kodakara

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസിൽ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർ എസ് എസ് ബന്ധമുണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. ധർമരാജൻ ആർ എസ് എസുകാരനാണെന്ന് സമ്മതിച്ചുവെന്നും ഇയാൾക്ക് പണം നൽകിയവരെ കുറിച്ച് വ്യക്തമായി അറിയില്ലെന്നും അന്വേഷിച്ചുവരികയാണെന്നും തൃശൂർ എസ് പി ജി പൂങ്കുഴലി മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രതികളിൽനിന്ന് കണ്ടെടുത്ത പണം പരാതിയിൽ പറഞ്ഞതിലേറെയുണ്ട്. അതിനാൽ എത്രരൂപയാണ് തട്ടിയെടുത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. ധർമരാജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യത്തിലും വ്യക്തത വരണം. കൂടുതൽപേരെ വിളിച്ചുവരുത്തി ചോദ്യംചെയ്‌തു കൊണ്ടിരിക്കുകയാണെന്നും എസ് പി വിശദീകരിച്ചു.

അതേസമയം, ധർ‌മരാജന് പണം നൽകിയത് യുവമോർച്ച നേതാവ് സുനിൽ നായിക്കാണെന്ന മൊഴിയും പുറത്തുവന്നു. ഇദ്ദേഹം യുവമോർച്ച മുൻ ട്രഷറർ ആണ്. സുനിലിനെ പൊലീസ് ചോദ്യം ചെയ്‌തുവെന്നാണ് വിവരം. ഇതോടെ കേസിൽ ബി ജെ പി നേതൃത്വത്തിന് മറുപടി പറയേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.

കോഴിക്കോട്ടെ അബ്കാരിയായ ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു പരാതി. ധർമരാജനും ഡ്രൈവർ ഷംജീറുമാണ് സംഭവത്തിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഏഴുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. അഞ്ച് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.