തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് പ്രതിരോധം പൂർണ്ണമായും തകർന്നുവെന്ന് കുറ്റപ്പെടുത്തി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാരകമായ വൈറസ് വകഭേദം കേരളത്തിലുണ്ടെന്ന് ഈ മാസം ആദ്യം തന്നെ സർക്കാരിന് മനസിലായിട്ടും നടപടിയെടുത്തില്ല. മ്യൂട്ടേഷൻ സംഭവിച്ച വൈറസ് സംസ്ഥാനത്തെ 10 ജില്ലകളിലെങ്കിലും ഉണ്ടാകുമെന്ന റിപ്പോർട്ട് ഉണ്ടായിട്ടും സർക്കാർ എന്ത് ചെയ്‌തുവെന്നും സുരേന്ദ്രൻ ചോദിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പല സ്ഥലത്തും ഇരുപത്തിയഞ്ച് ശതമാനത്തിൽ കൂടുതലാണ്. പ്രതിരോധത്തിനായി ഒരു വൈറ്റമിൻ ഗുളിക പോലും സർക്കാർ പൊതുജനങ്ങൾക്ക് നൽകുന്നില്ല. കേരളത്തിൽ കൊവിഡ് രോഗികൾക്ക് ആംബുലൻസ് കിട്ടാനില്ല. ആംബുലൻസ് വിളിക്കുന്നവരോട് പി പി ഇ കിറ്റിന്റെ പണം കൂടെ ആവശ്യപ്പെടുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ സഹായിക്കുന്നില്ല. കൊവിഡ് രോഗികളെ ഐസൊലേഷൻ ചെയ്യാൻ സർക്കാർ നടപടിയെടുക്കാത്തത് കൊവിഡ് വ്യാപനം കൂട്ടുകയാണ്. ആർ ടി പി സി ആർ ടെസ്റ്റ് റിസൽട്ട് വരാൻ പത്ത് ദിവസം വൈകുന്ന സാഹചര്യം കൊവിഡ് വ്യാപനം കൂട്ടുകയാണ്. നാല് മണിക്കൂർ ആംബുലൻസിൽ കിടന്ന് ചികിത്സ കിട്ടാതെ തൃശൂരിൽ വയോധിക മരിച്ച സംഭവം സർക്കാരിന്റെ പിടിപ്പുകേടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വെന്റിലേറ്റർ, ഓക്‌സിജൻ സൗകര്യങ്ങളുളള എത്ര കിടക്കകൾ ഉണ്ടെന്ന് പോലും സർക്കാരിന് അറിയില്ല. സംസ്ഥാന സർക്കാർ കൊവിഡ് പ്രതിരോധത്തിന് പണം ചിലവഴിക്കുന്നില്ല. ഇതുവരെ സംസ്ഥാന സർക്കാർ കൊവിഡ് പ്രതിരോധത്തിന് എത്ര പണം ചിലവഴിച്ചുവെന്ന് പറയണം. ഉപദേശവും തളളലും കൊണ്ട് മാത്രം കൊവിഡിനെ പ്രതിരോധിക്കാനാവില്ല. തോമസ് ഐസക്ക് പ്രഖ്യാപിച്ച 20000 കോടിയുടെ സാമ്പത്തിക പാക്കേജിനെ പറ്റി ഇപ്പോൾ സർക്കാർ മിണ്ടുന്നില്ല. കൊവിഡ് വാക്‌സിൻ എപ്പോൾ കേരളത്തിൽ ലഭ്യമാക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രി ലോബികളുമായി ചേർന്ന് സർക്കാർ കളളക്കളി നടത്തുകയാണ്. 1700 രൂപ മുടക്കി മലയാളികൾ ആർ ടി പി സി ആർ നടത്തേണ്ടി വരുന്നു. ആർ ടി പി സി ആർ ടെസ്റ്റിന് കേരളത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ മൂന്നിരട്ടി പണം അധികം നൽകണം. കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ച ഓക്‌സിജൻ പ്ലാന്റുകൾ ഉടൻ പൂർത്തിയാക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.