്മയ്ക്ക് ഇപ്പോൾ സുഖമില്ലാതെയിരിക്കുകയാണ്.ഞാനഭിനയിച്ച ചില സിനിമകൾ മോൾ കണ്ടിട്ടുണ്ട്. അരവിന്ദ് ഒന്നും കണ്ടിട്ടില്ല. ആൾക്ക് മലയാളം അത്ര അറിയാത്തതിനാലാവും . ഇതുവരെ കാണണമെന്ന് പറഞ്ഞിട്ടില്ല.
പറക്കും തളിക കണ്ടിട്ട് മോൾ നല്ലതേ എന്നെപ്പറ്റി പറഞ്ഞിട്ടുള്ളൂ. അവൾ എന്നെപ്പറ്റി നെഗറ്റീവായിട്ടൊന്നും പറയുന്ന മോളല്ല.മോളൊരു ചെറിയ കലാകാരിയാണ്. നന്നായി ഡാൻസ് ചെയ്യും. നാളെ കലാരംഗത്തേക്ക് അവൾ വന്നുകൂടെന്നൊന്നുമില്ല. ഇൻശാ അള്ളാഹ്. തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കുകയെന്നറിയാത്ത ജീവിതത്തിൽ എന്തുകാര്യം ചെയ്യുന്നതിന് മുൻപും ഇസ്ലാമായ ഏതൊരു മനുഷ്യനും പറയുന്ന വാക്ക്. ഇൻഷാ അള്ളാഹ്. ദൈവം അനുഗ്രഹിക്കുകയാണെങ്കിൽ..
കുട്ടിക്കാലം തൊട്ടേ കൂട്ടുകാരിലേറെയും ഇസ്ലാം മത വിശ്വാസികളായിരുന്നതിനാലാവാം നിത്യാദാസും നാളെ നടക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ ദൈവാനുഗ്രഹമുണ്ടാകട്ടെയെന്ന അർത്ഥത്തിൽ ഇൻഷാ അള്ളാഹ്.. എന്ന് പറഞ്ഞുപോകും.'ഞാൻ ഇടയ്ക്കിടെ ഇൻഷാ അള്ളാഹ്.. എന്ന് പറയുന്നതുപോലെ എന്റെ മുസ്ളിം കൂട്ടുകാർ ഒാണത്തിനും വിഷുവിനുമൊക്കെ സെറ്റ് സാരിയൊക്കെ ഉടുക്കും. ചന്ദനക്കുറി തൊടും. നിത്യാദാസ് പറഞ്ഞുതുടങ്ങി.
ചെന്നൈയിൽ ഒരു തമിഴ് ടെലി സീരിയലിന്റെ ചിത്രീകരണത്തിരക്കിനിടയിലാണ് നിത്യാദാസിനെ കണ്ടത്.
'മലയാളത്തിലും തമിഴിലുമൊക്കെ ഇതിന് മുൻപും സീരിയലുകൾ ചെയ്തിട്ടുണ്ട്. കൊറോണ സമയത്ത് ബോറടിച്ചിരുന്നപ്പോൾ വന്നതാണ് ഇൗ സീരിയലിലേക്കുള്ള ഒാഫർ".
പറക്കുംതളിക റിലീസായിട്ട് ഇരുപതുവർഷമായെന്ന് പലരും പറയുമ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്. എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നുപോകുന്നത്. പതിനാറ് വയസുള്ളപ്പോഴാണ് ഞാൻ പറക്കും തളികയിൽ അഭിനയിക്കുന്നത്. ഇരുപത് വർഷം കഴിഞ്ഞിട്ടും എനിക്ക് വലിയ മാറ്റമൊന്നുമില്ലെന്ന് പലരും പറയുമ്പോഴും അത്ഭുതം തോന്നും.
എനിക്ക് മാറ്റമൊന്നുമില്ലേ! എനിക്കറിയില്ല. പതിവായി വർക്കൗട്ട് ചെയ്യുന്നതാകാം വലിയ മാറ്റമൊന്നുമില്ലാത്തതിന് ഒരു കാരണം. കല്യാണം കഴിഞ്ഞശേഷമാണ് ഞാൻ വർക്കൗട്ട് ചെയ്യാനൊക്കെ തുടങ്ങിയത്.
സിനിമയിലേക്ക് എന്നാണ് ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തിരിച്ചുവരുന്നതെന്ന് ചോദിച്ചാൽ നിത്യയുടെ മുഖത്ത് പതിവ് ചിരി നിറയും."
"ആർക്കറിയാം! എന്നെ ആരെങ്കിലും വിളിക്കണ്ടേ.. നല്ലൊരു കഥാപാത്രവും സിനിമയും കിട്ടിയാൽ ശക്തമായി തിരിച്ചുവരാൻ ഞാൻ റെഡി.
പറക്കും തളിക വലിയ ഹിറ്റായിരുന്നു. പിന്നീട് കൺമഷി, കുഞ്ഞിക്കൂനൻ, നരിമാൻ തുടങ്ങി കുറച്ച് സിനിമകൾ. ഒരുപാട് നല്ല സിനിമകളൊന്നും എന്നെ തേടി വന്നില്ല. അതൊക്കെ ഒരു യോഗമല്ലേ.
സിനിമാരംഗവുമായി അത്ര അടുപ്പമോ പരിചയമോ ഒന്നുമുള്ള ആൾക്കാരായിരുന്നില്ല ഞങ്ങൾ. സിനിമയിൽ വന്നശേഷവും ഒരുപാട് സുഹൃത് ബന്ധങ്ങളൊന്നുമുണ്ടാക്കാൻ കഴിഞ്ഞില്ല. ഒരുപക്ഷേ ഉണ്ടായിരുന്ന സൗഹൃദങ്ങൾപോലും നിലനിറുത്താൻ കഴിയാതെ പോയത് കൊണ്ടാവാം എന്നെതേടി ഒരുപാട് സിനിമകളൊന്നും വരാത്തത്. അറിയില്ല.
സുഹൃത് ബന്ധങ്ങൾ നിലനിറുത്തുന്ന കാര്യത്തിൽ ഇപ്പോഴും ഞാൻ പിറകോട്ടാണ്.