തമാശയിലും നിഴലിലും തിളങ്ങിയ ദിവ്യപ്രഭ പുത്തൻ വാഗ്ദാനമാകുന്നു
കൊച്ചിയിൽ ഒരു കൺസൾട്ടൻസിയിൽ കൗൺസിലറായി ദിവ്യ പ്രഭ ജോലി ചെയ്യുന്ന സമയം.രാവിലെ ജോഗിംഗിന് പോവുന്ന സ്ഥലത്ത് ഒരു ഷൂട്ടിംഗ് നടക്കുന്നു. ദിവ്യയെ കണ്ട പ്രൊഡക്ഷനിലുള്ളൊരാൾ അഭിനയിക്കാൻ താത്പര്യം ഉണ്ടോയെന്ന് ചോദിക്കുന്നു. അങ്ങനെ ആദ്യ സിനിമയിൽ സംഭാഷണമൊന്നുമില്ലാത്ത കഥാപാത്രം ചെയ്യുന്നു. പിന്നീട് ദിവ്യയെ തേടി ചെറുതും വലുതുമായ കഥാപാത്രങ്ങൾ വന്നു. 2017ൽ ടേക്ക് ഓഫിൽ ജിൻസിയായി വന്നപ്പോൾ ദിവ്യ പ്രഭയെ മലയാളികൾ ശ്രദ്ധിച്ചു. തമാശയിലെ ബബിത ടീച്ചറെയും നെഞ്ചിലേറ്റി. നിഴൽ എന്ന സിനിമയിൽ സൈക്കോളജിസ്റ്റ് ശാലിനിയായി ദിവ്യ പ്രഭ തിളങ്ങി. ടേക്ക് ഓഫിനു ശേഷം ഫഹദ് മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാലിക്കിൽ ദിവ്യ പ്രഭ അഭിനയിക്കുന്നുണ്ട്. കൊച്ചിയിലെ തിരക്കിൽ നിന്ന് ഒഴിഞ്ഞുമാറി തന്റെ ഫ്ളാറ്റിലിരുന്ന് ദിവ്യ സംസാരിച്ചു തുടങ്ങി.
മാലിക്കിലെ ആയിഷയാണോ
ഏറ്റവും പുതിയ വിശേഷം ?
തീർച്ചയായും. മാലിക് ഒരു പീരിയോഡിക് ചിത്രമാണ്. ഫഹദ് അവതരിപ്പിക്കുന്ന സുലൈമാൻ മാലിക് എന്ന കഥാപാത്രത്തിന്റെ സഹോദരി ആയിഷ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആയിഷയുടെ വ്യത്യസ്ത ഗെറ്റപ്പ് ചിത്രത്തിലുണ്ട്. ഞാൻ ചെയ്തതിൽ വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമായി ആയിഷ തോന്നി. ഫഹദും മഹേഷുമായി ടേക്ക് ഓഫിനു ശേഷമുള്ള ചിത്രം. മാലിക്കിൽ എന്റെ കഥാപാത്രം മാത്രമല്ല സിനിമ മുഴവനായി പ്രതീക്ഷയുണ്ട്. നിമിഷയുടെ ഗംഭീര പ്രകടനം കാണാൻ കഴിയും. മാലിക്കിൽ പ്രായമേറിയ ഗെറ്റപ്പിന് വേണ്ടി നമുക്ക് ചുറ്റുംകാണുന്ന അമ്മമാരെയും അമ്മമ്മമാരെയും റെഫറൻസായി എടുത്തിരുന്നു. അവരുടെ ശരീര പ്രകൃതമെല്ലാം ശ്രദ്ധിച്ചിരുന്നു. സംസാരിക്കുന്ന രീതി. മുഖത്തിന്റെ പല ഭാവങ്ങളുമെല്ലാം. എന്നിലേക്ക് വരുന്ന ഓരോ കഥാപാത്രത്തെ കുറിച്ചും ഞാൻ ചിന്തിക്കാറുണ്ട്. അതിനു വേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകൾ വേണ്ടിവരുമെന്ന് മനസ്സിലിട്ട് ചിന്തിക്കും. ആയിഷയ്ക്ക് ഡബ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നിയിരുന്നു. പ്രായമായപ്പോഴുണ്ടായ ശബ്ദമെല്ലാം വ്യത്യസ്തമായി ചെയ്യേണ്ടതുണ്ടായിരുന്നു.അത് നന്നായി ചെയ്തുവെന്ന വിശ്വാസമുണ്ട്. അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത നിഴലിൽ സൈക്കോളജിസ്റ്റ് ശാലിനിയുടെ വേഷം നന്നായി ചെയ്യാൻ സാധിച്ചു. മുഴുനീള കഥാപാത്രമായിരുന്നു.
എപ്പോഴൊക്കെയോ സീരിയലിൽ
മുഖം കണ്ടു?
സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് സീരിയലിൽ അഭിനയിച്ചത്. ഇതിഹാസ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ അഭിനയം അത്ര എളുപ്പമുള്ള പരിപാടിയല്ല എന്ന് മനസിലായി. ഇത് പഠിച്ച് ചെയ്യേണ്ട കാര്യമെന്ന് മനസിലായി. അപ്പോഴാണ് സംവിധായകൻ കെ.കെ. രാജീവിന്റെ പരമ്പരയിലേക്ക് വിളിച്ചത്. നൂറു എപ്പിസോഡ് ഉണ്ടായിരുന്നു. അഭിനയത്തിൽ വർക്ക് ഷോപ്പ് പോലെയായിരുന്നു അത്. അതിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് കിട്ടിയിരുന്നു. എല്ലാവരും പറയുന്നതു പോലെ സീരിയലിൽ സ്ഥിരമുഖമായാൽ സിനിമയിലേക്ക് അവസരംകിട്ടുന്നതിൽ കുറവുണ്ടാവും. സിനിമയിൽ എപ്പോഴും പുതുമയുള്ള മുഖങ്ങളാണ് ആവശ്യം.
