ലണ്ടൻ: കൊവിഡ് വ്യാപനത്തിന്റെ ഭീകരതയിൽ അകപ്പെട്ട ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ചാൾസ് രാജകുമാരൻ. കൊവിഡ് ബാധിച്ച് ദുരിതമനുഭവിക്കുന്നവർ തന്റെ ചിന്തകളിലും പ്രാർത്ഥനകളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലാരെൻസ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് തനിക്ക് ഇന്ത്യയോടുളള സ്‌നേഹം ചാൾസ് വ്യക്തമാക്കിയിരിക്കുന്നത്.
എനിക്ക് ഇന്ത്യയോട് വളരെയധികം സ്‌നേഹമുണ്ട്. രാജ്യത്തേക്ക് നടത്തിയ പല വിനോദയാത്രകളും നന്നായി ആസ്വദിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയിൽ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ മറ്റുളളവരെ സഹായിച്ചതുപോലെ ഇപ്പോൾ മറ്റുളളവര്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നാം ഒന്നിച്ച് ഈ യുദ്ധത്തിൽ വിജയിക്കും - ചാൾസ് പറഞ്ഞു.
ഇന്ത്യയ്ക്ക് പിന്തുണ നൽകണമെന്ന് ചാൾസ് സ്ഥാപിച്ച ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് അടിയന്തര അഭ്യർത്ഥന നടത്തിയിട്ടുണ്ട്.ട്രസ്റ്റിനെ പിന്തുണച്ച് ബ്രിട്ടീഷ് ഇന്റർനാഷണൽ ഡോക്ടേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡിന്റെ അതിഭീകര പ്രഭാവം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടിട്ടുണ്ടെന്നും എന്നാൽ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും മോശപ്പെട്ട ഒന്നാണെന്നും ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹിതൻ മേത്ത പറയുന്നു.
ഇന്ത്യയിലെ കൊവിഡ് സ്ഥിതി ഭയപ്പെടുത്തുന്നതാണ്. ഇതിനേക്കാൾ ഭീകരമായ സാഹചര്യമാണ് വരാനിരിക്കുന്നതെന്നാണ് നാം ആശങ്കപ്പെടുന്നത്. അത്യാവശ്യമായ പിന്തുണ എത്രയും വേഗം ഇന്ത്യക്ക് ലഭ്യമാക്കുക എന്നുള്ളതാണ് ഇപ്പോൾ നമുക്ക് ചെയ്യാൻ കഴിയുന്നത് - ഹിതൻ പറഞ്ഞു.