vaccination-

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനായുള്ള മാർഗരേഖ പുതുക്കി സർക്കാ‍ർ. രണ്ടാം ഡോസ് വാക്സിനായി കാത്തിരിക്കുന്നവർക്ക് മുൻഗണന നൽകുന്നതാണ് പുതിയ മാർഗരേഖ. ഇത്തരക്കാർക്ക് ഇനി ഓൺലെെൻ രജിസ്ട്രേഷൻ ചെയ്യേണ്ടതില്ല. ഇവർക്ക് ഇനിമുതൽ സ്പോട്ട് രജിസ്ട്രേഷൻ ആയിരിക്കും.

കൊവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച് ആറു മുതൽ എട്ട് ആഴ്ച കഴിഞ്ഞവർക്കും കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് നാലു മുതൽ ആറു ആഴ്ച കഴിഞ്ഞവർക്കുമാകും പുതിയ മാർ​ഗരേഖ പ്രകാരം മുൻഗണന നൽകുക. സ്പോട് അലോട്മെന്റ് വഴിയാകും വാക്സിൻ നൽകുക. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും മാർഗരേഖ വ്യക്തമാക്കുന്നു. ഇവർക്ക് വാക്സിനേഷൻ നൽകിയ ശേഷമാകും ഓൺലൈൻ ബുക്ക് ചെയ്യാൻ സ്ലോട്ട് നൽകുക.

അതേസമയം 18 മുതൽ 45 വയസിന് ഇടയിലുള്ളവർക്കുളള വാക്സീനേഷൻ രജിസ്റ്റർ ചെയ്യാൻ തുറന്നു കൊടുത്ത കോവിൻ പോർട്ടലിൽ ആദ്യ മൂന്നു മണിക്കൂറിൽ 80 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. ഇവർക്കുളള വാക്സിനേഷൻ മേയ് ഒന്നു മുതലാകും ആരംഭിക്കുക. എന്നാൽ സ്ലോട്ടുകൾ ലഭിക്കുന്നത് സംസ്ഥാന സർക്കാരിനെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇപ്പോൾ സ്ലോട്ടുകൾ ലഭ്യമായില്ലെങ്കിൽ വീണ്ടും ക്ഷമയോടെ ശ്രമിക്കണമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.