yogi-adityanath

അമേഠി: ട്വിറ്ററിലൂടെ ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യപ്പെട്ട യുവാവിനെതിരെ ക്രിമിനല്‍ കേസ്. ഉത്തര്‍പ്രദേശിലെ അമേഠി പൊലീസാണ് യുവാവിനെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്. സമൂഹത്തിലെ സമാധാനന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ തെറ്റായ വിവരം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് നടപടി.

തിങ്കളാഴ്ച വൈകുന്നേരമാണ് ശശാങ്ക് യാദവ് എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറിനു വേണ്ടിയുള്ള ആവശ്യം വന്നത്. എന്നാൽ ആർക്കുവേണ്ടിയാണെന്നോ എന്തിനുവേണ്ടിയാണെന്നോ തുടങ്ങിയ കാര്യങ്ങളൊന്നും ട്വീറ്റിൽ വിശദമാക്കിയിരുന്നില്ല. ഈ ട്വീറ്റ് ചലചിത്രതാരം സോനു സൂദിന് ടാ​ഗ് ചെയ്യുകയും ചെയ്തിരുന്നു. ഇത് പലരും പങ്കുവയ്ക്കുകകൂടി ചെയ്തതോടെ ട്വീറ്റ് അമേഠി എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

Need oxygen cylinder asap @SonuSood
Plz sir

— shashank yadav (@shashankdy999) April 26, 2021

ശശാങ്കിലേക്കിലേക്കെത്താൻ കേന്ദ്രമന്ത്രി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ അവർ വിവരം ജില്ലാ മജിസ്ട്രേറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും അമേഠി പൊലീസിനോട് ആളെ കണ്ടെത്താനും സഹായിക്കാനും ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് തന്റെ ബന്ധുവിന് വേണ്ടിയാണ് ട്വീറ്റ് ചെയ്തതെന്ന് അറിയുന്നത്. ബന്ധുവിന് 88 വയസുണ്ടായിരുന്നുവെന്നും കൊവിഡ് രോഗിയായിരുന്നില്ലെന്നും ഓക്‌സിജന്‍ സിലിണ്ടറിന്‍റെ ആവശ്യമുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. ബന്ധു മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും പൊലീസ് വ്യക്തമാക്കി.

तत्काल संपर्क किया तो जानकारी हुई कि इनके चचेरे भाई के नाना 88 वर्षीय थे, न उन्हें COVID था, न ऑक्सीजन की चिकित्सीय परामर्श थी। रात 8 बजे उनकी मृत्यु हार्ट अटैक से हुई। इस समय सोशल मीडिया पर इसप्रकार की समाज मे भय पैदा करने वाली पोस्ट डालना निन्दनीय ही नहीं, कानूनी अपराध भी है।

— AMETHI POLICE (@amethipolice) April 27, 2021

ബന്ധുവിന് കൊവിഡാണെന്ന് ശശാങ്ക് തന്റെ ട്വീറ്റിലും പറഞ്ഞിട്ടില്ല. അതേസമയം ബന്ധുവിനെ അടുത്തുളള പൊതുജനാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിട്ടില്ലെന്നും ഓക്‌സിജന്‍ അപര്യാപ്തതമൂലമോ കൊവിഡ് കാരണമോ അല്ല രോ​ഗി മരിച്ചതെന്നും ചീഫ് മെഡിക്കൽ ഓഫീസർ അശുതോഷ് ദുബെ പറഞ്ഞു. ഓക്‌സിജന്‍ ലഭ്യത സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.