mexico

മെക്‌സിക്കോ സിറ്റി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യപ്രവർത്തകരെ വിട്ട് നൽകിയ ക്യൂബയ്ക്ക് നന്ദിയറിച്ച് മെക്‌സിക്കോ. മെക്‌സിക്കൻ പ്രസിഡന്റ് ആൻഡ്രേസ് മാനുവൽ ലോപസ് ഒബ്രഡർ ക്യൂബൻ പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുമായ മിഖായേൽ ഡിയസ് കാനെലിനെ ഫോണിൽ വിളിച്ചാണ് നന്ദി അറിയിച്ചത്. 1000 ആരോഗ്യപ്രവർത്തകരെയാണ് ക്യൂബ മെക്‌സിക്കോയിലേക്ക് അയച്ചത്. സംഭാഷണത്തിനിടെ ഇരുനേതാക്കളും ലോകത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി. പരസ്പര സഹകരണം ഉറപ്പാക്കുകയും ചെയ്തതെന്നാണ് റിപ്പോർട്ട്. മെക്‌സിക്കോയും ക്യൂബയും തമ്മിൽ മികച്ച ബന്ധമുണ്ടായിരുന്നെങ്കിലും ക്യൂബൻ ആരോഗ്യപ്രവർത്തകരെ ഇതിന് മുൻപ് മെക്‌സിക്കോ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. അയൽരാജ്യമായ അമേരിക്ക ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ക്യൂബയുടെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തെ അമേരിക്ക സ്ഥിരമായി എതി‌ർക്കുന്നുമുണ്ട്. നേരത്തെ കൊവിഡ് രൂക്ഷമായി ബാധിച്ച ഇറ്റലി അടക്കമുള്ള രാജ്യങ്ങളിലേക്ക് ക്യൂബ ആരോഗ്യപ്രവർത്തകരെ അയച്ചിരുന്നു.

 ക്യൂബ വികസിപ്പിക്കുന്നത് അഞ്ച് വാക്സിൻ

അതേസമയം നിലവിൽ ക്യൂബ അഞ്ച് വാക്‌സിനുകൾ വികസിപ്പിക്കുന്നുണ്ട്. അബ്ഡല, സോബറാന 2, സോബറാന 1, സോബറാന പ്ലസ്, മംബീസ എന്നിവയാണത്. ഇവയിൽ രണ്ടെണ്ണം മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയ ശേഷം മനുഷ്യരിൽ കുത്തിവയ്ക്കാൻ ഒരുങ്ങുകയാണ്. സോബറാന 2 കൊവിഡിനെതിരെ മികച്ച ഫലം നൽകുമെന്നാണ് പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. സൊറബാന 2ന്റെ അന്തിമ പരീക്ഷണം പൂർ‌ത്തിയാകാനുണ്ട്. ഇത് വിജയമായാൽ സ്വന്തമായി വാക്‌സിന്‍ വികസിപ്പിച്ച ഏക ലാറ്റിനമേരിക്കന്‍ രാജ്യമാകും ക്യൂബ. മെക്‌സിക്കോയും അര്‍ജന്റീനയുമടക്കമുള്ള രാജ്യങ്ങൾ ക്യൂബയെ വാക്സിനായി സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.