
തിരുവനന്തപുരം: കേന്ദ്രത്തിനു നൽകുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങൾക്കും വാക്‌സിൻ ലഭിക്കുമെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വില ഈടാക്കാനാണ് കേന്ദ്രം അനുവാദം നൽകിയിരിക്കുന്നത്.18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്‌സിൻ കൊടുക്കാവുന്ന വിധത്തിൽ വാക്‌സിൻ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കൽ കൂടി ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
18 നും 45 നും ഇടയിലുള്ളവർക്ക് രണ്ടു ഡോസ് വാക്‌സിൻ സൗജന്യമായി തന്നെ നൽകാൻ ഇന്നു ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാക്‌സിൻ നിർമ്മാതാക്കളായ രണ്ടു സ്ഥാപനങ്ങളുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും. കൊവിഷീൽഡും കൊവാക്സിനുമാണ് ഇവർ ഉത്പാദിപ്പിക്കുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് ഒരു കോടി ഡോസ് വാക്‌സിൻ ഈ കമ്പനികളിൽ നിന്ന് വില കൊടുത്തു വാങ്ങാനാണ് തീരുമാനം.
എല്ലാവർക്കും സൗജന്യ വാക്‌സിൻ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 70 ലക്ഷം ഡോസ് വാങ്ങാൻ 294 കോടി ചെലവാകും. 400 രൂപയാണ് ഡോസിന് അവർ ഈടാക്കുന്ന വില. പുറമെ അഞ്ചു ശതമാനം ജിഎസ്ടിയും വരും. ഭാരത് ബയോടെകിൽ നിന്ന് 600 രൂപ നിരക്കിൽ ജിഎസ്ടിയടക്കം 30 ലക്ഷം വാങ്ങാൻ 189 കോടി രൂപ ചെലവ് വരും. വാക്‌സിൻ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓർഡർ കൊടുക്കുക.
കേന്ദ്രസർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിന്റെ ഭാഗമായി 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ഉത്പാദകരിൽ നിന്നും വാക്‌സിൻ സംസ്ഥാനങ്ങൾ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ്. ഈ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടതാണ്. എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകണം. ഇത് പുതിയ സാഹചര്യമല്ല. ഇതേവരെ പല വാക്‌സിൻ നൽകിയിട്ടുണ്ട്. പലതും കേന്ദ്രം നൽകിയതാണ്. അത് സൗജന്യമായാണ് സംസ്ഥാനങ്ങൾ ആളുകൾക്ക് നൽകിയത്. ഈയൊരു കാര്യത്തിൽ മാത്രം വാക്‌സിന് വില ഈടാക്കുന്നത് തീർത്തും അനുചിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.