ബാലി : കൊവിഡിനെതിരെ വാക്സിൻ കണ്ടുപിടിച്ചുവെങ്കിലും എല്ലാവരിലേക്കും അത് എത്തിക്കുന്നതിനുള്ള പ്രവൃർത്തികൾ ആരംഭിച്ചിട്ടേയുള്ളു. അതിനാൽ തന്നെ കൊവിഡിനെ പ്രതിരോധിക്കുന്നതിനായി മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശമാണ് ആരോഗ്യ വിദഗ്ദ്ധർ ഇപ്പോഴും നൽകുന്നത്. ഇക്കാര്യം ഉറപ്പിക്കുന്നതിനായി മാസ്‌ക് ധരിക്കാത്തവരെ ബോധവത്കരിക്കുകയും, പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇന്തോനേഷ്യയിൽ ഒരു സൂപ്പർമാർക്കറ്റിൽ മുഖത്ത് മാസ്‌കിന്റെ ചിത്രം വരച്ച് സെക്യൂരിറ്റിയെ കബളിപ്പിക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇവർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വിമർശനം ഉയർന്നതോടെ നടപടി എടുക്കാൻ നിർബന്ധിതരായിരിക്കുകയാണ് അധികാരികളിപ്പോൾ.
വൈറലായി മാറിയ വീഡിയോയിൽ ജോഷ്പാലർ ലിൻ, ലിയാസെ എന്നിവരാണ് മുഖത്ത് മാസ്‌കിന്റെ ചിത്രം വരച്ച് സെക്യൂരിറ്റിയെ കബളിപ്പിക്കുന്നത്. ആദ്യം ഇവരിലൊരാൾ മാസ്‌ക് ധരിക്കാതെ സൂപ്പർമാർക്കറ്റിലേക്ക് പ്രവേശിക്കാനാണ് ശ്രമിച്ചത്, എന്നാൽ ഇത് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ തടയുകയായിരുന്നു. പിന്നാലെ സർജിക്കൽ മാസ്‌ക് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ നീല നിറത്തിലെ പെയിന്റ് മുഖത്തടിച്ച് എത്തുകയായിരുന്നു. പെയിന്റാണെന്ന് മനസിലാക്കാതെ സെക്യൂരിറ്റി ഇവരെ അകത്തേയ്ക്ക് പ്രവേശിക്കാൻ അനുവദിക്കുകയായിരുന്നു. ഈ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്.
ഇതിന് പിന്നാലെ നിശിതമായ വിമർശനങ്ങളും ഇവർക്ക് ഏൽക്കേണ്ടിവന്നു. ഇവരുടെ പാസ്‌പോർട്ട് അധികൃതർ പിടിച്ചു വച്ചതായും, സ്വന്തം നാട്ടിലേക്ക് നാടുകടത്തുമെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം ഇൻസ്റ്റഗ്രാമിൽ നിന്നും ഇവരെ വിലക്കാനും തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ തങ്ങളുടെ ഫോളോവേഴ്സിനെ സന്തോഷിപ്പിക്കുവാനുള്ള പ്രാങ്ക് വീഡിയോയാണ് ഇതെന്നാണ് ജോഷ്പാലർ ലിനും, ലിയാസെയ്ക്കും പറയുവാനുള്ളത്. വീഡിയോ വിവാദമായതോടെ ഇവർ മാപ്പ് പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.