കാക്കനാട്: വൈഗ കൊലക്കേസിൽ മാതാവ് രമ്യയേയും കേസിലെ പ്രതിയും പിതാവുമായ സാനുമോഹനെയും ഒരുമിച്ചിരുത്തി ഒൻപത് മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്തത്.തൃക്കാക്കര അസി. കമ്മിഷണർ ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
സാനു മോഹന്റെ വെളിപ്പെടുത്തലുകൾ കേട്ട് ചോദ്യം ചെയ്യലിനിടയിൽ പല തവണ രമ്യ പൊട്ടിക്കരഞ്ഞു. എന്നാൽ സാനുമോഹൻ നിർവികാരനായിരുന്നു.ഭർത്താവിന്റെ പണമിടപാടുകളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് രമ്യ പൊലീസിനോട് പറഞ്ഞു.
കൊലയ്ക്ക് മുൻപ് സംഭവിച്ച കാര്യങ്ങളും സാനുമോഹൻ വെളിപ്പെടുത്തി. ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലേക്ക് വരുന്ന വഴി അരൂരിൽനിന്ന് വൈഗയ്ക്ക് അൽഫാമും കൊക്കൊകോളയും വാങ്ങിക്കൊടുത്തുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കോളയിൽ മദ്യം ചേർത്ത് നൽകിയതിനാലാവാം വൈഗയുടെ രക്തത്തിൽ മദ്യത്തിന്റെ അംശം കാണാനിടയായതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ, മദ്യം നൽകിയിട്ടില്ലെന്നാണ് പ്രതി പറയുന്നത്.
'നമുക്ക് മരിക്കാമെന്ന് പറഞ്ഞപ്പോൾ വൈഗ എതിർത്തില്ല.അമ്മ എന്തു ചെയ്യുമെന്നായിരുന്നു ചോദ്യം.സോഫയിൽ ഇരുത്തിയാണ് വൈഗയെ കൈലി കൊണ്ട് മൂടിപ്പുതച്ചു ചുറ്റി വരിഞ്ഞത്.ശ്വാസം മുട്ടിയപ്പോൾ പിടഞ്ഞു ചാടിയെഴുന്നേറ്റു.ബലം പ്രയോഗിച്ച് സോഫയിൽ തന്നെ ഇരുത്തി 10 മിനിറ്റ് കഴിഞ്ഞപ്പോൾ നിശ്ചലമായി'- സാനുമോഹൻ പറഞ്ഞു.