covid-vaccine

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ വില കുറയ്ക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. ജിഎസ്ടി ഒഴിവാക്കാനാണ് നീക്കം. നിലവിൽ അഞ്ചുശതമാനം ജിഎസ്ടിയാണ് വാക്‌സിന് ചുമത്തുന്നത്. നേരത്തെ വാക്‌സിന് കസ്റ്റംസ് നികുതി വേണ്ടെന്നുവച്ചിരുന്നു.

കൊവിഡ് വാക്സിനുകളുടെ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നിവർക്ക് നേരത്തെ കേന്ദ്ര സർക്കാർ കത്തെഴുതിയിരുന്നു. മഹാമാരി സമയത്ത് മരുന്നിന് വില കൂട്ടി, കമ്പനി ലാഭം കൊയ്യുന്നെന്ന വിമർശനം ശക്തമായതിന് പിന്നാലെയായിരുന്നു നടപടി.

കൊവിഷീൽഡിന്റെ ഒരു ഡോസിന് സംസ്ഥാന സർക്കാരിന് 400 രൂപയും, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയുമാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില. ഐ.സി.എം.ആറുമായി ചേർന്ന് ഇന്ത്യയിൽ തന്നെ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിൻ സംസ്ഥാനങ്ങൾക്ക് ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കുമാണ് നൽകുന്നത്.


അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ മൂന്നേ മുക്കാൽ ലക്ഷം കടന്നു. തുടർച്ചയായ ഏഴാം ദിവസമാണ് മൂന്ന് ലക്ഷത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 3600 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ രണ്ട് ലക്ഷം പിന്നിട്ടു.