മനില: അഞ്ചാം വയസിൽ ആരംഭിച്ച പെർസിവൽ ലുഗ്വെക്കിന്റെ കളിപ്പാട്ട പ്രേമം ഇന്നും ശക്തമായി തുടരുന്നുണ്ട്. 50 വയസുകാരനും ഫിലിപ്പൈൻസ് സ്വദേശിയുമായ ലുഗ്വെയുടെ കൈയ്യിൽ ഇപ്പോൾ 20,000ത്തോളം കളിപ്പാട്ടങ്ങളുണ്ട്. മക്ഡൊണാൾഡ്സ്, ബർഗർ കിംഗ്, ഫിലിപ്പൈൻസിലെ പ്രമുഖ റെസ്റ്റോറന്റായ ജോളിബീ എന്നിവിടങ്ങളിൽ നിന്നാണ് ലുഗ്വെക്ക് കളിപ്പാട്ടം ശേഖരിക്കുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വീട്ടിലെ ഒരു മുറിയുടെ സീലിംഗ് വരെ കുന്നുകൂടി കിടക്കുകയാണ് കളിപ്പാട്ടങ്ങൾ. 2014ൽ കളിപ്പാട്ട ശേഖരണം 10,000 തികഞ്ഞപ്പോൾ അദ്ദേഹത്തിന് ഗിന്നസ് റെക്കോഡും ലഭിച്ചിരുന്നു.
ചെറുപ്പം മുതലേ, സ്വന്തം കളിപ്പാട്ടങ്ങൾ സൂക്ഷിച്ച്വയ്ക്കാനും മനോഹരമായി പ്രദർശിപ്പിക്കാനും ലുഗ്വെ ശ്രദ്ധിച്ചിരുന്നു. 1988ൽ മാതാവ് സമ്മാനമായി നൽകിയ ജോളിബി ചൈനിന്റെ ചിഹ്നമായ 'ഹെറ്റി സ്പഘെറ്റി'പ്രതിമയാണ് ലുഗ്വെയുടെ ഏറ്റവും
ഇഷ്ടപ്പെട്ടതും നിധി പോലെ സൂക്ഷിക്കുന്നതുമായ കളിപ്പാട്ടം.
കളിപ്പാട്ടം ഒരു കഥാകാരനെപ്പോലെയാണ്. ഉദാഹരണത്തിന്, എന്റെ കൈയ്യിലുള്ള ഒാരോ കളിപ്പാട്ടവും അത് എനിക്ക് എപ്പോഴാണോ ലഭിച്ചത് ആ പ്രത്യേക കാലഘട്ടത്തിന്റെ കാഴ്ച അവ നൽകുന്നു. അവ എന്റെ കൈയ്യിൽ എത്തിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ എന്തൊക്കെയാണെന്ന് മനസിലേക്ക് ഒാടിയെത്തും. മറ്റുള്ളവർക്ക് അവരുടെ ബാല്യകാല ഓർമ്മകളിലേക്ക് തിരിച്ചുപോകാൻ അവസരം നൽകുന്നതിന് ഒരു മ്യൂസിയം തുറക്കുക എന്നതാണ് ഇപ്പോൾ എന്റെ ആഗ്രഹം - ലുഗ്വെക്ക് പറയുന്നു.