robbery

ഇടുക്കി: വിവാഹദിവസം വരനെ കാണാതായതിനെ തുടർന്ന് വിവാഹം മുടങ്ങിയ സംഭവത്തിലെ വരൻ, മോഷ്‌ടിച്ച ബൈക്കുമായി പിടിയിൽ. ഇടുക്കി പൂച്ചാക്കൽ ചിറയിൽ ജെസിമിനെയാണ് (28) രാജകുമാരിയിൽ നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 21നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ മരിക്കുകയും ചെയ്‌തിരുന്നു.

ഇതോടെ ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൂച്ചാക്കൽ പൊലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇയാൾ കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂർ, തമിഴ്നാട്ടിലെ കമ്പം, മധുര, പൊളളാച്ചി, തൃച്ചി, കോയമ്പത്തൂർ, ഊട്ടി, കർണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചതായി പൊലീസ് കണ്ടെത്തി. പിടിക്കാതിരിക്കാൻ നാലു തവണ ഫോണും സിംകാർഡും മാറ്റിയെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം, തന്നെയാരോ തട്ടിക്കൊണ്ടുപോയതാണെന്ന് പറഞ്ഞുളള ശബ്‌ദസന്ദേശം ജെസിം കൂട്ടുകാർക്ക് അയച്ചിരുന്നു. വിവാഹത്തിന് താത്‌പര്യമില്ലാത്തതു കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന ശബ്‌ദസന്ദേശമിട്ടത് പൊലീസിനെ കബളിപ്പിക്കാനാണെന്നും ജെസിം മൊഴി നൽകി. തൃപ്പൂണിത്തുറ, കണ്ണൂർ, തിരുവല്ല എന്നിവിടങ്ങളിൽനിന്ന് പ്രതി ബൈക്കുകൾ മോഷ്‌ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.