bengal

കൊൽക്കത്ത: എട്ടാംഘട്ട പോളിംഗ് പുരോഗമിക്കുന്ന പശ്ചിമബംഗാളിൽ ഭേദപ്പെട്ട പോളിംഗ്. 9.30 വരെയുള‌ള കണക്കനുസരിച്ച് രണ്ടര മണിക്കൂറിൽ 16 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്ത് മുൻ ഘട്ടങ്ങളിലെപ്പോലെ ഇന്നും അക്രമ സംഭവങ്ങൾ അരങ്ങേറുകയാണ്. 84 ലക്ഷം വോട്ടർമാരാണ് ഇന്ന് വോട്ടിംഗ് അവകാശം വിനിയോഗിക്കുക. മാൾഡ, മുർഷിദാബാദ്, ബിർഭും, കൊൽക്കത്ത എന്നിവിടങ്ങളിൽ ഇന്നാണ് വിധിയെഴുത്ത്.

ബോളിവുഡ് സൂപ്പർതാരം മിഥുൻ ചക്രവർത്തി കൊൽക്കത്തയിലെ കാശിപൂർ ബെൽഗാചിയ പോളിംഗ് ‌സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. പശ്ചിമ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകറും ഭാര്യ സുദേശ് ധൻകാറും കൊൽക്കത്തയിൽ വോട്ട് രേഖപ്പെടുത്തി. ഇതിനിടെ ബഹ്‌റാംപൂരിൽ കേന്ദ്രസേന വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഇവിടെ ദൗലത്താബാദ് പൊലീസ് സജീവമായി രംഗത്തില്ലെന്നും പാർട്ടി ആരോപിച്ചു. മുർഷിദാബാദിൽ ബൂത്ത് ഏജന്റുമാരെ സി.ആർ.പി.എഫ് ഭീഷണിപ്പെടുത്തുന്നതായും തൃണമൂൽ കോൺഗ്രസ് പരാതിപ്പെടുന്നു.

ഇതിനിടെ ബൈക്കിലെത്തിയ രണ്ടുപേർ ജൊറസാങ്കോ പൊലീസ് സ്‌റ്റേഷനു മുന്നിൽ ബോംബെറിഞ്ഞു. സ്ഥലത്ത് വോട്ട് ചെയ്യാനെത്തിയവരെ വിരട്ടി ഓടിക്കാനാണ് അക്രമികൾ ബോംബെറിഞ്ഞതെന്ന് ജൊറസാങ്കോ മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥി വിവേക് ഗുപ്‌ത ആരോപിച്ചു. പോളിംഗും അക്രമ സംഭവങ്ങളും അരങ്ങേറുന്ന ബംഗാളിൽ കൊവിഡും ശക്തമായി തുടരുകയാണ്. ബംഗാളിൽ 17,207 പുതിയ കേസുകളാണ് ബുധനാഴ്‌ച മാത്രം റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്തെ ഏ‌റ്റവും ഉയർന്ന പ്രതിദിന കണക്കായിരുന്നു ഇത്.