shani-

കഴക്കൂട്ടം: കൊവിഡ് കാലത്ത് ജീവിക്കാൻ വേണ്ടി തുടങ്ങിയ പല പുതിയ പദ്ധതികളും നമുക്ക് വാർത്തയായിരുന്നു. അതിലൊന്നാണ് ഒന്നാം കോവിഡിൽ തുടങ്ങിയ അക്വാപോണിക്സ് രണ്ടാം കോവിഡിൽ വിജയിപ്പിച്ച ഷാനി എന്ന ചെറുപ്പക്കാരന്റെ വാർത്ത. പതിനാറ് വർഷത്തെ ദുബായ് ജീവിതം മതിയാക്കി നാട്ടിൽ വന്ന് വോൾട്ടാസിന്റെ സബ് കോൺട്രാക്ടറോടൊപ്പം ജോലി ചെയ്യുകയായിരുന്നു ഷാനി. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് പണിയൊന്നും ഇല്ലാതിരുന്നപ്പോഴാണ് കൃഷിയിലേക്ക് ഷാനി തിരിഞ്ഞത്. പരമ്പരാഗത രീതിയിൽ നിന്ന് എങ്ങനെ കൃഷിയെ ആധുനികവത്കരിക്കാമെന്ന ചിന്തയാണ് ഷാനിയെ അക്വാപോണിക്സിൽ എത്തിച്ചത്.

ഒരു ശതമാനം പോലും വിഷമില്ലാത്ത മീനും പച്ചക്കറികളും കിട്ടുമെന്നതാണ് അക്വാപോണിക്സ് കൃഷിരീതിയുടെ സവിശേഷത. മണ്ണില്ലാതെ മെറ്റൽ മാത്രമിട്ടാണ് പച്ചക്കറികൾ വളർത്തുന്ന ഗ്രോബെഡുകൾ തയ്യാറാക്കുന്നത്. മത്സ്യ കൃഷിക്കുള്ള വെള്ളമാണ് പച്ചക്കറി കൃഷിയിലേക്ക് പമ്പ് ചെയ്യുന്നത്. ആ വെള്ളം തന്നെയാണ് ശുദ്ധീകരിച്ച് തിരികെ മത്സ്യ ടാങ്കിലേക്കും പോകുന്നത്. ശുദ്ധമായ പച്ചിലകളാണ് മത്സ്യം ആഹാരമായി കഴിക്കുന്നത്. ആലങ്കാരികമായി പറഞ്ഞാൽ വെജിറ്റേറിയൻ മത്സ്യങ്ങളാണ് അക്വാപോണിക്സിലൂടെ വളരുന്നത്. പച്ചിലകൾ നിമിഷനേരം കൊണ്ടാണ് മീനുകൾ തിന്നു തീർക്കുന്നത്.

മത്സ്യം വളർത്തുന്ന ടാങ്കിലടിയുന്ന മത്സ്യവിസർജ്ജ്യങ്ങളിലും തീറ്റയുടെ അവശിഷ്ടങ്ങളിലും ഉണ്ടാകുന്ന അമോണിയ മത്സ്യങ്ങൾക്ക് ഹാനികരമാകാതെ അക്വാപോണിക്സ് സിസ്റ്റത്തിലടെ നൈട്രേറ്റ് ആക്കി മാറ്റുന്നു. ഈ നൈട്രേറ്റ് ചെടികൾക്ക് വളമായി മാറുന്നു. മത്സ്യ ടാങ്കിലെ വെള്ളം പമ്പുപയോഗിച്ച് ഗ്രോബെഡിൽ കൂടി ഒഴുകി തിരികെ ടാങ്കിലെത്തുമ്പോൾ മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ട് ഓക്സിജൻ സമ്പുഷ്ടമുള്ളതായി മാറുന്നു.

കഴക്കൂട്ടത്തിനടുത്ത് ആറ്റിൻകുഴിയിൽ വലിയവീട് ക്ഷേത്രത്തിന് പിറകിലാണ് ഷാനി താമസിക്കുന്നത്. താൻ നേടിയ അറിവുകൾ ആഗ്രഹമുള്ളവർക്ക് പകർന്നു കൊടുക്കാനും അക്വാപോണിക്സ് കൃഷിക്ക് വേണ്ട സാധന സാമഗ്രികൾ നിർമ്മിച്ചു നൽകാനും ഷാനി തയ്യാറാണ്. സ്ഥലസൗകര്യം കുറച്ചു മതി, വെള്ളം കുറച്ചു മതി, വിഷരഹിത മീനും പച്ചക്കറികളും കിട്ടും. ഇതൊക്കെയാണ് അക്വാപോണിക്സ് കൃഷി കൊണ്ടുള്ള വലിയ നേട്ടങ്ങൾ.

ഷാനിയുടെ ഫോൺ നമ്പർ: 9061642556