യങ്കൂൺ: മ്യാൻമർ സൈന്യത്തിന്റെ തായ്‌ലൻഡ് അതിർത്തിയോടു ചേർന്നുള്ള താവളം കാരെൻ ഒളിപ്പോരാളികൾ പിടിച്ചെടുത്ത് തീയിട്ട് നശിപ്പിച്ചെതെന്ന് റിപ്പോർട്ട്. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സൈനികകേന്ദ്രം ആക്രമിച്ചതെന്ന് കാരെൻ നാഷണൽ യൂണിയൻ വക്താവ് പദോ സോ തോ നീ അറിയിച്ചു. കൂടുതൽ സ്വയംഭരണാധികാരം നേടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് വംശീയ ന്യൂനപക്ഷങ്ങളിലൊന്നായ കാരെന്റെ സൈനികവിഭാഗമാണ് കാരെൻ നാഷണൽ ലിബറേഷൻ ആർമി. സർക്കാരിനെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചപ്പോൾ മുതൽ സൈന്യത്തിനെതിരെ പോരാട്ടത്തിൽ കാരെൻ സംഘം മുന്നിലുണ്ട്.
സൈനികത്താവളം പിടിച്ചെടുത്തത് സംബന്ധിച്ച് സർക്കാർ പ്രതികരിച്ചിട്ടില്ല. എന്നാൽ, കാരെൻ സായുധ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്രാമങ്ങളിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് സൈന്യം വ്യോമാക്രമണം നടത്തി. മേഖലയിൽ സൈനികവിന്യാസം വർദ്ധിപ്പിച്ചിട്ടുമുണ്ട്. കൂടുതൽ ഏറ്റുമുട്ടലുകൾക്ക് സൈന്യം തയ്യാറെടുക്കുന്നുവെന്നാണ് സൂചന.
അതേസമയം, വടക്കൻ മ്യാൻമറിലെ ഏതാനും സർക്കാർ കേന്ദ്രങ്ങൾ പിടിച്ചെടുത്തതായി കച്ചിൻ ന്യൂനപക്ഷവും അവകാശപ്പെടുന്നുണ്ട്.