ന്യൂഡൽഹി: കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഒരു ലക്ഷം പോർട്ടബിൾ ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങാനും 500 പുതിയ പി.എസ്.എ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനും കേന്ദ്രസർക്കാർ തീരുമാനം. പിഎം കെയർ ഫണ്ടിൽ നിന്നാകും ഇതിനായുളള തുക ചെലവഴിക്കുക. കൊവിഡ് മാനേജ്മെന്റിനായി ദ്രവ മെഡിക്കൽ ഓക്‌സിജൻ വിതരണം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
1 lakh portable oxygen concentrators will be procured, 500 more PSA oxygen plants sanctioned from PM-CARES. This will improve access to oxygen, specially in district HQs and Tier-2 cities. https://t.co/oURX74RYt1
— Narendra Modi (@narendramodi) April 28, 2021
ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ എത്രയും വേഗം വാങ്ങണമെന്നും ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട സംസ്ഥാനങ്ങളിൽ ഇവ എത്രയും വേഗം ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. പിഎം കെയേഴ്സ് ഫണ്ടിനു കീഴിൽ നേരത്തെ അനുവദിച്ച 713 പിഎസ്‌എ പ്ലാന്റുകൾക്ക് പുറമേയാണ് ഇപ്പോൾ 500 പുതിയ ഓക്‌സിജൻ പ്ലാന്റുകൾ കൂടി അനുവദിച്ചിരിക്കുന്നത്.
പി.എസ്.എ പ്ലാന്റുകൾ ജില്ലാ ആസ്ഥാനങ്ങളിലെയും ടയർ 2 നഗരങ്ങളിലെയും ആശുപത്രികളിൽ ദ്രവ മെഡിക്കൽ ഓക്‌സിജൻ വിതരണം വർദ്ധിപ്പിക്കും. ഡി.ആർ.ഡി.ഒയും സി.എസ്.ഐ.ആറും വികസിപ്പിച്ച തദ്ദേശീയ സാങ്കേതിക വിദ്യ ആഭ്യന്തര നിർമ്മാതാക്കൾക്ക് കൈമാറും. ഇതുപയോഗിച്ചാകും 500 പി.എസ്.എ പ്ലാന്റുകൾ സ്ഥാപിക്കുക. പ്ലാന്റുകൾ സ്ഥാപിക്കുന്നതിലൂടെയും പോർട്ടബിൾ ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങുകയും ചെയ്യുന്നതിലൂടെ നിലവിലെ ഓക്‌സിജൻ ക്ഷാമം ഒരു പരിധിവരെ കുറയ്ക്കാനാകും.
നമുക്ക് ചുറ്റുമുളള വായുവിൽ നിന്നും ഓക്‌സിജൻ നിർമ്മിക്കുന്ന യന്ത്രമാണ് ഓക്‌സിജൻ കോൺസെൻട്രേറ്റർ. ഒരു കമ്പ്യൂട്ടർ മോണിറ്ററിനെക്കാൾ വലുപ്പം കുറവാണ് ഇവയ്ക്ക്. ഓക്‌സിജൻ തെറാപ്പിയുടെ ഭാഗമായി ഏറ്റവും ആവശ്യമുളളതാണിവ. ഹോം ഐസൊലേഷനിലും ആശുപത്രിയിലുമുളളവർക്ക് ഒരുപോലെ ആവശ്യമാണിത്.
അന്തരീക്ഷത്തിൽ 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്‌സിജനും മറ്റ് വാതകങ്ങൾ ഒരു ശതമാനവുമാണ്. ഈ വായു വലിച്ചെടുത്ത് അതിൽ നിന്നും നൈട്രജൻ നീക്കി 90 മുതൽ 95 ശതമാനം വരെ ശുദ്ധമായ ഓക്‌സിജൻ ഓക്‌സിജൻ കോൺസെൻട്രേറ്റർ പുറത്തുവിടുന്നു. 24 മണിക്കൂറും, ആഴ്‌ചയിൽ ഏഴ് ദിവസവും പ്രവർത്തിപ്പിക്കാവുന്ന യന്ത്രമാണിത്. അഞ്ച് വർഷം വരെ ഇവ പ്രവർത്തിക്കും.
ഓക്‌സിജൻ സിലിണ്ടർ വഴി നൽകുന്ന ഓക്‌സിജൻ 99 ശതമാനവും ശുദ്ധമാണ്. ഇവയുടെയത്ര വരില്ലെങ്കിലും ചെറിയ രോഗ ലക്ഷണമുളളവർക്കും 85 ശതമാനത്തിന് മുകളിൽ ഓക്‌സിജൻ നിലയുളള കൊവിഡ് രോഗികൾക്കും ഇവ നൽകാം. എന്നാൽ ഐ.സി.യുവിൽ കഴിയുന്ന അതീവ ഗുരുതരാവസ്ഥയിലുളളവർക്ക് നൽകാൻ കഴിയില്ല. ഒരു ഓക്‌സിജൻ കോൺസെൻട്രേറ്റർ ഉപയോഗിച്ച് രണ്ട് രോഗികൾക്ക് സഹായം എത്തിക്കാൻ കഴിയും. എന്നാൽ ഇത് ചിലപ്പോൾ നിലവിലെ സാഹചര്യത്തിൽ അണുബാധയ്‌ക്ക് കാരണമാകുമെന്നതിനാൽ വിദഗ്ദ്ധർ ഈ രീതി ഇന്ത്യയിൽ അനുവദിക്കുന്നില്ല.