ഐ.പിഎലിൽ 5000 റൺസ് തികയ്ക്കുന്ന ആറാമത്തെ ബാറ്റ്സ്മാനായി റോയൽചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്‌സ്. ചൊവ്വാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരേ 22 റൺസെടുത്തപ്പോഴാണ് 5000 റൺസ് തികച്ചത്. അക്‌സർ പട്ടേലിനെ സിക്‌സ്പറത്തിക്കൊണ്ടാണ് നാഴികക്കല്ല് പിന്നിട്ടത്.
വിരാട് കൊഹ്‌ലി (6041), സുരേഷ് റെയ്‌ന (5472), ശിഖർ ധവാന്‍ (5462), രോഹിത് ശർമ (5431), ഡേവിഡ് വാർണർ (5390) എന്നിവരാണ് ഐ.പി.എലിൽ നേരത്തേ 5000 റൺസെടുത്തത്.
ഐ.പി.എല്ലിൽ 5000 റൺസ് മറികടക്കുന്ന രണ്ടാമത്തെ മാത്രം വിദേശ താരമാണ് ഡിവില്ലിയേഴ്‌സ്. സൺറൈസേഴ്‌സിന്റെ ആസ്‌ട്രേലിയൻ താരമായ ഡേവിഡ് വാർണർ ആണ് ഈ നേട്ടത്തിലെത്തിയ ആദ്യ വിദേശി.
2008-ൽ ഡൽഹി ഡെയർഡെവിൾസിലൂടെയാണ് ഡിവില്ലിയേഴ്സ് ഐ.പി.എൽ കളിച്ചുതുടങ്ങിയത്. 2011 ൽ ബാംഗ്ലൂരിലെത്തി.
175 മത്സരങ്ങളിൽ നിന്ന് 5053 റൺസാണ് ഡിവില്ലിയേഴ്സിന്റെ സമ്പാദ്യം.ഇതിൽ മൂന്നു സെഞ്ച്വറികളും 40 അർദ്ധസെഞ്ച്വറികളുമുണ്ട്.133 നോട്ടൗട്ടാണ് ഉയർന്ന സ്കോർ.
152.70 ആണ് സ്ട്രൈക്ക് റേറ്റ്.ബാറ്റിംഗ് ശരാശരി 41.08.
3309
ഏറ്റവും കുറച്ചു പന്തുകൾ നേരിട്ട് 5000 കടന്ന ബാറ്റ്സ്മാൻ എന്ന റെക്കാഡ് ഡിവില്ലിയേഴ്സിനുള്ളതാണ്.
245
സിക്സുകളും 406 ഫോറുകളും ഡിവില്ലിയേഴ്സ് ഐ.പി.എല്ലിൽ നേടിയിട്ടുണ്ട്.
Mr. 360
ക്രീസിൽ ഏതളവുവരെയും വളഞ്ഞും പുളഞ്ഞും തിരിഞ്ഞും മറിഞ്ഞും ഷോട്ടുകൾ പായിക്കാനുള്ള ഡിവില്ലിയേഴ്സിന്റെ കഴിവ് അദ്ദേഹത്തിന് Mr. 360 എന്ന വിളിപ്പേര് ചാർത്തി നൽകിയിട്ടുണ്ട്.ബൗണ്ടറി ലൈനിന് അരികിലെ ഡൈവിംഗ് ക്യാച്ചുകളുടെയും ആശാനാണ്.
37
വയസാണ് ഡിവില്ലിയേഴ്സിന്.ഈ പ്രായത്തിലും കളിക്കളത്തിൽ ഇടിമിന്നലാകാൻ ഇദ്ദേഹത്തിന് കഴിയുന്നു. 2018ൽ ദേശീയ ടീമിൽ നിന്ന് വിരമിച്ചതാണ്. എന്നാൽ ഈ വർഷത്തെ ലോകകപ്പിൽ ഡിവില്ലിയേഴ്സ് തിരിച്ചെത്തുമെന്ന് ശ്രുതിയുണ്ട്.
400+
2014 മുതലുള്ള എല്ലാ ഐ.പി.എൽ സീസണുകളിലും 400ൽ കൂടുതൽ റൺസ് ഡിവില്ലിയേഴ്സ് സ്കോർ ചെയ്തിട്ടുണ്ട്.