അഭിനയിച്ചതിൽ ഏറ്റവും സംതൃപ്തി തോന്നിയ വേഷം?
പൊതുവെ എല്ലാവരും പറയുന്നതുപോലെ നമ്മൾ അഭിനയിച്ചത് കാണുമ്പോൾ ഒരിക്കലും സംതൃപ്തി കിട്ടാറില്ല. കുറച്ചുകൂടെ മെച്ചപ്പെടുത്താമായിരുന്നുവെന്നൊക്കെയാണ് തോന്നാറുള്ളത്. അഭിനയിച്ചതിൽ ചില സീനൊക്കെ കാണുമ്പോൾ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്. റോഷൻ മാത്യു സംവിധാനം ചെയ്ത എ വെരി നോർമൽ ഫാമിലി എന്ന എന്ന നാടകത്തിൽ അമ്പതു വയസുള്ള അമ്മച്ചിയുടെ വേഷം ചെയ്തപ്പോൾ സംതൃപ്തി തോന്നി.
കഥാപാത്രങ്ങളെല്ലാം ഒരേ ടോണാണല്ലോ?
എല്ലാം ഗൗരവമുള്ള കഥാപാത്രങ്ങളാണ്. അങ്ങനെ തിരഞ്ഞെടുക്കുന്നതല്ല. എന്നെ തേടി വരുന്ന തിരക്കഥകളിൽ നിന്ന് എനിക്ക് എന്തെങ്കിലും ചെയാനുണ്ടെന്ന് തോന്നുന്ന വേഷങ്ങൾ ചെയ്യും.നിഴലിലെ ശാലിനി ശക്തമായ കഥാപാത്രമാണ്. അതുപോലെ എനിക്ക് ഹ്യൂമർ ചെയ്യാൻ താത്പര്യമുണ്ട്. എന്റെ സുഹൃത്തുക്കൾ പറയാറുണ്ട് നീ ഹ്യൂമർ വേഷങ്ങൾ ചെയ്യണമെന്ന്.അങ്ങനെ ഒരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണ്.
മലയാള സിനിമയിലെ നായികാ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതപ്പെട്ടിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട് ?
മുൻപ് മലയാള സിനിമയിലെ നായികാ സങ്കല്പങ്ങൾ വെളുത്ത നിറവും വിടർന്ന കണ്ണുകളും മെലിഞ്ഞ ശരീരമൊക്കെയായിരുന്നു. എന്നാൽ ഇന്ന് അതില്ല. ഇന്ന് നന്നായി അഭിനയിക്കുന്നവരെ തിരിച്ചറിയുന്നു. അവരുടെ നിറമെന്തെന്നോ ശരീര ഘടന എന്തെന്നൊന്നും ആരും ശ്രദ്ധിക്കുന്നില്ല. നായിക എന്ന വാക്കിനോട് തന്നെ യോജിക്കുന്നില്ല. കെ .ജി ജോർജിന്റെ സിനിമകളിലെ പോലെ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടാണ് ഇന്നത്തെ സിനിമകൾ. നിമിഷ , കനി കുസൃതി,ശാന്തി ബാലചന്ദ്രൻ ഇവരെല്ലാം മുൻനിരയിലേക്ക് വന്നത് പണ്ട് നിലനിന്നിരുന്ന നായികാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ്.അത്രയും കഴിവുള്ള നടിമാർ ചുറ്റുമുണ്ട്.
നിമിഷയുമായി അടുത്തിടെ യാത്രപോയ ചിത്രങ്ങൾ കണ്ടു ?
നിമിഷയുമായി നല്ലൊരു സൗഹൃദമുണ്ട്. അതിനപ്പുറം ആരാധനയുമുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനേത്രികൂടിയാണ്. നിമിഷയുമായി മാലിക്കിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചു. അതിനു മുൻപും സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും മെസ്സേജ് അയച്ചും വിളിച്ചും ഒക്കെ സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ വല്ലത്തൊരു വൈബ് കണക്ട് ചെയ്യുന്ന പോലെ തോന്നിയിട്ടുണ്ട്. ഞാൻ ബോറടിച്ച് ഇരിക്കുന്ന സമയത്താവും നിമിഷയുടെ വിളിയോ മെസ്സേജോ വരുക. ഇനിയും ഒരുമിച്ച് അഭിനയിക്കാൻ താത്പര്യമുണ്ട്. അതപോലെ കനി കുസൃതിയുമായി വർഷങ്ങളായി സൗഹൃദ ബന്ധമുണ്ട്.
കുടുംബത്തെ കുറിച്ച് ?
ആദ്യം മുതലേ കുടുംബമാണ് എല്ലാ പിന്തുണയും നൽകിയത്. അച്ഛന് സിനിമയിലുള്ളവരുമായി സൗഹൃദമൊക്കെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിനിമയിലേക്ക് വിളിച്ചപ്പോൾ ആരും തടസമൊന്നും നിന്നില്ല. മക്കളുടെ ഇഷ്ടങ്ങളുടെ കൂടെ നിൽക്കുന്നവരാണ് അച്ഛനും അമ്മയും. അച്ഛൻ ഗണപതി കഴിഞ്ഞ സ്റ്റെപംബറിൽ ഞങ്ങളെ വിട്ടുപോയി. അമ്മ ലീല മണി . ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്. ചേച്ചിമാർ വിദ്യ പ്രഭയും സന്ധ്യ പ്രഭയും.