mask

സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള പതിമൂന്ന് ജില്ലകളിലും ജനിതമാറ്റം വന്ന വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.അതിവേഗത്തിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുകയാണ്. അതിനാൽത്തന്നെ കൊവിഡ് വരാതിരിക്കാൻ ഇപ്പോൾ ഉപയോഗിക്കുന്ന ഒറ്റ മാസ്‌ക് മതിയാവില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഡബിൾ മാസ്‌ക് നല്ലതാണെന്നാണ് അവർ പറയുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും വാർത്താ സമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞിരുന്നു.


കഴിഞ്ഞ ഫെബ്രുവരിയിൽ സെന്റർഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി.) ആണ് ഇരട്ട മാസ്‌ക് എന്ന പുതിയ മാർഗനിർദേശം കൊണ്ടുവന്നത്. മാസ്‌ക് ഫിറ്റായി ധരിക്കുന്നതുവഴി വായുചോർന്നുപോകുന്നത് തടയാനും, മാസ്‌കിന്റെ എണ്ണം കൂട്ടി ഫിൽട്രേഷൻ മെച്ചപ്പെടുത്താനുമാണ് ഈ രീതി ശുപാർശ ചെയ്തത്.

നിങ്ങൾക്ക് കൊവിഡ് ഉണ്ടെങ്കിൽ, ഇരട്ട മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മൂക്കിൽ നിന്നും വായിൽ നിന്നും വൈറസ് നിറഞ്ഞ വായുവോ സ്രവമോ പുറത്തേക്ക് പടരുന്നത് തടയാനാകും. ഇതുവഴി നിങ്ങളിലൂടെ മറ്റൊരാൾക്ക് രോഗം വരാനുള്ള സാദ്ധ്യതയും കുറയും. ഒപ്പം മറ്റൊരാളിൽ നിന്ന് വരുന്ന വൈറസ് അടങ്ങിയ വായുവോ സ്രവമോ നിങ്ങളിലേക്കെത്തുന്നത് തടയാനും ഇതിലൂടെ കഴിയും. ഡബിൾ മാസ്‌ക് ധരിക്കുന്നത് വഴി 85.4 ശതമാനം അണുക്കളെയും തടയാനാകും.

മാസ്‌ക് ഉപയോഗിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങളുടെ മുഖത്തോട് പരമാവധി ചേർന്നുനിൽക്കുന്ന രീതിയിൽ ധരിക്കണം എന്നതാണ്.മുഖത്തിന് ഫിറ്റ് അല്ലാതെ ധരിച്ചാൽ മാസ്‌ക്കിനും മുഖത്തിനും ഇടയിൽ വിടവ് ഉണ്ടാവുകയും, ഇതിലൂടെ വായു അകത്തേക്കും പുറത്തേക്കുംപോകാൻ ഇടയാക്കും.


മാസ്‌ക് ഫിറ്റായി നിൽക്കാൻ എന്ത് ചെയ്യണം?

നോസ് വയർ (Nose wire) ഉള്ള മാസ്‌ക് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം മൂക്കിന് മുകളിൽ അമർത്തിവെക്കാവുന്ന കനംകുറഞ്ഞ ലോഹകമ്പി ഉള്ള മാസ്‌ക് ആണിത്.

മാസ്‌ക് ഫിറ്റർ/ ബ്രേസസ് ഉപയോഗിക്കാം. ഇത് തുണി മാസ്‌ക്കുകളുടെ മുകളിലും സർജിക്കൽ മാസ്‌ക്കുകളുടെ മുകളിലും ഉപയോഗിച്ചാൽ മാസ്‌ക് മുഖത്ത് ഫിറ്റായി ഇരിക്കും.

സർജിക്കൽ മാസ്‌ക് ധരിക്കുമ്പോൾ ചെവിയിൽ കൊളുത്തുന്ന വള്ളിയുടെ അറ്റത്തെ ഭാഗം കുടുക്കിട്ട് മാസ്‌ക്കിന്റെ വശങ്ങൾ വലിച്ച് കെട്ടുക (Knotting and Tucking). കവിളിനോട്‌ചേർന്നിരിക്കുന്ന ഭാഗത്ത് വിടവ് വരാതിരിക്കാൻ ഇത് സഹായിക്കും. ഇതിലൂടെ 77 ശതമാനം വൈറസിനെ തടയാനാകും. കെട്ടിടാത്ത (Unknotted) സർജിക്കൽ മാസ്‌ക് ഉപയോഗിക്കുന്നതു വഴി 56.1 ശതമാനം അണുക്കളെയും, തുണിമാസ്‌ക് ഉപയോഗിക്കുന്നതിലൂടെ വെറും 51.4 ശതമാനം അണുക്കളെയും മാത്രമാണ് തടയുന്നത്.