സിനിമാസഞ്ചാരത്തിലെ 25 വർഷ വിശേഷത്തിൽ ഇർഷാദ് അലി
കേച്ചേരിയിൽ നിന്നാണ് ഇർഷാദ് അലിയുടെ സ്വപ്നങ്ങൾ പിച്ചവച്ചു തുടങ്ങുന്നത് . നാടകത്തിൽ അഭിനയിക്കുമ്പോൾ മുതൽ ഉള്ളിലുണ്ട് സിനിമാ നടനാവണമെന്ന ആഗ്രഹം.നൂറിലധികം സിനിമകൾ, സീരിയൽ.മനോഹരമായ യാത്ര.ഇരുപത്തിയഞ്ചു വർഷമായി സിനിമയോടൊപ്പമാണ് ഇർഷാദിന്റെ സഞ്ചാരം.കേച്ചേരി പുഴ പോലെ ഇർഷാദിന്റെ മോഹങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകയാണ്. വേനലിൽ പുഴ വരളും. മഴക്കാലത്ത് നിറഞ്ഞൊഴുകും. ഈ കാഴ്ച ഇർഷാദ് കണ്ടിട്ടുണ്ട്. മറ്റെങ്ങും പോവാതെ പുഴ അവിടെത്തന്നെ. വേറെങ്ങും പോവാതെ സിനിമയോടൊപ്പം ഇർഷാദ് .'ഒാപ്പറേഷൻ ജാവ"യും 'വൂൾഫും " അഭിനയജീവിതത്തിൽ ഏറ്റവും വലിയ വിജയം സമ്മാനിച്ചതിന്റെ തിളക്കത്തിലാണ് ഇർഷാദ്. 'ഇർഷാദ് ഇക്കയെ" ഇത്ര സുന്ദര കഥാപാത്രമായി ഇതിനു മുൻപ് കണ്ടില്ലെന്ന് ഒരു വിഭാഗം പ്രേക്ഷകർ. വേട്ടക്കാരനായി ഇതിനു മുൻപ് കണ്ടിട്ടില്ലെന്ന് മറ്റൊരു കൂട്ടർ. ഫഹദ് ഫാസിലിന്റെ
'മലയൻകുഞ്ഞ് " ദുൽഖർ സൽമാന്റെ 'സല്യൂട്ട് " എന്നീ സിനിമകളിൽ ഇർഷാദിനെ ഇനി കാണാം.കാത്തിരിപ്പുണ്ട് വേറെയും സിനിമകൾ. ആദ്യമായി നിർമാതാവിന്റെ കുപ്പായം അണിയുന്ന 'ആണ്ടാൾ" പ്രേക്ഷകർക്ക് മുൻപിൽ വൈകാതെ എത്തുന്നതാണ് അഭിനയയാത്രയിലെ പുതുവിശേഷം.
25 വർഷം എത്തി അഭിനയയാത്ര ?
പിന്നിട്ട ദൂരം ചെറിയ കാലയളവല്ല. ഇരുപത്തിയഞ്ചു വർഷമായി സിനിമയിലുണ്ട് എന്നത് സന്തോഷവും അഭിമാനവും തരുന്നു. ഇവിടെ വരെ എത്താൻ സാധിച്ചത് വലിയ കാര്യമാണ്. എന്നോടൊപ്പം സിനിമയിൽ അവസരം തേടി വരികയും ഒന്നുമാകാതെ പോവുകയും ചെയ്തവരെ ഇപ്പോഴും പല സ്ഥലത്തും കാണാറുണ്ട്. സിനിമയല്ലാതെ മറ്റൊന്നും ചെയ്യാതെ ഞാൻ ഇവിടെ തന്നെ പിടിച്ചുനിന്നു.ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ സാധിച്ചു. ഏറെ കഥാപാത്രങ്ങൾ ഇനിയും കാത്തിരിക്കുന്നുണ്ടെന്ന് കരുതുന്നു.ഇനിയും കുറേ വർഷങ്ങൾ, സിനിമയിൽ അഭിനയിക്കണം.അതുകൊണ്ട് തുടർന്നും ജീവിക്കണമെന്നാണ് ആഗ്രഹം.
