ന്യൂഡൽഹി : ലോകത്തിന് ഭീഷണിയായി ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് 2020ൽ വൈറസ് പടർന്നപ്പോൾ വിവിധ രാജ്യങ്ങളിലേക്ക് കണക്കറ്റ സഹായവുമായി ഇന്ത്യ മുന്നിൽ നിന്നു. കൊവിഡിന് വാക്സിൻ കണ്ടെത്താനാവാത്ത ഘട്ടത്തിൽ പ്രതിരോധ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യ എത്തിച്ചിരുന്നു. വാക്സിൻ കണ്ടുപിടിച്ച ശേഷവും ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുന്ന് നിർമ്മാണ ശാലയുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽഡ് ഇന്ത്യയിൽ നിർമ്മിച്ചത്. ആദ്യ ഘട്ടത്തിൽ ഈ വാക്സിന്റെ നല്ലൊരു പങ്കും അയൽരാജ്യങ്ങളിലേക്കും, മറ്റ് രാഷ്ട്രങ്ങളിലേക്കും ഇന്ത്യ കയറ്റുമതി ചെയ്തു. വാക്സിൻ മൈത്രി പ്രകാരം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രാജ്യങ്ങൾക്ക് പ്രത്യേകിച്ച് അയൽരാജ്യങ്ങൾക്ക് സൗജന്യമായിട്ടാണ് ഇന്ത്യ മരുന്നെത്തിച്ചത്.
എന്നാൽ കൊവിഡിന്റെ രണ്ടാം വ്യാപനത്തിൽ ഇന്ത്യ പകച്ച് നിൽക്കുന്ന ഒരു അവസ്ഥയാണിപ്പോൾ. ഓക്സിജൻ ക്ഷാമമാണ് കൂടുതൽ രോഗികളുടെ മരണത്തിന് കാരണമായത്. തീ അണയാത്ത ശ്മശാനങ്ങളിലേക്ക് മൃതദേഹങ്ങളുമായി ഊഴം കാത്ത് കിടക്കുന്ന ആംബുലൻസിന്റെയും, പ്രാണവായുവിനായി കഷ്ടപ്പെടുന്ന രോഗികളുടെയും ദൈന്യചിത്രങ്ങളാണ് മാദ്ധ്യമങ്ങളിൽ. ഈ അവസരത്തിൽ നിരവധി വിദേശ രാജ്യങ്ങൾ ഇന്ത്യയെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗത്തെ പിടിച്ചുകെട്ടാനാവാത്തത് ഭരണകൂടത്തിന്റെ വീഴ്ചയായിട്ടാണ് വിദേശ മാദ്ധ്യമങ്ങളിൽ തുടരെ വരുന്ന ലേഖനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് . അതേസമയം മറ്റു രാജ്യങ്ങൾ ഇന്ത്യയെ സഹായിക്കുന്നതിൽ പിശുക്ക് കാട്ടുന്നു എന്ന ആരോപണമാണ് യു എസ് ചീഫ് മെഡിക്കൽ അഡ്‌വൈസറായ ആന്റണി ഫൗരസിക്കുള്ളത്. ഇന്ന് ഇന്ത്യയിൽ 3.60 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂവായിരം കടന്ന് പ്രതിദിന മരണസംഖ്യയും വെല്ലുവിളി ഉയർത്തുന്നതാണ്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് രണ്ട് ലക്ഷത്തോളം പേരാണ് മരണപ്പെട്ടിരിക്കുന്നത്.
ലോകരാജ്യങ്ങൾ പ്രത്യേകിച്ച് സമ്പന്ന രാഷ്ട്രങ്ങൾ ഇന്ത്യയെ സഹായിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ഗാർഡിയന് നൽകിയ അഭിമുഖത്തിൽ ആന്റണി ഫൗരസി ഉന്നയിക്കുന്നത്. ഇപ്പോഴുള്ള ഈ അവസ്ഥയിൽ നിന്നും ഇന്ത്യയെ കൈ പിടിച്ചുയർത്തുന്നതിനായി സമ്പന്ന രാജ്യങ്ങൾ കൂട്ടായി സഹായിക്കേണ്ടതാണ്. ഇപ്പോൾ ആളുകൾ മരിക്കുന്ന ഭയാനകമായ അവസ്ഥയാണുള്ളത്, ആവശ്യത്തിന് ഓക്സിജൻ ഇല്ല, മതിയായ ആശുപത്രി കിടക്കകളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം കോവിഡ് 19 ന്റെ രണ്ടാം തരംഗം പല സംസ്ഥാനങ്ങളിലും പിടിമുറുക്കുമ്പോൾ വിവിധ രാജ്യങ്ങൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ, ജീവൻ രക്ഷിക്കുന്ന മരുന്നുകൾ എന്നി വൈദ്യസഹായങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഫ്രാൻസ്, ജർമ്മനി, ഓസ്‌ട്രേലിയ, അയർലെൻഡ്, ബെൽജിയം, റൊമാനിയ, ലക്സംബർഗ്, പോർച്ചുഗൽ, സ്വീഡൻ എന്നിവയാണ് ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ച പ്രധാന രാജ്യങ്ങൾ. ഈ ആഴ്ച അവസാനത്തോടെ ഇന്ത്യയെ പിന്തുണയ്ക്കുന്നതിനായി ഓക്സിജൻ ജനറേറ്ററുകൾ, ലിക്വിഡ് ഓക്സിജൻ കണ്ടെയ്നറുകൾ, വെന്റിലേറ്ററുകൾ, വായു, കടൽ വഴി മറ്റ് മെഡിക്കൽ സപ്ലൈകൾ എന്നിവ ഇന്ത്യയിലേക്ക് അയച്ചതായി ഫ്രാൻസ് അറിയിച്ചു.
ഓക്സിജൻ ക്ഷാമത്തിന് പുറമേ കൊവിഡ് വരാതിരിക്കുവാനുള്ള വാക്സിൻ നൽകുന്നതിലെ പ്രതിസന്ധിയാണ് ഇപ്പോൾ ഇന്ത്യ നേരിടുന്നത്. ജനുവരി 16 ന് ശേഷം ഇതുവരെ രാജ്യത്ത് ഇതുവരെ 14.77 കോടി ഡോസുകൾ നൽകാൻ കഴിഞ്ഞു. മേയ് 1 മുതൽ 18 വയസിന് മുകളിലുള്ള എല്ലാ മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ് നൽകാൻ തീരുമാനമായെങ്കിലും മുതിർന്നവർക്ക് മുഴുവനായി വാക്സിനേഷൻ നൽകാൻ ആവശ്യമായ വാക്സിൻ സ്റ്റോക്കുകൾ പോലുമില്ലെന്നതാണ് വസ്തുത.