covid

തിരുവനന്തപുരം: കൊവിഡ് ആദ്യഘട്ട വ്യാപനത്തിന്റെ തിക്തഫലം അനുഭവിച്ച തീരദേശത്ത് ജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ മറക്കുന്നത് ആശങ്കയേറ്റുന്നു. കൊവിഡിന്റെ രണ്ടാംവരവിൽ തീരദേശത്ത് രോഗം പടരാതെ പിടിച്ചു നിന്നെങ്കിലും ഇപ്പോഴത്തെ ജാഗ്രതക്കുറവ് വൻ വിപത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയാണുള്ളത്.

കൊവിഡിന്റെ ഒന്നാംഘട്ട വ്യാപനമുണ്ടായ തീരദേശ മേഖലകൾ പക്ഷേ,​ രണ്ടാംഘട്ടത്തിൽ വലിയൊരു ആപത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. നിലവിൽ നഗരത്തിലെ തീരമേഖലകൾ ഒഴിച്ചുള്ള വാർഡുകളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നത്. ആദ്യഘട്ടത്തിൽ പൂന്തുറ അടക്കമുള്ള തീരദേശ മേഖലകളിൽ സാമൂഹ്യ വ്യാപനം ഉണ്ടായിരുന്നു. ഇതുകൂടാതെ ഇവിടം കേന്ദ്രീകരിച്ച് രോഗവ്യാപനം സ്ഥിരികീരിച്ചിരുന്നു. എന്നാൽ, ​പ്രായം ചെന്നവർ അടക്കമുള്ളവർ മാസ്‌ക് പോലും ഉപയോഗിക്കാതെയാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കുന്നുമില്ല.

 കടപ്പുറത്തും മാർക്കറ്റുകളിലും സ്ഥിതി വ്യത്യസ്തമല്ല

കടൽ​ത്തീരങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നതും പതിവായിട്ടുണ്ട്. മൊത്ത മത്സ്യവില്പന മാർക്കറ്റുകളിൽ വിൽപനക്കാരും മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കുന്നില്ല. മാസ്‌ക് ധരിക്കുകയോ,​ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുന്നുമില്ല. കമ്പവല തൊഴിലാളികളും അകലം പാലിക്കാതെ കൂട്ടം കൂടി നിന്നാണ് ജോലി ചെയ്യുന്നത്. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയാതിരിക്കുന്ന സാഹചര്യത്തിൽ ഇതെല്ലാം തന്നെ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഉയരാൻ ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കടൽത്തീരങ്ങളിൽ യുവാക്കൾ കൂട്ടം കൂടുന്നതും പതിവായിട്ടുണ്ട്.

ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും നൽകിയ സുരക്ഷാനിർദ്ദേശങ്ങൾ കണക്കിലെടുക്കാതിരുന്നതാണ് തീരദേശത്ത് കൊവിഡിന്റെ ആദ്യഘട്ട വ്യാപനത്തിന് ഇടയാക്കിയത്. പൂന്തുറ, മാണിക്യവിളാകം എന്നിവിടങ്ങളിൽ സാമൂഹ്യ വ്യാപനവും ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. 2020ലെ സ്ഥിതി കണക്കിലെടുത്താൽ തീരദേശത്തെ രോഗവ്യാപനം നന്നേ കുറവാണ്. എന്നാൽ,​ ജാഗ്രത പാലിക്കുന്നതിലുണ്ടാകുന്ന അലംഭാവം വലിയൊരു വിപത്തിലേക്കാണ് തീരദേശത്തെ കൊണ്ടെത്തിക്കുക എന്നതാണ് വസ്തുത. അടുത്തിടെ നടത്തിയ കൂട്ടപ്പരിശോധനയുടെ ഫലം വരാനുള്ളതിനാൽ തന്നെ തീരദേശത്ത് രോഗബാധിതരുടെ എണ്ണം ഉയരാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു.

 ആശങ്കപ്പെടുത്തി ഡെങ്കിപ്പനി വ്യാപനവും

കൊവിഡ് വ്യാപനത്തിനിടെ തീരത്ത് ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ പകരുന്നതും തിരിച്ചടിയായിട്ടുണ്ട്. കൊവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തന്നെ കൊവിഡിതര അസുഖങ്ങൾ പടരുമ്പോഴും ആരോഗ്യ വകുപ്പ് അധികൃതർ കണ്ണടയ്ക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഡെങ്കിപ്പനി കൂടാതെ ടൈഫോയ്ഡ്,​ മ‍ഞ്ഞപ്പിത്തം,​ ചെങ്കണ്ണ്, ചിക്കൻപോക്സ് തുടങ്ങിയവയും പടരുന്നുണ്ട്. പൂന്തുറയിലും പൗണ്ട് കടവിലുമൊക്കെ നിരവധി പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. മഴക്കാലപൂർവ ശുചീകരണം അടിയന്തരമായി നടത്തിയില്ലെങ്കിൽ പകർച്ചവ്യാധികൾ അതിവേഗം പടരുന്ന സ്ഥിതിയിലേക്കായിരിക്കും കാര്യങ്ങൾ എത്തുക. നേരത്തെ കൊതുകിനെ തുരത്താൻ ഫോഗിംഗ് അടക്കമുള്ളവ നഗരസഭ നടത്തിയിരുന്നെങ്കിലും കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അതും നിലച്ചു.

 വാക്സി‌നേഷൻ മന്ദഗതിയിൽ

തീരദേശത്തുള്ളവരിൽ മുൻഗണനാക്രമത്തിലുള്ളവരിൽ വളരെ ചെറിയൊരു ശതമാനത്തിന് മാത്രമെ വാക്സിൻ നൽകാനായിട്ടുള്ളൂ. കൂടാതെ ക്ഷാമം വന്നതോടെ ആദ്യഘട്ട വാക്സിൻ മാത്രമേ നൽകാനായുള്ളൂ എന്നതും തിരിച്ചടിയായിട്ടുണ്ട്.