റയൽ മാഡ്രിഡും ചെൽസിയും ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിയിൽ 1-1ന് സമനിലയിൽ പിരിഞ്ഞു
മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ മുൻ ചാമ്പ്യന്മാരായ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിനെ 1-1ന് സമനിലയിൽ തളച്ച് ഇംഗ്ളീഷ് ക്ളബ് ചെൽസി. റയലിന്റെ തട്ടകത്തിലാണ് ആദ്യ പാദം നടന്നത്. 14–ാം മിനിട്ടിൽ ക്രിസ്റ്റ്യൻ പുലിസിച്ച് നേടിയ ഗോളിലൂടെ ചെൽസിയാണ് ആദ്യം മുന്നിലെത്തിയിരുന്നത്. മിന്നുന്ന ഫോമിൽ തുടരുന്ന ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ 29–ാം മിനിട്ടിൽ ഉജ്ജ്വലമായൊരു ഗോളിലൂടെ റയലിന് സമനില സമ്മാനിച്ചു. പിന്നീട് ഒരു മണിക്കൂറോളം ഇരുടീമുകളും പൊരുതിയെങ്കിലും സ്കോർ ബോർഡ് ചലിപ്പിക്കുവാനായില്ല.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത് ചെൽസിയാണ്. നിർഭാഗ്യം കൊണ്ടാണ് അവർക്ക് വിജയം നേടാൻ കഴിയാതെ പോയത്. രണ്ടാം ഗോൾ നേടാൻ ചെൽസിക്ക് ലഭിച്ച അവസരങ്ങളിൽ നിന്ന് റയൽ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.
ജർമൻ താരം ടിമോ വെർണർ മികച്ചൊരു അവസരം പാഴാക്കിയതിനു പിന്നാലെയാണ് പുലിസിച്ചിലൂടെ ചെൽസി ലീഡ് നേടിയത്. റയൽ ഗോൾകീപ്പർ തിബോ കുർട്ടോ മാത്രം മുന്നിൽ നിൽക്കെ വെർണർ തൊടുത്ത ഷോട്ട് കുർട്ടോ തടുത്തിട്ടു. ഈ പന്ത് കടന്നെടുത്ത റുഡിഗറിന്റെ പാസ് സ്വീകരിച്ച് റയൽ ബോക്സിനുള്ളിൽ കുർട്ടോയെയും വീഴ്ത്തിയാണ് പുലിസിച്ച് ചെൽസിക്ക് ലീഡ് സമ്മാനിച്ചത്. പന്തു കൈക്കലാക്കാൻ കയറിയെത്തിയ കുർട്ടോയെ വെട്ടിയൊഴിഞ്ഞും ഗോൾലൈനിൽ നിൽപ്പുറപ്പിച്ച രണ്ട് റയൽ പ്രതിരോധനിരക്കാരെ കാഴ്ചക്കാരാക്കിയും ലക്ഷ്യം കണ്ട പുലിസിച്ചിന്റെ പ്രകടനം വിസ്മയകരമായിരുന്നു.
സെർജിയോ റാമോസിന്റെ അഭാവത്തിൽ ക്യാപ്ടന്റെ ആംബാൻഡ് അണിഞ്ഞ മാർസലോ പുറത്തുനിന്ന് ചെൽസി ബോക്സിലേക്ക് ഉയർത്തിവിട്ട പന്ത് ഉയർന്നുചാടിയ ഏദർ മിലിറ്റാവോ ഹെഡ് ചെയ്ത് ബോക്സിന്റെ നടുവിലേക്കിട്ടു. ചെൽസി പ്രതിരോധത്തിന്റെ മധ്യത്തിലുണ്ടായിരുന്ന ബെൻസേമ പന്ത് തലകൊണ്ട് വരുതിയിലാക്കി തകർപ്പൻ അക്രോബാറ്റിക് ഷോട്ടിലൂടെ അത് വലയിലെത്തിച്ച് കളി സമനിലയിലാക്കി.
റയലിന്റെ തട്ടകത്തിൽ ഒരു ഗോളടിക്കാൻ കഴിഞ്ഞതോടെ എവേ ഗോളിന്റെ ആനുകൂല്യം ചെൽസിക്ക് ലഭിച്ചു.രണ്ടാം പാദത്തിൽ ഗോൾ രഹിത സമനില ആയാൽ ചെൽസിക്ക് ഫൈനലിലെത്താനാകും.
മേയ് അഞ്ചിന് ചെൽസിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിജിലാണ് രണ്ടാം പാദ സെമി പോരാട്ടം നടക്കുന്നത്.