covid-india

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി റെക്കോ‌ഡുകൾ സൃഷ്‌ടിക്കുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,79,257 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 3645 മരണങ്ങളും റിപ്പോർട്ട് ചെയ‌്തു. ഇതോടുകൂടി കൊവിഡ് വന്ന് മരിച്ചവരുടെ എണ്ണം 2,04,832 ആയി.

രാജ്യത്തെ ഓക്‌സിജൻ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി യുകെയിൽ നിന്ന് 120 ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ഇന്ന് രാവിലെ എത്തി. റഷ്യയിൽ നിന്നും അത്യാധുനിക ആരോഗ്യസംവിധാനങ്ങൾ ഉൾപ്പെടുന്ന ഉപകരണങ്ങൾ അടങ്ങിയ രണ്ട് വിമാനങ്ങൾ ഇന്ത്യയിൽ എത്തിച്ചേർന്നിട്ടുണ്ട്. 20 ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, 75 വെന്റിലേറ്ററുകൾ, 150 ബിസൈഡ് മോണിറ്ററുകൾ, മരുന്നുകൾ എന്നിവയാണ് എത്തിയത്.

അമേരിക്കയും ഇന്ത്യയ‌്‌ക്ക് സഹായം വാഗ്‌ദ്ധാനം ചെ‌യ്‌തുകഴിഞ്ഞു. 100 മില്യൺ ഡോളറിന്റെ മെഡിക്കൽ ഉപകരണങ്ങളാണ് വരുംദിവസങ്ങളിൽ അമേരിക്കയിൽ നിന്നും ലഭ്യമാവുക. തായ്‌വാൻ അടക്കമുള്ള രാജ്യങ്ങളും സഹായമെത്തിക്കും.

അതേസമയം മഹാരാഷ്‌ട്ര, കേരളം, കർണാടക, ഉത്തർ‌പ്രദേശ്, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ തോത് മാറ്റമില്ലാതെ തുടരുകയാണ്.