ഓപ്പറേഷൻ ജാവയിലെ കഥാപാത്രം പതിവു പൊലീസ് വേഷങ്ങളിൽ നിന്ന് വ്യത്യസ്തം?
സൈബർ സെല്ലിലെ പൊലീസുകാരന്റെ വേഷമെന്ന് പറഞ്ഞാണ് സംവിധായകൻ തരുൺ വിളിക്കുന്നത്. ഒാപ്പറേഷൻ ജാവ താരതമ്യേന പുതുമുഖങ്ങളെ വച്ച് ചെയ്യാൻ തീരുമാനിച്ച സമയമുണ്ടായിരുന്നു. അപ്പോഴും തരുണിന്റെ മനസിൽ സൈബർ സെൽ സബ് ഇൻസ് പെക്ടർ പ്രതാപൻ സാർ ഞാൻ തന്നെയായിരുന്നു. പൊലീസ് വേഷത്തിലേക്ക് എന്നെ ആലോചിക്കുന്നത് ഒരു
'ചടങ്ങ്" പോലെ നിലനിൽക്കുന്നുണ്ട്. അതിനാൽ സൂക്ഷിച്ചു മാത്രമാണ് സ്വീകരിക്കുന്നത്. സൈബർ സെൽ ഉദ്യോഗസ്ഥനാണെന്നും യൂണിഫോമില്ലെന്നും പറഞ്ഞപ്പോൾ തന്നെ തരുണിനെ കാണാൻ തീരുമാനിച്ചു. പുതിയ കഥാതന്തു, പുതിയ അവതരണം. സാധാരണ പൊലീസ് ഉദ്യോഗസ്ഥനല്ല പ്രതാപൻ സാർ. സ്നേഹസമ്പന്നനായ മനുഷ്യൻ. 'അപ്പുറത്ത് അഴകിയ രാവണൻ ചൂടിലാണെന്ന് "പറയുമ്പോഴും പ്രതാപൻ സാർ ഒരിടത്തും ദേഷ്യപ്പെടുന്നില്ല. പൊലീസിന്റെ മനസ് കല്ലെന്നാണ് പൊതുവേ കരുതപ്പെടുന്നത് . എന്നാൽ മനുഷ്യമൂല്യങ്ങൾക്കും സ്നേഹബന്ധങ്ങൾക്കും വിലകല്പിക്കുന്ന ആളാണ് പ്രതാപൻ സാർ. ആ ഒരു പുതുമ കഥാപാത്രത്തിനുണ്ട്. കഥാപാത്രമായി മാറിയപ്പോൾ അതിന്റെ സുഖം അനുഭവപ്പെട്ടു. എന്നിലെ നടനെ തരുൺ കൃത്യമായി ഉപയോഗിച്ചുവെന്ന് കരുതുന്നു.തരുൺ കഥകളി നടൻ മാത്രമല്ല, നടൻ കൂടിയാണ്. 'തൃശ്ശിവപേരൂർ ക്ളിപ്ത"ത്തിൽ എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
'ക്ളീഷേ ലുക്കിൽ"നിന്നു രൂപത്തിലും ഭാവത്തിലും അഭിനയത്തിലും അടിമുടി മാറ്റം വൂൾഫിൽ കണ്ടു?
ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു. ഷാജി അസീസ് എന്ന സംവിധായകനോടും തിരക്കഥാകൃത്ത് ഇന്ദുഗോപനോടും ഏറെ കടപ്പെട്ടിരിക്കുന്നു.അവരുടെ പിന്തുണ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ വിജയം. ജോ എന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂം പോലും ക്ളിഷേ ആകരുതെന്ന് നിർബന്ധമുണ്ടായിരുന്നു.അതിനാൽ ലുക്കിൽ അടിമുടി പുതുമ കൊണ്ടുവരാൻ സാധിച്ചു. ഭയങ്കര പോയറ്റിക്കൽ ആയിട്ടുള്ള ഡയലോഗുകളായിരുന്നു എല്ലാം. ഞാനാണെങ്കിലും കവിതാഭ്രാന്ത് നല്ലപോലെയുള്ള ആളും. എല്ലാം ഞാൻ നന്നായി ആസ്വദിച്ചു. ട്രെയിലറിലും പോസ്റ്രറിലും ജോയെ കാണിച്ചിരുന്നില്ല. ബോധപൂർവം കഥാപാത്രത്തെ ഒളിപ്പിച്ചു. എന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലു തന്നെയാണ് ജോ എന്ന കഥാപാത്രം.എന്റെ ഒരു സുഹൃത്തായ നിർമാതാവ് പറഞ്ഞു, നിങ്ങളാണ് കൊറോണ സ്റ്റാറെന്ന് ! കോവിഡ് കാലത്ത് തിയേറ്ററിൽ ഹിറ്റുണ്ടാക്കാൻ സാധിച്ചു. ഒടിടിയിൽ റീച്ചും. ഒാപ്പറേഷൻ ജാവയിലും വൂൾഫിലും ഞാൻ നായകനല്ല. എന്നാൽ മികച്ച പ്രതികരണം തന്നെ ലഭിച്ചു.
പുതിയ സംവിധായകരുടെ സിനിമയിൽ പതിവു മുഖമായി മാറുന്നു?
പുതിയ ആളുകൾ സിനിമ ചെയ്യാൻ വരുമ്പോൾ എന്നെ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. അത് അംഗീകാരമായി കരുതുന്നു. അവരുടെ കൈയെത്തും ദൂരത്ത് ഞാനുണ്ട് . മാളിക മുകളിൽ കയറിയിരിക്കുന്ന നടനല്ല ഞാൻ. വിളിച്ചാൽ സ്നേഹത്തോടെ സംസാരിക്കുകയും നല്ല കേൾവിക്കാരനും സുഹൃത്തും സഹോദരനുമായി മാറുകയും ചെയ്യുന്നു. ഒരിക്കലും കഥാപാത്രത്തിന്റെയും സംവിധായകന്റെയും വലിപ്പം നോക്കാറില്ല. സിനിമയുടെ നിലവാരമാണ് നോക്കുക. കഥ പറയാൻ വരുന്ന ആളിന്റെ കഴിവും വിലയിരുത്തും. അത്തരം സിനിമയിലെല്ലാം സഹകരിച്ചിട്ടുണ്ട്.
തുടക്കത്തിൽ സമാന്തര സിനിമയിൽ സാന്നിദ്ധ്യമായത് കൊമേഴ്സ്യൽ ചിത്രങ്ങളിൽ നിന്ന് വിളി വരുന്നതിനെ വൈകിച്ചോ?
