narayan-dabhalkar

നാഗ്‌പൂർ: നാല്‍പ്പതുകാരനായ കൊവിഡ് രോഗിക്കുവേണ്ടി ആശുപത്രി കിടക്ക ഒഴിഞ്ഞുകൊടുത്ത 85 കാരന്‍ വീട്ടിലെത്തിയതിനു പിന്നാലെ മരിച്ചു. യുവാവായ കൊവിഡ് രോഗിയ്ക്കായി നാഗ്‌പൂർ സ്വദേശിയായ നാരായണ്‍ ദബാല്‍ക്കറാണ് വീട്ടിലെത്തി മൂന്നു ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ദിവസങ്ങള്‍ക്ക് മുന്‍പാണ് നാഗ്‌പൂരിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദബാൽക്കർ ആര്‍.എസ്.എസ് അംഗമാണ്.

നാല്‍പ്പതുകാരനെ അഡ്മിറ്റ് ചെയ്യണമെന്ന് ഭാര്യ ആശുപത്രി അധികൃതകരോട് അപേക്ഷിക്കുന്നത് കണ്ടാണ് ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കാതെ ഇദ്ദേഹം കിടക്ക ഒഴിഞ്ഞുകൊടുത്തത്. എനിക്കിപ്പോൾ ഇപ്പോള്‍ 85 വയസായി. തന്റെ ജീവിതം താന്‍ ജീവിച്ചുതീര്‍ത്തു. ഒരു യുവാവിന്റെ ജീവൻ രക്ഷിക്കുന്നത് കൂടുതൽ പ്രധാനമാണ്. ഇയാളുടെ കുട്ടികളാവട്ടെ വളരെ ചെറുപ്പവുമാണ്. അതുകൊണ്ട് ദയവായി എന്റെ കിടക്ക അദ്ദേഹത്തിന് നല്‍കൂ എന്ന് ദബോല്‍ക്കര്‍ ഡോക്ടറോട് പറയുകയായിരുന്നു.

കിടക്ക ഒഴിഞ്ഞുകൊടുത്തതിന് ശേഷം ഇദ്ദഹം മകളെ വിളിച്ച് ആശുപത്രിയിലെ വിവരങ്ങള്‍ അറിക്കുകയായിരുന്നു. ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞതിന് പിന്നാലെ ഏപ്രില്‍ 22നാണ് അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ പരിശ്രമങ്ങൾക്ക് ശേഷമാണ് തങ്ങള്‍ക്ക് ഒരു കിടക്ക ലഭിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തി. അവസാനനിമിഷങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അച്ഛന്‍ പറഞ്ഞതായും മകൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.