
ഒട്ടാവ: കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയ്ക്ക് 74 കോടി രൂപയുടെ സഹായം കൈമാറുമെന്ന് പ്രഖ്യാപിച്ച് കാനഡ. 10 മില്യൺ ഡോളറിന്റെ സഹായം എത്തിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് കനേഡിയൻ വിദേശകാര്യമന്ത്രി മാർക്ക് ഗാർണോ ഇന്ത്യൻ വിദേശകാര്യമന്ത്രി
എസ്.ജയശങ്കറുമായി സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മരുന്നുകൾ ഉൾപ്പെടെ ഇന്ത്യയ്ക്ക് സാദ്ധ്യമായ എല്ലാ സഹായവും നൽകും. കനേഡിയൻ റെഡ് ക്രോസ് വഴി ഇന്ത്യൻ റെഡ് ക്രോസിനായിരിക്കും പണം കൈമാറുകയന്നും ട്രൂഡോ പറഞ്ഞു.
ഇന്ത്യയിൽ ആംബുലൻസ് സർവീസുകൾ ശക്തിപ്പെടുത്താനും പി.പി.ഇ കിറ്റുകൾ വാങ്ങാനും ഈ പണം പ്രയോജനപ്പെടും. ഇന്ത്യയ്ക്ക് അടിയന്തര സഹായം എത്തിക്കണമെന്നുള്ളവർക്ക് കനേഡിയൻ റെഡ് ക്രോസ് വഴി പണം നൽകാമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നു. ഇന്ത്യയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള ദുരിതപൂർണമായ ചിത്രങ്ങൾ കണ്ട് കാനഡയിലുള്ളവർ ഏറെ ദുഃഖത്തിലാണ്. നമ്മുടെ സുഹൃത്തുക്കളെ അവിടെയെത്തി സഹായിക്കേണ്ടതുണ്ടെന്ന് നമുക്കറിയാം. ലോകത്തുള്ള എല്ലാവർക്കുമായി നമുക്ക് അവിടെ എത്തേണ്ടതുണ്ട്. എല്ലാവരെയും രക്ഷിച്ചുവെന്ന് ഉറപ്പാക്കുന്നതുവരെ മഹാമാരിയിൽ നിന്ന് നാം കരകയറിയെന്ന് പറയാൻ സാധിക്കില്ല - ട്രൂഡോ വ്യക്തമാക്കി.