inhouse-drug-bank

തിരുവനന്തപുരം: തലസ്ഥാനത്ത് പാവപ്പെട്ട രോഗികളുടെ അത്താണിയായി എസ്.എ.ടി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻഹൗസ് ഡ്രഗ് ബാങ്കിന്റെ പ്രവർത്തനം നിലച്ചു. രാജ്യത്തെ ആദ്യ മോഡേൺ ഫാർമസിയായി മാറുന്നതിന്റെ ഭാഗമായി ഡ്രഗ് ബാങ്കിന് പുതിയ ആസ്ഥാന മന്ദിരം പണിയുകയാണ്. അതുവരെ എസ്.എ.ടി ആശുപത്രിയിലെ അടച്ചിട്ടിരിക്കുന്ന ഡോർമിറ്ററിയിലെ ഒരു ഭാഗത്ത് ഓഫീസിന്റെ പ്രവർത്തനം മാറ്റാനായിരുന്നു ഡ്രഗ് ഹൗസ് അധികൃതർക്ക് ആശുപത്രി സൂപ്രണ്ട് നൽകിയ നിർദേശം.

കോർപ്പറേഷനെ പുതുക്കി പണിയാൻ ഏൽപ്പിച്ച ഡോർമിറ്ററി രണ്ടര വർഷത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, ഇൻ ഹൗസ് ഡ്രഗ് ബാങ്കിന്റെ പ്രവർത്തനം ഡോർമിറ്ററിയിലേക്ക് മാറ്റിയത് മെഡ‌ിക്കൽ കോളേജ് വാർഡ് കൗൺസിലറായ ഡി.ആർ. അനിൽ എതിർക്കുകയായിരുന്നു. കോർപ്പറേഷനെ പുതുക്കി പണിയാൻ ഏൽപ്പിച്ച കെട്ടിടം ഞങ്ങൾ തിരിച്ച് ഏൽപ്പിച്ചില്ലല്ലോ പിന്നെ എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത് എന്നായിരുന്നു കൗൺസിലറുടെ ചോദ്യമെന്ന് അധികൃതർ പറയുന്നു.

ഡ്രഗ് ബാങ്കിന്റെ പ്രവർത്തനം നിർത്താനുളള ഇടപെടൽ ആശുപത്രി സൂപ്രണ്ട് നേരെ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അറിയിച്ചു. ആരോഗ്യമന്ത്രിയുടെ വിളി നേരിട്ട് മേയർ ആര്യാ രാജേന്ദ്രനുമെത്തി. ഡ്രഗ് ഹൗസ് തത്ക്കാലത്തേക്ക് ഡോർമിറ്ററി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് മാറിയിരിക്കുകയാണെന്നും അവരെ ശല്യപ്പെടുത്തരുതെന്നും ആരോഗ്യമന്ത്രി മേയറെ അറിയിച്ചു.

അതേസമയം, ഇന്നലെ വൈകുന്നേരത്തോടെ കൗൺസിലർ സംഘമായെത്തി ഡ്രഗ് ഹൗസിന്റെ പ്രവർത്തനം തടസപ്പെടുത്തിയെന്നാണ് ജീവനക്കാർ പറയുന്നത്. ജീവനക്കാരെ ഡ്രഗ് ബാങ്കിൽ നിന്നിറക്കി വിട്ട് ഓഫീസ് താഴിട്ട് പൂട്ടുകയായിരുന്നു. ഇന്ന് ഓഫീസ് തുറക്കാനാവാതെ നിസഹായ അവസ്ഥയിൽ നിൽക്കുകയാണ് ജീവനക്കാർ.

കൗൺസിലറുടെ പിടിവാശി കാരണം ഓഫീസ് അടച്ചതോടെ സർക്കാർ ആശുപത്രിയിലേക്കുളള മരുന്ന് വിതരണം മൊത്തത്തിൽ നിലച്ചിരിക്കുകയാണെന്നാണ് ഡ്രഗ് ഹൗസ് ജീവനക്കാർ പറയുന്നത്. അടിയന്തര ശസ്‌ത്രക്രിയക്ക് വേണ്ടിയുളള സാമഗ്രികൾ വരെ വിതരണം ചെയ്യാനാവാത്ത അവസ്ഥയിലാണ്. കൊവിഡ് സമയത്ത് കുറഞ്ഞ വിലയ്ക്ക് മാസ്‌കും സാനിറ്റൈസറും അടക്കം വിതരണം ചെയ്യുന്ന ഡ്രഗ് ബാങ്കിന്റെ പ്രവർത്തനം നിലച്ചത് സർക്കാർ ആശുപത്രികളെ വലച്ചിരിക്കുകയാണ്. പതിനെട്ട് ലക്ഷം രൂപ മുടക്കി ആശുപത്രിയും കോർപ്പറേഷനും ചേർന്ന് നിർമ്മിച്ച കെട്ടിടം 54 ലക്ഷം മുടക്കി പുതുക്കുന്നതിനാണ് കാലങ്ങളായി പൂട്ടിയിട്ടിരുന്നത്.

കെട്ടിടം കൈമാറാൻ സാധിക്കില്ല

'ഡോർമിറ്ററിക്ക് അകത്ത് മരുന്നുകളൊന്നും ഉണ്ടായിരുന്നില്ല. അവിടെ ഇൻഹൗസ് ഡ്രഗ് ബാങ്ക് പ്രവർത്തിച്ചിരുന്നില്ല. ടി.എൻ സീമ എം.പിയായിരുന്ന സമയത്ത് പണിത കെട്ടിടത്തിലേക്കാണ് ഡ്രഗ് ഹൗസിന്റെ പ്രവർത്തനം മാറ്റാൻ പറഞ്ഞിരുന്നത്. കെട്ടിടം അവർക്ക് കൊടുക്കാനായി കോർപ്പറേഷന് സാധിക്കില്ല. കെട്ടിടം വൃത്തിയാക്കിയ ശേഷം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി കൈമാറുകയാണ്. ഈ സമയത്ത് അതാണ് ഏറ്റവും ആവശ്യം.'

കൗൺസിലർ

ഡി.ആർ അനിൽ