വാഷിംഗ്ടൺ: ഇന്ത്യയിലെ നിലവിലെ കൊവിഡ് സാഹചര്യം ഭയപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി അദ്ധ്യക്ഷൻ വോൾക്കൻ ബോസ്‌കിർ. ലോകരാജ്യങ്ങൾ ഇന്ത്യയെ സഹായിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കൊവിഡ് വ്യാപനം എന്നെ ആശങ്കപ്പെടുത്തുന്നു. എല്ലാ രാജ്യങ്ങൾക്കും വാക്‌സിൻ നൽകാൻ മുൻപന്തിയിൽ നിന്ന രാജ്യമാണ് ഇന്ത്യ. എല്ലാവരും സുരക്ഷിതരാകുന്നത് വരെ നമുക്ക് പോരാടിയേ മതിയാകൂ - ബോസ്കർ ട്വീറ്റ് ചെയ്തു. ഓക്സിജനടക്കമുള്ളവയ്ക്ക് ഇന്ത്യയിൽ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായം നൽകുന്നുണ്ട്. ഇന്ത്യയ്ക്ക് ഓക്സിജൻ ജനറേറ്ററുകൾ നൽകുമെന്ന് തായ്‌വാനും അറിയിച്ചു. അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 15 കോടിയിലേക്ക് അടുക്കുകയാണ്. മരണം 3,151,700 ആയി. ഇതുവരെ 127,601,705 പേർ രോഗമുക്തരായി.
ഇന്ത്യൻ വകഭേദത്തെ നശിപ്പിക്കാൻ കൊവാക്സിൻ ഫലപ്രദമെന്ന് ആന്റണി ഫൗചി
കൊവിഡിന്റെ ഇന്ത്യൻ വകഭേദമായ ബി.1.617 നെ നശിപ്പിക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് കഴിയുമെന്ന് സാംക്രമികരോഗ വിദഗ്ദ്ധനും അമേരിക്കയുടെ കൊവിഡ് പ്രതിരോധ ദൗത്യസംഘം തലവനുമായ ഡോ. ആന്റണി ഫൗചി. ഭാരത് ബയോടെക്കും ഐ.സി.എം.ആറും ചേർന്നാണ് കൊവാക്സിൻ വികസിപ്പിച്ചത്. ഇന്ത്യയിൽ കൊവിഡ് രൂക്ഷമാണെങ്കിലും അതിനുള്ള മറുമരുന്ന് വാക്സിനേഷൻ തന്നെയാണെന്നും ഫൗചി പറയുന്നു. കൊവിഡിനെതിരെ ആന്‍റിബോഡിയുണ്ടാക്കാൻ പ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുകയാണ് കൊവാക്സിൻ ചെയ്യുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. മാരകമായ വകഭേദങ്ങൾക്കെതിരെ കൊവാക്സിൻ പൂർണ ഫലപ്രദമാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരട്ട മാറ്റം സംഭവിച്ച വകഭേദത്തെ അടക്കം നിർവീര്യമാക്കാൻ കഴിയുന്നതാണ് വികസിപ്പിച്ച കൊവാക്സിന്റെ ഘടനയെന്നാണ് പഠനം.