അങ്ങനെ ഒരു അരികുവത്കരണം ഉണ്ടായിരുന്നു. സമാന്തര സിനിമയിൽ സജീവമായതിനാൽ വിളിക്കേണ്ടതില്ലെന്ന് കൊമേഴ്സ്യൽ സിനിമകളുടെ ആളുകൾ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. കൊമേഴ്സ്യൽ സിനിമയിൽ സജീവമായി അഭിനയിക്കണമെന്ന് ആഗ്രഹിച്ചതുകൊണ്ടായില്ല. അതിനു വേണ്ട ശ്രമങ്ങൾ നടത്തുകയും വേണം. എന്റെ ഭാഗത്തും വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. സത്യൻ അന്തിക്കാട് സാറിന്റെ സിനിമയിൽ അഭിനയിക്കാൻ കുറേ നടന്നിട്ടുണ്ട്. ഒടുവിൽ 'ജോമോന്റെ സുവിശേഷങ്ങ"ളിൽ അഭിനയിച്ചു. അതുവരെ സമയവും സാഹചര്യം ഒത്തുവന്നില്ലായിരുന്നു. സിനിമയ്ക്ക് ആരെയും ആവശ്യമില്ല. നമുക്കാണ് ആവശ്യം. 'പുള്ളിപ്പുലികളും ആട്ടിൻകുട്ടിയിൽ" അഭിനയിക്കാൻ ലാൽ ജോസ് സാർ വിളിച്ചശേഷമാണ് കൊമേഴ്സ്യ സിനിമ എന്നെ തിരിച്ചറിയുന്നതും ശ്രദ്ധിക്കുന്നതും. ഇയാളെ ഉൾപ്പെടുത്താമെന്ന് അതിനുശേഷം തോന്നിയിട്ടുണ്ടാവും.
'ആണ്ടാൾ" സിനിമയിൽ നിർമാതാവ് മാത്രമല്ല, പ്രധാന കഥാപാത്രവുമാകുന്നു?
ആണ്ടാളിന്റെ കഥ സംവിധായകൻ ഷെറിഫ് ഈസ പറഞ്ഞപ്പോൾ ഗവിയിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന ആളുകളുടെ ജീവിതം നേരിട്ടു കണ്ടു. നിർമ്മാതാവിനെ തേടി പോയാൽ ലഭിക്കുമെന്ന് അറിയില്ല. കുറഞ്ഞ ബഡ്ജറ്റിൽ ചെയ്യാമെന്ന് ഷെറിഫ് പറഞ്ഞപ്പോൾ സുഹൃത്തുക്കളായ അൻവർ, നിഷാന്ത്, വിനു, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കുറെ സൗഹൃദങ്ങളുടെയും എന്റെയും നേതൃത്വത്തിലാണ് നിർമാണം. മണ്ണ് അന്വേഷിച്ചു നടക്കുന്ന മനുഷ്യന്റെ കഥയാണ് ആണ്ടാൾ. അയാളുടെ ജീവിത പരിസരമാണ് പറയുന്നത്. വ്യത്യസ്ത ഗെറ്റപ്പിലാണ് ആണ്ടാളിനെ അവതരിപ്പിക്കുന്നത്. ലോക നിലവാരമുള്ള സിനിമയെന്ന് വിശ്വസിക്കുന്നു. ആണ്ടാൾ വൈകാതെ ഒടിടി പ്ളാറ്റ്ഫോമിൽ റിലീസ് ചെയ്യും.
അച്ഛൻ അഭിനയിച്ച സിനിമയുടെ ഭാഗമാകാൻ മകന് കഴിഞ്ഞല്ലേ ?
മകൻ അർഷാഖ് മുഹമ്മദ് എന്ന അച്ചു 'സൈലൻസർ" സിനിമയിൽ ലാലേട്ടന്റെ ചെറുപ്പം അവതരിപ്പിച്ചു. ഞാനും ആ സിനിമയുടെ ഭാഗമായി. ചഅണ്ടർ വേൾഡിലും അച്ചു അഭിനയിച്ചു. അച്ചു അഭിനയം ഗൗരവമായി കണ്ടുതുടങ്ങിയിട്ടില്ല. ഫോട്ടോഗ്രഫിയിലും വീഡിയോ മിക്സിംഗിലുമാണ് താത്പര്യം.നാളെ സിനിമയിൽ അഭിനയിക്കുമോയെന്ന് അറിയില്ല. തൃശൂർ ദേവമാതാ സി. എം. െഎ പബ് ളിക് സ്കൂളിൽ പ്ളസ് ടുവിന് പഠിക്കുന്നു. അച്ചുവിന്റെ സ്വപ്നം ഞാൻ കാണുന്നില്ല. അതിന് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നു.